മാനന്തവാടി-തോൽപ്പെട്ടി നരിക്കല്ല് പുതിയപുരയിൽ പരേതനായ തങ്കരാജുവിന്റെ ഭാര്യ സുമിത്രയുടെ(63)മരണം കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകൾ ഇന്ദിരയുടെ സുഹൃത്ത് തമിഴ്‌നാട് തിരുവണ്ണാമല ഉപ്പുകോട്ട സ്വദേശി മുരുകനെ(42)തിരുനെല്ലി പോലീസ് എസ്.എച്ച്.ഒ ജി.വിഷ്ണു അറസ്റ്റുചെയ്തു. ഞായറാഴ്ച രാവിലെയാണ് സുമിത്രയെ കട്ടിലിൽ തലയടിച്ചുവീണ് രക്തംവാർന്ന നിലയിൽ വീട്ടിൽ കണ്ടെത്തിയത്. മകൻ ബാബു ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അമ്മയെ വീട്ടിൽ തലയടിച്ച് വീണ നിലയിൽ കാണുകയായിരുന്നുവെന്നാണ് ബാബു പോലീസിനെ അറിയിച്ചത്. എന്നാൽ തലയ്ക്കുള്ള ക്ഷതവും കഴുത്തിനേറ്റ പരിക്കുമാണ് മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇതേത്തുടർന്നു ഡിവൈ.എസ്.പി പി.എൽ.ഷൈജുവിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുമിത്ര കൊല്ലപ്പെടുകയായിരുന്നുവെന്ന് വ്യക്തമായത്.
വിദേശത്ത് ഇന്ദിര ജോലി ചെയ്യുന്ന സ്ഥലത്ത് ഡ്രൈവറായിരുന്നു മുരുകൻ. സൗഹൃദത്തിലായ ഇവർ നാട്ടിലെത്തിയശേഷം ഒരുമിച്ചായിരുന്നു താമസം. ഇന്ദിര ജൂണിൽ വിദേശത്തേക്ക് തിരിച്ചുപോയി. ഇതിന് ശേഷം മുരുകൻ സുമിത്രയ്ക്കും മകൻ ബാബുവിനും ഇന്ദിരയുടെ രണ്ട് മക്കൾക്കും ഒപ്പം നരിക്കല്ലിലായിരുന്നു താമസം. വീട്ടിൽനിന്നു ഒഴിവാക്കാൻ സുമിത്ര ശ്രമിച്ചതിലുള്ള വിരോധമാണ് കൊലപ്പെടുത്താൻ പ്രേരണയായതെന്നാണ് മുരുകൻ പോലീസിന് മൊഴി നൽകിയത്. സുമിത്രയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം കട്ടിലിലേക്ക് തള്ളിയിടുകയായിരുന്നു. കൃത്യം നടക്കുമ്പോൾ ബാബു വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവം കണ്ടിട്ടില്ലെന്നാണ് ഇന്ദിരയുടെ മക്കൾ പോലീസിന് മൊഴി നൽകിയത്.