തിരുവനന്തപുരം - മുട്ടില്‍ മരം മുറി നടത്തിയത് പട്ടയ ഭൂമിയില്‍ നിന്നാണെന്നും കേസില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍. വനം ഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്ന വാര്‍ത്ത ശരിയല്ല. മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്ന് തന്നെയെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അന്വേഷണം ഫലപ്രദമാണ്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിച്ചത്. ഇതിന്റെ കുടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം മരംമുറിക്കേസിലെ പ്രതികള്‍ക്കെതിരെ ഭൂവുടമകളായ ആദിവാസികളും രംഗത്തെത്തി. മരം മുറിക്കാന്‍ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഭൂവുടമകളായ തങ്ങളെ പ്രതികള്‍ സമീപിച്ചത്. എന്നാല്‍ മരംമുറിക്കാനായി ഒരിടത്തും അപേക്ഷ നല്‍കിയിരുന്നില്ല. പേപ്പറുകള്‍ എല്ലാം ശരിയാക്കാമെന്നാണ് കേസിലെ പ്രതികള്‍ പറഞ്ഞത്. അപേക്ഷയില്‍ കാണിച്ച ഒപ്പുകള്‍ ഞങ്ങളുടേത് അല്ല. പേപ്പറുകള്‍ ശരിയാക്കാന്‍ കൂടുതല്‍ പണം വേണമെന്നതിനാല്‍ മരത്തിന് കുറഞ്ഞ വിലയെ നല്‍കാനാകൂ എന്ന് പ്രതികള്‍ പറഞ്ഞുവെന്നും ആദിവാസികള്‍ വെളിപ്പെടുത്തി.