മാനന്തവാടി - മാനന്തവാടി തോല്‍പെട്ടി നരിക്കല്ലില്‍ വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകനെയടക്കം ചോദ്യം ചെയ്തുവരികയാണ്. നരിക്കല്ലിലെ പുതിയ പുരയില്‍ പരേതനായ തങ്കരാജുവിന്റെ ഭാര്യ സുമിത്ര ആണ് ഇന്നലെ രാവിലെ മരിച്ചത്. വീട്ടില്‍ തലയടിച്ച് വീഴുകയാണുണ്ടായതെന്ന് പറഞ്ഞ് സുമിത്രയെ മകന്‍ ബാബുവാണ് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും സുമിത്ര മരിച്ചിരുന്നു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കും കഴുത്തിനുമേറ്റ പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. സാധാരണ വീഴ്ചയില്‍ സംഭവിക്കുന്ന പരിക്കല്ല ഇവര്‍ക്കുണ്ടായിരുന്നത്. ഇതോടെ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. മാനന്തവാടി ഡി വൈ.എസ്.പി പി.എല്‍. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.