തിരുവനന്തപുരം- ഹൈന്ദവ മതത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ പരാതി നല്‍കി ബി ജെ പി. എറണാകുളത്ത് കുന്നത്തുനാട് മണ്ഡലത്തില്‍ വിദ്യാജ്യോതി-സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യവേ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ബി ജെ പി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ എസ് രാജീവ് പരാതി നല്‍കിയത്. ഷംസീറിന്റെ പ്രസംഗം ഹിന്ദു ദൈവ സങ്കല്‍പ്പങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണെന്ന് പരാതിയില്‍ പറയുന്നു. യുക്തിചിന്ത വളര്‍ത്തുകയാണ് എന്ന വ്യാജേന ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ഗണപതിയെന്ന ഹൈന്ദവ ആരാധനാമൂര്‍ത്തി കേവലം മിത്ത് മാത്രമാണ് എന്ന് ഷംസീര്‍ പ്രസംഗിച്ചു. കുട്ടികളുടെ മുന്നില്‍ വെച്ചാണ് പ്രസംഗിച്ചതെന്ന് ഗൗരവതരമാണ്. ഷംസീര്‍ മുസ്ലീം മത വിശ്വാസിയാണ്. ഹിന്ദു ദേവതാ സങ്കല്‍പ്പങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ഹിന്ദു മതത്തേയും വിശ്വാസത്തേയും അവഹേളിക്കാനും മതവിദ്വേഷം പ്രചരിപ്പിക്കാനും വിവിധ മതസ്ഥര്‍ തമ്മില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനും ലക്ഷ്യം വെച്ചാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.