സമതലങ്ങളിൽ ജീവിക്കുന്ന, മണിപ്പൂരിന്റെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിൽ ഏറെ സ്വാധീനമുള്ള വിഭാഗങ്ങളാണ് മെയ്റ്റീസ്. സമീപകാലത്തായി അവരേറെക്കുറെ ഹൈന്ദവവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. ബി.ജെ.പിയുടെ ശക്തിയും അധികാരത്തിലെത്താൻ കാരണവും ഈ വിഭാഗങ്ങളാണ്. അവരെ കൂടുതൽ കൂടുതൽ വർഗീയവൽക്കരിക്കാനുള്ള നീക്കങ്ങളാണ് സംഘപരിവാർ നടത്തുന്നത്. അതുകൊണ്ടാണ് നൂറ്റാണ്ടുമുമ്പെ തങ്ങൾ ശത്രുക്കളെന്നു പ്രഖ്യാപിച്ചിട്ടുള്ള വിഭാഗങ്ങളെ അതിക്രൂരമായി ആക്രമിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഗുജറാത്തിൽ ചെയ്ത, മുസഫർ നഗറിലും കാണ്ടമാലിലും മറ്റും ആവർത്തിച്ചതു തന്നെയാണ് മണിപ്പൂരിലും നടക്കുന്നത്.
മാസങ്ങൾ കഴിഞ്ഞിട്ടും മണിപ്പൂർ പുകയുക തന്നെയാണ്. അക്ഷരാർത്ഥത്തിൽ നടക്കുന്നത് വംശഹത്യ തന്നെ. ഏതൊരു യുദ്ധത്തിലും വംശഹത്യയിലും കലാപത്തിലുമൊക്കെ ഏറ്റവും ദുരന്തങ്ങൾ നേരിടുക സ്ത്രീകളാണല്ലോ. ബലാൽസംഗത്തെ ആയുധമായി ഉപയോഗിക്കുന്ന ചരിത്രമാണ് എന്നുമുള്ളത്. അതു തന്നെയാണ് മണിപ്പൂരിലും നടക്കുന്നത്. മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന രീതിയിലാണ് കുക്കി സ്ത്രീകൾക്കെതിരായ ആക്രമണങ്ങളും പീഡനങ്ങളും കൊലകളും നടക്കുന്നത്. വംശഹത്യയവസാനിപ്പിക്കാൻ ഈ നിമിഷം വരെ ക്രിയാത്മകമായ ഒരു നടപടിയും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിട്ടില്ലെന്നു മാത്രമല്ല, പരോക്ഷമായി ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ലക്ഷ്യമെന്തെന്ന് വളരെ വ്യക്തം.
മണിപ്പൂരിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളെ ഹിന്ദു-ക്രിസ്ത്യൻ വർഗീയ സംഘട്ടനമായി മാത്രം കാണാൻ കഴിയില്ല. തീർച്ചയായും ഹിന്ദുത്വ രാഷ്ട്രമെന്ന തങ്ങളുടെ ലക്ഷ്യം നേടാനായുള്ള ധ്രുവീകരണത്തിനായി ക്രിസ്ത്യൻ വിഭാഗങ്ങൾക്കുനേരെ കടന്നാക്രമണം നടത്തുക എന്നത് സംഘപരിവാറിന്റെ അജണ്ട തന്നെ. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അത് മുസ്‌ലിം വിഭാഗങ്ങൾക്കെതിരാണെങ്കിലും വടക്കുകിഴക്കൻ മേഖലയിൽ പ്രധാനമായും ക്രിസ്ത്യൻ സമൂഹത്തിനെതിരാണ്. നേരത്തെ കാണ്ടമാലിൽ അത് പരീക്ഷിച്ചതുമാണല്ലോ. ഇപ്പോൾ നടക്കുന്നത് അതാണെങ്കിലും അതിനായി ഉപയോഗിക്കുന്നത് വംശീയതയും ഗോത്രീയതയുമൊക്കെയാണ്. അവക്ക് മതത്തിന്റെ ആവരണം നൽകുകയാണ്.
