മലപ്പുറം- കേസിലുള്‍പ്പെട്ട പിതാവ് റിമാന്‍ഡ് തടവിലായതിന്റെ പേരില്‍ ബി.ഡി.എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ മകളെ കോളേജില്‍ പ്രവേശിക്കുന്നത് വിലക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവ് പി.എസ്.എം ഡെന്റല്‍ കോളേജിനെതിരെയാണ് കമ്മീഷന്‍ കേസെടുത്തത്. പ്രിന്‍സിപ്പല്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. എടപ്പാള്‍ തീയെറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്ത പ്രതി മൊയ്തീന്‍കുട്ടി കമ്മീഷനു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
മേയ് 12 നാണ് മൊയതീന്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. മേയ് 15 മുതല്‍ മകളെ കോളേജില്‍ പ്രവേശിക്കുന്നത് വിലക്കിയെന്ന് പരാതിയില്‍ പറയുന്നു. ക്ലാസില്‍ വരേണ്ടതില്ല, പരീക്ഷയ്ക്ക് മാത്രം വന്നാല്‍ മതിയെന്ന് പ്രിന്‍സിപ്പല്‍ ഭാര്യയെ ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ജൂണ്‍ 25-ന് മകള്‍ കോളേജില്‍ പരീക്ഷ ഫീസടയ്ക്കാന്‍ ചെപ്പോള്‍ കോളെജ് അധികൃതര്‍ വാങ്ങാന്‍ വിസമ്മതിക്കുകയും ആറും മാസം കഴിഞ്ഞ് പരീക്ഷ എഴുതിയാല്‍ മതിയെന്നു പറഞ്ഞ് മടക്കി അയച്ചുവെന്നും പരാതിയില്‍ പറയുന്നു. കുട്ടിക്ക് 12 ദിവസത്തെ ഹാജര്‍ കുറവുണ്ട്. അത് സാധൂകരിക്കുതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.
ഡിസംബറില്‍ മകളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും പരീക്ഷ എഴുതാന്‍ അവസരം നല്‍കി മകളുടെ ഭാവി രക്ഷിക്കാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. മഞ്ചേരി സബ് ജയില്‍ സുപ്രണ്ട് വഴിയാണ് മൊയ്തീന്‍ കുട്ടി മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയത്.