Sorry, you need to enable JavaScript to visit this website.

ബംഗാൾ തൊഴിലാളിയുടെ മരണം മൂന്നംഗ സംഘത്തിന്റെ മർദമേറ്റെന്ന് റിപ്പാർട്ട് 

മർദനമേറ്റ് മരിച്ച മണിക്

കൊല്ലം- ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഞായറാഴ്ചയാണ് ബംഗാൾ സ്വദേശി മണിക് റോയി(32) ജോലിസ്ഥലത്തു കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
മൂന്നാഴ്ച മുമ്പ് ബൈക്കിലെത്തിയ സംഘം മർദിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്നാണ്  തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. 
സംഭവത്തിൽ കേസെടുത്ത അഞ്ചൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മറ്റൊരാളെ തിരയുകയാണെന്നും പോലീസ് അറിയിച്ചു. 
അഞ്ചൽ പനയഞ്ചേരിയിൽ വർഷങ്ങളായി കുടുംബത്തോടെ വാടകയ്ക്കു താമസിക്കുന്ന് മണിക്കിന് ജൂൺ 24നു വൈകിട്ടാണ്  മർദനമേറ്റത്. രണ്ടു ബൈക്കുകളിലെത്തിയ മൂന്ന് പേരാണ് മർദിച്ചതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
വീട്ടിലേക്കു കോഴിയുമായി വരുന്നതിനിടെ അതു മോഷണമുതലാണെന്നു പറഞ്ഞു മൂന്നംഗ സംഘം പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. നൽകാതായതോടെ മുഖത്തും തലയിലും മർദിച്ചു. ചോരയൊലിപ്പിച്ചു റോഡിൽ കിടന്ന മണിക്കിനെ നാട്ടുകാർ ഇടപെട്ടാണ് ആശുപത്രിയിലെത്തിച്ചത്. 
ആശുപത്രി വിട്ട മണിക് പിന്നീട് ജോലിക്ക് പോയിരുന്നെങ്കിലും ആരോഗ്യം മോശമാവുകയായിരുന്നു. തലയ്ക്കു ക്ഷതമേറ്റെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമാകാത്തതാണു മരണകാരണമെന്നും ആക്ഷേപമുണ്ട്.  
 

Latest News