മണിപ്പൂരിന്റെ ആ പോരാട്ടത്തെ കേന്ദ്രം നേരിട്ടതെങ്ങനെയെന്നത് വലിയ പഴക്കമുള്ള ചരിത്രമൊന്നുമല്ല. പട്ടാളത്തിന് അമിതമായ അധികാരം കൊടുക്കുന്ന അഫ്‌സ്പ നിയമമാണ് വ്യാപകമായി പ്രയോഗിക്കപ്പെട്ടത്. അതനുസരിച്ചുള്ള നടപടികളെ കോടതികളിൽ പോലും ചോദ്യം ചെയ്യാനായിരുന്നില്ല. ഇപ്പോൾ നടന്ന പോലെയുള്ള സ്ത്രീപീഡനങ്ങളും കൊലകളുമൊക്കെ അന്നും നടന്നു. പക്ഷേ അതു നടത്തിയിരുന്നത് പ്രധാനമായും പട്ടാളമായിരുന്നു. അങ്ങനെയായിരുന്നു മനോരമ എന്ന സ്ത്രീ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. അതിനെതിരെ ഞങ്ങളെ കൂടി ഇന്ത്യൻ പട്ടാളം ബലാൽസംഗം ചെയ്ത് കൊല്ലൂ എന്നാർത്തുവിളിച്ച് ഒരുപറ്റം സ്ത്രീകൾ പട്ടാള ക്യാമ്പിനു മുന്നിൽ നടത്തിയ നഗ്നസമരം മറക്കാറായിട്ടില്ലല്ലോ. തന്റെ കൺമുന്നിൽ വെച്ച് യുവാക്കളെ വെടിവെച്ചു കൊന്നതു കണ്ട ഇറോം ശർമിള അപ്‌സ്പ പിൻവലിക്കാനാവശ്യപ്പെട്ട് വർഷങ്ങൾ നടത്തിയ നിരാഹാര സമരവും സമാനതകളില്ലാത്തതാണ്.
ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമൊക്കെ അന്നുമുണ്ടായിരുന്നെങ്കിലും അതൊന്നും മതപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നില്ല. പൊതുവിൽ വടക്കുകിഴക്കൻ മേഖലയിലെ സ്ത്രീകൾ കരുത്തരുമാണ്. അവർക്കാണ് പൊതുവിൽ സമൂഹത്തിലും കുടുംബത്തിലുമൊക്കെ ആധിപത്യം. പന്തമേന്തിയ പെണ്ണുങ്ങൾ എന്ന വിശേഷണം തന്നെ ഉയർന്നു വരാനുള്ള കാരണം അതാണ്. ആ സ്ത്രീകളെയാണ് ഇപ്പോൾ അതിക്രൂരമായി പീഡിപ്പിക്കുന്നത്.
പല വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഗോത്രവർഗക്കാരുടെ സംരക്ഷണത്തിന് ചില സവിശേഷ നിയമങ്ങളുണ്ട്. അസം, മിസോറം പോലുള്ള സംസ്ഥാനങ്ങളിൽ അവരെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി നിയമ നിർമാണ, നീതി നിർവഹണ അധികാരങ്ങളുള്ള സ്വയംഭരണ പ്രദേശങ്ങളായാണ് നിലനിൽക്കുന്നത്. എന്നാൽ മണിപ്പൂർ ഗോത്രങ്ങളെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടില്ല. കുക്കികളും നാഗ ഗോത്രങ്ങളും 1978 മുതൽ ആവിശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ് അവരുടെ പ്രദേശം ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സ്വയംഭരണ അവകാശം നൽകണം എന്നുള്ളത്. അപ്പോഴും പുറത്തുനിന്നുള്ള മറ്റു ജനങ്ങൾക്ക് ഗോത്രമേഖലയിൽ ഭൂമി വാങ്ങിക്കാനും താമസിക്കാനും പറ്റില്ല. അതിനിടയിലാണ് മെയ്റ്റിസ് വംശജർക്ക് പട്ടിക വർഗ പദവി നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. അപ്പോൾ അവർക്ക് മലയോര മേഖലയിൽ ഭൂമി വാങ്ങാനാകും. ഇപ്പോഴത്തെ കലാപം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായിരുന്നു ആ നീക്കമെന്നതിൽ സംശയം വേണ്ട.
സമതലങ്ങളിൽ ജീവിക്കുന്ന, മണിപ്പൂരിന്റെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിൽ ഏറെ സ്വാധീനമുള്ള വിഭാഗങ്ങളാണ് മെയ്റ്റീസ്. സമീപകാലത്തായി അവരേറെക്കുറെ ഹൈന്ദവവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. ബി.ജെ.പിയുടെ ശക്തിയും അധികാരത്തിലെത്താൻ കാരണവും ഈ വിഭാഗങ്ങളാണ്. അവരെ കൂടുതൽ കൂടുതൽ വർഗീയവൽക്കരിക്കാനുള്ള നീക്കങ്ങളാണ് സംഘപരിവാർ നടത്തുന്നത്. അതുകൊണ്ടാണ് നൂറ്റാണ്ടു മുമ്പെ തങ്ങൾ ശത്രുക്കളെന്നു പ്രഖ്യാപിച്ചിട്ടുള്ള വിഭാഗങ്ങളെ അതിക്രൂരമായി ആക്രമിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഗുജറാത്തിൽ ചെയ്ത, മുസഫർ നഗറിലും കാണ്ടമാലിലും മറ്റും ആവർത്തിച്ചതു തന്നെയാണ് മണിപ്പൂരിലും നടക്കുന്നത്. ശത്രുക്കളിലെ സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നത് കുറ്റമോ സ്വന്തം ഭാര്യയോട് ചെയ്യുന്ന തെറ്റു പോലുമോ അല്ല എന്ന പാഠമാണ് ഇക്കൂട്ടർ അക്രമികൾക്ക് നൽകുന്നത്. അതാണവർ അക്ഷരം പ്രതി നിറവേറ്റുന്നത്. ലക്ഷ്യം വർഗീയ ധ്രുവീകരണവും അടുത്ത തെരഞ്ഞെടുപ്പും. മണിപ്പൂരിലെ സവിശേഷ സാഹചര്യത്തിൽ ഒരു വ്യത്യാസമുണ്ട്. അത് അവിടെ ഭൂരിഭാഗവും ഗോത്രവർഗക്കാരാണെന്നതാണ്. ആദിവാസികളും ഗോത്രവിഭാഗങ്ങളുമൊക്കെ തങ്ങൾക്ക് ഭീഷണിയാണെന്നാണ് സംഘപരിവാർ കരുതുന്നത്. അതിനാൽ ഗോത്രവർഗക്കാരെ മുഴുവൻ മതപരമായി വിഭജിക്കുക എന്നതു കൂടി അവരുടെ ആവശ്യമാണ്. അതാണിപ്പോൾ കാണുന്നത്.
