ആലപ്പുഴ- ജില്ലയിലെ സി.പി.എമ്മിൽ വീണ്ടും ലൈംഗിക പീഡന പരാതി. ആലപ്പുഴ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അംഗമായ സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. ഏരിയ കമ്മിറ്റി പരാതി സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.
പാർട്ടി അംഗമായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥന് എതിരെയാണ് പരാതി. വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാമെന്നും ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ വരാമെന്നും സമയം അറിയിച്ചാൽ മതിയെന്നുമാണ് ഇയാൾ യുവതിയോട് പറഞ്ഞത്. ഇതിനെതിരെ പരാതി പറഞ്ഞപ്പോൾ ചില നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുമായി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ ഒരു മുതിർന്ന നേതാവ് തന്നെ മടക്കി അയച്ചുവെന്നും സ്ത്രീ പറയുന്നു. ആലപ്പുഴയിലെ രണ്ട് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ട ശേഷം അഡ്‌ഹോക് സമിതിയാണ് നിലവിലുള്ളത്.