Sorry, you need to enable JavaScript to visit this website.

നൂറിന്റെ നിറവിൽ  ഈ കർമയോഗി

കരുവള്ളി മുഹമ്മദ് മൗലവി 

കേരളത്തിലെ ആദ്യ മുസ്‌ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടർ, പണ്ഡിതൻ,  പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, സാമൂഹിക പരിഷ്‌കർത്താവ്, ഭാഷാ സ്‌നേഹി, അധ്യാപക നേതാവ്, സംഘാടകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായ കരുവള്ളി മുഹമ്മദ് മൗലവിക്ക് നൂറ് വയസ്സ്. 
മലപ്പുറം കരിഞ്ചാപ്പാടിയാണ് കരുവള്ളിയുടെ ജന്മസ്ഥലം. തൊട്ടടുത്ത ഗ്രാമമാണ് കട്ടിലശ്ശേരി. ആ ഗ്രാമത്തിന്റെ പേര് വാനോളമുയർത്തിയത് സ്വാതന്ത്ര്യസമര സേനാനി കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ല്യാർ. കരിഞ്ചാപ്പാടിക്കും പറയാനുണ്ട് ധാരാളം കഥകൾ. ഒരു കാലഘട്ടത്തിലെ ഇതിഹാസ പുരുഷനായ കരുവള്ളി മുഹമ്മദ് മൗലവിയെ പറ്റി.കരിഞ്ചാപ്പാടി ഖത്തീബായിരുന്ന കരുവള്ളി ഹൈദർ മുസ്‌ല്യാരുടെയും കടുങ്ങപുരം കരുവടി കദീജയുടെയും പുത്രനായി 
1919 ഏപ്രിലിലാണ് ജനനം. പിതാവിന്റെ വിയോഗം നന്നേ ചെറുപ്പത്തിലായിരുന്നു. ഏക സഹോദരി ഫാത്തിമ രാമപുരം. പ്രാഥമിക പഠനത്തോടൊപ്പംപള്ളിദർസുകളിലെ നാനാവിധ കിത്താബുകൾ ഓതി.പുണർപ്പ യു പി സ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസം. അക്കാലത്ത് മലബാറിൽ ഉയർന്ന മാർക്കോടെയുള്ള വിജയിയായി കരുവള്ളി മുഹമ്മദ്. കേരളത്തിലെ ആദ്യ ബാച്ചിലെ എസ് എസ് എൽ സിക്കാരൻ എന്ന ബഹുമതി വേറെയും. കൊല്ലം നോർത്ത് ദാറുസ്സലാം അറബിക് കോളേജിൽ തുടർപഠനം. മദിരാശി നോർത്ത് ആർക്കാട് യൂനിവേഴ്‌സിറ്റിയിൽ ഉപരിപഠനം. 1938 ൽ മദ്രാസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് അഫ്ദലുൽ ഉലമ ബിരുദം നേടി. തുടർച്ചയായുള്ള കിതാബ് പഠനം. മാസാന്തം നാട്ടിലെത്തുമ്പോൾ തന്റെ പിതാവ് ഖത്തീബായ പള്ളിയിൽ ഖുതുബ നിർവ്വഹിക്കുന്നതും മൗലവി തന്നെ.കരുവള്ളി മൗലവി എന്ന പേരിലറിയപ്പെട്ടിരുന്ന ശുഭ്ര വസ്ത്രധാരിക്ക് വിശേഷണങ്ങൾ ഏറെ. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, ഉർദു, തമിഴ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം. സംസ്ഥാനത്തെ ആദ്യ 9 അറബി മുൻഷിമാരിൽ ഒരാളായിരുന്നു മൗലവി.
1940 ൽ പെരിന്തൽമണ്ണ ഗവ. ഹൈസ്‌കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിത തുടക്കം. പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ, തൃശൂർ ജില്ലയിലെ വലപ്പാട്, ചാവക്കാട്, കാസർകോട് എന്നിവിടങ്ങളിലും അധ്യാപകൻ. മുൻ ഗ്രാമവാസികൾക്ക് ഗൾഫ് നാട്  മൈസൂരിലെ കോലാറിലെ സ്വർണ ഖനിയായിരുന്ന കാലം. ഒരു വർഷം കോലാറിൽ പ്യൂൺ ആയി ജോലി ചെയ്ത് അക്കാലത്തെ കോലാർകാരനുമായി. മലപ്പുറം ഹൈസ്‌കൂളിൽ ഉറുദു അധ്യാപകനായി തിരിച്ച് നാട്ടിൽ. കാസർകോട് സ്‌കൂൾ ഇൻസ്‌പെക്ടറും മലപ്പുറം ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിലെ അറബി അധ്യാപകനുമായിരുന്നു.