ഈ കോലാഹലങ്ങൾക്കിടയൽ മുങ്ങിപ്പോകാവുന്ന മറ്റൊന്നു കൂടി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. മോഡിക്കൊപ്പം എവിടെയും കാണുന്ന അദാനിയുടെ സാന്നിധ്യമാണത്. കോർപറേറ്റുകളും ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലുള്ള കൂട്ടുകെട്ടാണല്ലോ എല്ലായിടത്തും കാണുന്നത്. എണ്ണയുൽപാദന മേഖലയിലെ അദാനിയുടെ താൽപര്യം ഇവിടെയും പ്രവർത്തിക്കുന്നതായാണ് വാർത്ത. 2021 ഓഗസ്റ്റ് 18 ന് നരേന്ദ്ര മോഡി ഗവൺമെന്റ് ഭക്ഷ്യ എണ്ണ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ഭക്ഷ്യ എണ്ണകളുടെ ദേശീയ മിഷൻ ഓയിൽ പാം എന്ന പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് ഈ പദ്ധതിക്കായി കേന്ദ്ര സർക്കാർ കണ്ടെത്തിയ സ്ഥലങ്ങൾ. 2025-26 കാലയളവിനുള്ളിൽ 6,50,000 ഹെക്ടർ ഭൂമി എണ്ണപ്പനയ്ക്കായി നികത്താനും അതുവഴി ഇന്ത്യയിലെ എണ്ണപ്പനക്കൃഷി ഒരു ദശലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനുമാണ് പദ്ധതി. 2025-26 ഓടെ അസംസ്‌കൃത പാം ഓയിൽ ഉൽപാദനം 1.12 മില്യൺ ടണ്ണായും അതിനു ശേഷം 2029-30 ഓടെ 2.8 മില്യൺ ടണ്ണായി ഉയർത്താനും പദ്ധതിയിടുന്നതായി ഔദ്യോഗിക രേഖകൾ തന്നെ വ്യക്തമാക്കുന്നു. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ, നവംബർ 30, 2021 ൽ, ലോക്‌സഭയിൽ എഴുതി നൽകിയ മറുപടിയിൽ സൂചിപ്പിക്കുന്നത് മണിപ്പൂരിലെ ആറ് ജില്ലകളിൽ നിന്നായി 66,652 ഹെക്ടർ ഭൂമി എണ്ണപ്പന കൃഷിക്കായി കണ്ടെത്തിയിട്ടുണ്ടെന്നാണ്. ഈ സ്ഥലങ്ങളെല്ലാം തന്നെ മലയോര പ്രദേശങ്ങളും ആദിവാസി-ഗോത്ര ജനതക്ക് മുൻതൂക്കമുള്ള സ്ഥലങ്ങളുമാണ്.
മറ്റേതു വിഷയവുമായി ബന്ധപ്പെട്ടു പറയുന്നതു തന്നെയാണ് ഇവിടെയും പറയാനാകുക. മണിപ്പൂർ ഒറ്റപ്പെട്ട ഒരു വിഷയമല്ല. ബഹുസ്വരതയും ഹിന്ദുത്വ രാഷ്ട്രീയവും തമ്മിൽ തുടരുന്ന സംഘർഷത്തിന്റെ ഭാഗം തന്നെയാണ് മണിപ്പൂരിൽ നടക്കുന്ന സംഭവവികാസങ്ങളും. അഥവാ നാനാത്വവും ഏകത്വവും തമ്മിൽ. അല്ലെങ്കിൽ നെഹ്‌റുവും മോഡിയും തമ്മിൽ. അംബേദ്കറും മനുവും തമ്മിൽ. ജനാധിപത്യവും ഫാസിസവും തമ്മിൽ. മതേരത്വവും മതരാഷ്ട്ര വാദവും തമ്മിൽ. സമീപകാലത്ത് ഇതിനൊരു മൂർത്തരൂപം വന്നുകൊണ്ടിരിക്കുന്നു.