Sorry, you need to enable JavaScript to visit this website.

ഗള്‍ഫില്‍ നിന്നെത്തിയ മകന്‍ വന്നു വിളിച്ചപ്പോള്‍ പോയിരുന്നെങ്കില്‍ ആ ഇരട്ടക്കൊലപാതകം നടക്കില്ലായിരുന്നു

കൊല്ലപ്പെട്ട അബ്ദുല്ല, ജമീല, പ്രതി അക്മല്‍

തൃശൂര്‍ - കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്ന് വന്ന മകന്‍ നൗഷാദ് വൃദ്ധരായ തന്റെ മാതാപിതാക്കളെ താന്‍ പുതുതായി പണി കഴിപ്പിച്ച വീട്ടിലേക്ക് താമസത്തിനായി കൊണ്ടു പോകാനാണ് ഞായറാഴ്ച രാത്രി തറവാട്ട് വീട്ടില്‍ എത്തിയത്. നൗഷാദ് ഏറെ നിര്‍ബന്ധിച്ചിട്ടും ബാപ്പ അബ്ദുല്ലയും (75) ഉമ്മ ജമീലയും(64) നൗഷാദിനൊപ്പം പോയില്ല. ശരീരത്തിന് നല്ല സുഖമില്ലാത്തതിനാല്‍ നാളെ വരാമെന്നായിരുന്നു ഇവരുടെ മറുപടി. അത് സമ്മതിച്ച് നൗഷാദ് രാത്രി തന്റെ വീട്ടിലേക്ക് പോയി. പിറ്റേ ദിവസം ഇവര്‍ക്ക് പ്രഭാത ഭക്ഷണവുമായി എത്തിയപ്പോള്‍ കണ്ടത് ചോരിയില്‍ കുളിച്ച് ജീവനറ്റ് കിടക്കുന്ന ഉമ്മയെയും ബാപ്പയെയുമായിരുന്നു. ഗള്‍ഫില്‍ നിന്ന് അവധിക്കെത്തി കുറച്ചു ദിവസമെങ്കിലും മാതാപിതാക്കളോടൊപ്പം കഴിയാന്‍ കൊതിച്ചിരുന്ന നൗഷാദിന് ആ കാഴ്ച താങ്ങാവുന്നതിലപ്പുറമായിരുന്നു. സ്വന്തം സഹോദരിയുടെ മകനാണ് ഈ ക്രൂര കൃത്യം ചെയ്തതെന്ന് അറിഞ്ഞപ്പോഴേക്കും തളര്‍ന്നു പോയിരുന്നു നൗഷാദ്. താന്‍ വിളിച്ചപ്പോള്‍ കൂടെ വിന്നിരുന്നെങ്കില്‍ ബാപ്പയും ഉമ്മയും ഇപ്പോഴും കൂടെയുണ്ടാകുമായിരുന്നെന്ന് പറഞ്ഞ് വിലപിക്കുകയാണ് നൗഷാദ്.
വടക്കേക്കാട് വൈലത്തൂര്‍ അണ്ടിക്കോട്ട്കടവ് പനങ്ങാവില്‍ അബ്ദുള്ള (75) ഭാര്യ ജമീല(64) എന്നിവരാണ് ഇന്നലെ ദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ പേരക്കുട്ടി മുന്ന എന്ന അക്മലി (27) നെ വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. താനാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. മയക്കുമരുന്നിന് അടിമയായ അക്മല്‍ പണം  ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാതിരുന്നതിനാണ് ഇരുവരെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മംഗലാപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
അബ്ദുള്ള -ജമീല ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്ത മകള്‍ നിമിതയുടെ ആദ്യ വിവാഹത്തിലെ മകനാണ് അക്മല്‍. ഇയാള്‍ ചെറുപ്പം മുതലെ അബ്ദുള്ളയോടും ജമീലയോടുമൊപ്പമാണ് താമസിച്ചിരുന്നത്.  മക്കളെല്ലാം വിദേശത്തായിരുന്നതിനാല്‍ ഇവര്‍ മൂന്നുപേരും മാത്രമാണ് വര്‍ഷങ്ങളായി സംഭവം നടന്ന വീട്ടില്‍ താമസിച്ചിരുന്നത്. പഠനത്തിനായി ബെംഗളൂരില്‍ പോയി വന്നതിന് ശേഷമാണ് അക്മല്‍ ലഹരിക്ക് അടിമയായതെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.
ബെംഗളൂരില്‍ നിന്ന് നാട്ടില്‍ വന്നതിനുശേഷം അക്മല്‍ പണം ചോദിച്ച് ഇവരുമായി എന്നും വഴക്കിടാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയിലും വഴക്കിട്ടിരുന്നു. പത്ത് ലക്ഷം വേണമെന്നാവശ്യപ്പെട്ടായിരുന്നു വഴക്കെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഈ വിവരം മക്കള്‍ക്കും ബന്ധുക്കള്‍ക്കും അറിയാമായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഇത്രയും നാളും നോക്കി വളര്‍ത്തിയ അബ്ദുല്ലയെയും ജമീലയെയും അക്മല്‍ ഇത്രയും ക്രൂരമായി കൊല്ലുമെന്ന് അവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും വൈലത്തൂരിലെ ഗ്രാമവാസികള്‍ ഇനിയും മോചിതരായിട്ടില്ല.

 

Latest News