1962 ൽ മുസ്ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടറായി.1974 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. കേരളപ്പിറവിയിൽ സംസ്ഥാനത്ത് ആകെ 17 അറബി അധ്യാപകർ മാത്രം. അറബി അധ്യാപകരെ സംഘടിപ്പിച്ച ആദ്യ വ്യക്തിയായിരുന്നു കരുവള്ളി മൗലവി. അന്നത്തെ ആദ്യ സംഘടനയുടെ അറബിക് പണ്ഡിറ്റ് യൂനിയൻ പ്രസിഡന്റ് മുഹമ്മദ് ഫാറൂഖി പ്രസിഡന്റും കരുവള്ളി മുഹമ്മദ് മൗലവി
സെക്രട്ടറിയും പ്രൊഫ. മങ്കട അബ്ദുൽ അസീസ് മൗലവി ജനറൽ സെക്രട്ടറിയുമായിരുന്നു. ഹൈസ്‌കൂളുകളിൽ മാത്രമുണ്ടായിരുന്ന അറബിക് പഠനം എൽ പി സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയക്ക് നിവേദനം നൽകി. തുടർന്ന് നൂറ് അറബി പഠനാർത്ഥികളുള്ള സ്‌കൂളിൽ ഒരു അറബി അധ്യാപകനെ നിയമിക്കാനുള്ള ഉത്തരവ് സർക്കാർ ഇറക്കി. 'കുട നന്നാക്കൽക്കാർക്കും വിറകു വെട്ടികൾക്കും സർക്കാർ ജോലി നൽകി' എന്ന അസംബ്ലിയിലെ പരിഹാസം വന്നത് പ്രസ്തുത ഉത്തരവ്.കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ പ്രഥമ അധ്യക്ഷനായ അദ്ദേഹം റിട്ടയർമെന്റിന് ശേഷം മലപ്പുറം കോട്ടപ്പടിയിൽ മൗലവി ആൻറ് കമ്പനി  എന്ന പേരിൽ ചായപ്പൊടിയുടെ മൊത്ത വ്യാപാരവും ചില്ലറ വിൽപനയും നടത്തിയിരുന്നു. പ്രസ്തുത സ്ഥാപനം അധ്യാപകരുടെയും സാമൂഹ്യ പരിഷ്‌കർത്താക്കളുടെയും സംഗമ കേന്ദ്രമായി മാറി. 
മുൻ മന്ത്രി പി പി ഉമ്മർകോയ, മുൻ പി എസ് സി ചെയർമാൻ ടി എം സാവാൻ കുട്ടി എന്നിവർ ഭാരവാഹികളായ എം ഇ എസിന്റെ വൈസ് പ്രസിഡന്റായിരുന്നു കരുവള്ളി മൗലവി.മലബാർ മുസ്ലിം അസോസിയേഷൻ, കാലിക്കറ്റ് മുസ്‌ലിം അസോസിയേഷൻ പ്രസിഡന്റ്, എം എസ് എസ് സംസ്ഥാന സമിതി ചെയർമാൻ, കെ എൻ എം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ, സലഫി വിദ്യഭ്യാസ ബോർഡ് സെനറ്റ് മെമ്പർ, ഇസ്ലാമിക് സെമിനാർ കൗൺസിൽ അംഗം, കേരള ജംഇയ്യത്തുൽ ഉലമ എക്ലിക്യുട്ടീവ് മെമ്പർ, ഇത്തിഹാദുൽ മുഅല്ലിമീൻ അറബിയ്യ അൽ മുതഖാഇദീൻ (ഇമാം) പ്രഥമ അദ്ധ്യക്ഷൻ എന്നീ പദവികൾ അലങ്കരിച്ചു.
കേരള വിദ്യാഭ്യസ വകുപ്പ് ടെക്‌സ്‌റ്റൈൽസ് ബുക്ക് പരിശോധന സമിതി മെമ്പർ, സർക്കാർ പരീക്ഷാ ബോർഡ് മെമ്പർ, ജില്ലാ സാക്ഷരതാ മിഷൻ അക്കാദമിക് ചെയർമാൻ,തുടർ വിദ്യാഭ്യാസ സമിതി ചെയർമാൻ, കരിക്കുലം വിജയഭേരി കമ്മിറ്റി അംഗം, വിദ്യാഭ്യാസ ജില്ലാ പ്ലാനിങ് മോണിറ്റിങ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. കൂടാതെ മലപ്പുറം ജില്ലാ അനാഥശാലാ ജനറൽ സെക്രട്ടറി, കരിഞ്ചാപ്പാടി സലഫി മസ്ജിദ് ഖാസി, ഖത്തീബ്, കടുങ്ങപുരം ഹൈസ്‌കൂൾ പിടിഎ പ്രസിഡന്റ്, കെ എൻ എം ജില്ലാ പ്രസിഡന്റ് തുടങ്ങി ഏഴ് പതിറ്റാണ്ടോളം മതസാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ
രംഗങ്ങളിൽ നിറഞ്ഞു നിന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെല്ലാം മൗലവിയുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്ലാം വിവിധ ഭൂഖണ്ഡങ്ങളിൽ, ശിർക്ക് എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ആദ്യ ഭാര്യ ആയിഷ നേരത്തെ മരണപ്പെട്ടു. അവരിൽ സന്താനങ്ങളില്ലായിരുന്നു. റിട്ടയർമെന്റിനടുത്ത് 1974 ലായിരുന്നു രണ്ടാം വിവാഹം. ഭാര്യ മറിയുമ്മ.മക്കൾ: ഷമീമ, നജിയ.മരുമക്കൾ: ഹനീഫ കോട്ടക്കൽ ക്ലാരി, ഷമീർ വേങ്ങര (എഞ്ചിനീയർ അബുദാബി).

Latest News