Sorry, you need to enable JavaScript to visit this website.

ഏക സിവിൽകോഡ്: മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി ബഹുജന സെമിനാർ 26ന്

കോഴിക്കോട് - മുസ്‌ലിം കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാർ ജൂലൈ 26ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ കണ്ടംകുളം ജൂബിലി ഹാളിൽ നടക്കും. 'ഏക സിവിൽ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ' എന്ന ശീർഷകത്തിലാണ് സെമിനാർ. കോ ഒർഡിനേഷൻ കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന സെമിനാർ പ്രമുഖ നിയമജ്ഞനും ഡി.എം.കെയുടെ ഉന്നത നേതാവും തമിഴ്‌നാട്  മന്ത്രിയുമായ അഡ്വ. മാ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും.

രാജ്യ താൽപര്യത്തിനെതിരായി ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായ ബഹുജന സംഗമമാണ് കോഴിക്കോട്ട് നടക്കുന്നത്. ഏക സിവിൽകോഡുമായി ബന്ധപ്പെട്ട ധ്രുവീകരണ അജണ്ടകളെ തുറന്നുകാട്ടുന്ന ചർച്ചകൾക്ക് സെമിനാർ വേദിയാകും.

ഏക സിവിൽ കോഡ് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും എല്ലാ വിഭാഗം ജനങ്ങളെയും ഇത് ബാധിക്കുമെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് മുസ്‌ലിം കോഓർഡിനേഷൻ കമ്മിറ്റി സെമിനാർ സംഘടിപ്പിക്കുന്നത്.

ഒരു ദേശീയ പ്രശ്‌നമെന്ന നിലയിൽ ഏക സിവിൽ കോഡിനെ സമീപിക്കാനും സമൂഹത്തിൽ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികൾക്കെതിരെ പ്രതിരോധം തീർക്കാനും സെമിനാർ ലക്ഷ്യമിടുന്നതായി സംഘാടകർ അറിയിച്ചു. ഇത് കേവലം ഒരു മുസ്‌ലിം പ്രശ്‌നമല്ലെന്നും രാജ്യത്തെയാകെ ബാധിക്കുന്നവിഷയമാണെന്നും  ബി.ജെ.പിയുടെ വംശീയ അജണ്ടയെ ചെറുത്തുതോൽപ്പിക്കാൻ രാജ്യം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നാണ് മുസ്‌ലിം കോ ഓർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെടുന്നത്.

ഈ ആവശ്യത്തിനായി മുഴുവൻ വിഭാഗങ്ങളെയും ചേർത്തുനിർത്താനാണ് കോഓർഡിനേഷൻ കമ്മിറ്റി ശ്രമിക്കുന്നത്. വിവിധ മുസ്‌ലിം സംഘടനാ നേതാക്കൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, മത മേലദ്ധ്യക്ഷൻമാർ സെമിനാറിൽ പങ്കെടുക്കും.

സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, നാസർ  ഫൈസി കൂടത്തായി, ശിഹാബ് പൂക്കോട്ടൂർ, ഇ.പി അഷ്‌റഫ് ബാഖവി, കെ.സജ്ജാദ്, സി. മരക്കാർ കുട്ടി, റഫീഖ് നല്ലളം, ടി.കെ ലത്വീഫ് ഹാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

Latest News