ദോഹ- ഡാനിഷ് തലസ്ഥാനമായ കോപ്പൻഹേഗനിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പ് കത്തിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഖത്തർ. ഇതിനെ ശക്തമായി അപലപിക്കുന്നതായും ഈ ഹീനമായ സംഭവം ലോകത്തെ രണ്ട് ബില്യണിലധികം മുസ്‌ലിംകളുടെ പ്രകോപിപ്പിക്കുന്നതണെന്നും ഖത്തർ വിദേശകാര്യ മന്ത്രലയം പ്രസ്താവനയിൽ വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ വിശുദ്ധ ഖുർആനു നേരെ നടക്കുന്ന ആവർത്തിച്ചുള്ള അവഹേളനം സമൂഹത്തിൽ വിദ്വേഷവും അക്രമവും വളർത്തുകയും സമാധാനപരമായ സഹവർത്തിത്വത്തിന് ഭീഷണി ഉയർത്തുന്നതുമാണ്. ചിലരുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുകയും ചെയ്യന്നതാണ് ഇത്തരം നടപടികളെന്നും ഖത്തർ വിദേശകാരിയാ മന്ത്രലയം പ്രസ്താവനയിൽ വ്യക്തമാക്കി. വിശ്വാസം, വംശം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാത്തരം വിദ്വേഷ പ്രകടനങ്ങളും ഖത്തർ ഭരണകൂടം പൂർണമായും നിരസിക്കുന്നു. ഇസ്‌ലാമിനെതിരായ വിദ്വേഷ പ്രചാരണങ്ങളിലൂടെയും ഇസ്‌ലാമോഫോബിയയിലൂടെയും ലോക മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ചില പ്രവർത്തങ്ങൾ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വിദ്വേഷം, വിവേചനം, അക്രമം തുടങ്ങിയവ നിരസിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ചർച്ചയുടെയും പരസ്പര ധാരണയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത്തരം സന്ദർഭങ്ങൾ വ്യക്തമാക്കുന്നതെന്നും മന്ത്രലയം പ്രസ്താവിച്ചു. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾക്കുള്ള ഖത്തറിന്റെ പൂർണ പിന്തുണയും ചർച്ചയിലൂടെയും ധാരണയിലൂടെയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സ്ഥാപിക്കാനുള്ള താൽപര്യവും പ്രസ്താവനയിൽ വ്യക്തമാക്കി.