പെരിന്തൽമണ്ണ- ചാരിറ്റിയുടെ മറവിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള ഭിന്നശേഷിക്കാരായ പെൺകുട്ടികളെ പീഡിപ്പിച്ചയാൾക്കെതിരെ പരാതി. പെരിന്തൽമണ്ണ സ്വദേശി സൈഫുള്ള താനിക്കാടൻ എന്നയാൾക്കെതിരെയാണ് ഇരയാക്കപ്പെട്ട ഭിന്നശേഷിക്കാരിയായ പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. 27 വയസ്സുകാരിയായ പെൺകുട്ടി സെറിബ്രൽ പാൾസി ബാധിച്ച് കയ്യും കാലുകളും ശോഷിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള ഭിന്ന ശേഷിക്കാരിയാണ്. പരസഹായം ഒന്നും ചെയ്യാൻ സാധിക്കാത്തയാളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഭിന്നശേഷിക്കാർക്കായുള്ള തണലോരം ശലഭങ്ങൾ എന്ന ചാരിറ്റി ട്രസ്റ്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന പേരിൽ പരിചയപ്പെട്ട സൈഫുള്ള താനിക്കാടൻ എന്നയാളാണ് ഭിന്നശേഷിക്കാരെ ടൂർ കൊണ്ടുപോകുക എന്ന പേരിൽ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചത്.
പീഡിപ്പിച്ച ശേഷം പിന്നീട് പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു വർഷക്കാലമായി പീഡനം തുടരുകയും ചെയ്തു.
പരാതിക്കാരിയെ കൂടാതെ നിരവധി ഭിന്നശേഷിക്കാരായ കുട്ടികളെ ഇയാൾ ക്രൂരമായ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും അവർ അപമാനം ഭയന്നാണ് പരാതി നൽകാത്തത് എന്നും രഹസ്യമൊഴി നൽകാൻ തയ്യാറാണ് എന്നും പരാതിയിൽ പറയുന്നുണ്ട്.
ക്രൂരമായി പീഡിപ്പിക്കുന്ന സമയത്ത് അയാൾ പീഡിപ്പിച്ച ഭിന്ന ശേഷിക്കാരായ മറ്റ് പെൺകുട്ടികളെക്കുറിച്ച് പറഞ്ഞുകൊണ്ട് മൃഗീയമായ ആഹ്ലാദം കണ്ടെത്തിയിരുന്നു എന്ന് ഇരയായ പെൺകുട്ടി പറയുന്നു. കാലുകൾക്കും കൈകൾക്കും ചലന ശേഷി ഇല്ലാത്തതിനാൽ നിസ്സഹായയായി പീഡനം ഏറ്റുവാങ്ങേണ്ടി വന്നു എന്നും പരാതിക്കാരി പറയുന്നു.
ബ്ലഡ് ഡോണേഷൻ ക്യാമ്പ്, ആർ.സി.സി യാത്ര തുടങ്ങിയ പേരിൽ മാതാപിതാക്കളുടെ അനുമതി മേടിച്ചാണ് ഭിന്നശേഷിക്കാരെ ഇയാൾ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നത്. പീഡനം കൂടാതെ ലക്ഷക്കണക്കിന് രൂപ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും ഇയാൾ പിരിച്ചിട്ടുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്.
ഭിന്ന ശേഷിക്കാരനായ കുട്ടിയുടെ പേരിൽ തൃശൂർ സ്വദേശിയിൽ നിന്നും പണം തട്ടിയ കേസിൽ തൃശൂർ സ്വദേശിനി തൃശൂർ ജില്ലാ കളക്ടർക്കും, പോലീസിനും രേഖമൂലം പരാതി നൽകിയിട്ടുണ്ട്. ട്രസ്റ്റ് വ്യാജമാണെനും, ഒരു വാട്‌സാപ്പ് കൂട്ടായ്മയിലൂടെയാണ് പീഡനവും സാമ്പത്തിക തട്ടിപ്പും നടത്തുന്നത് എന്നും പരാതിയിൽ പറയുന്നു.
വീട്ടിലേക്ക് വിളിച്ചു വരുത്തി ബലമായി പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. അതേസമയം, ഗുരുതര ആരോപണവുമായി കൂടുതൽ ഭിന്നശേഷിക്കാരും, രക്ഷിതാക്കളും രംഗത്തെത്തുന്നുണ്ട്. നിരവധി പെൺകുട്ടികൾക്കെതിരെ അതിക്രമമുണ്ടായെന്ന് ഇരയായ പെൺകുട്ടികളുടെ സുഹൃത്തുക്കളും പറയുന്നു.
ഭിന്നശേഷിക്കാർക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും, സ്‌നേഹവും നൽകിയാണ് ചൂഷണം ചെയ്തത്. പെൺകുട്ടികൾ ഗർഭിണികളാകുന്ന സാഹചര്യം ഉണ്ടായിരിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഭിന്നശേഷിക്കാരുടെ അമ്മമാരോടും ഇയാൾ അപമര്യാദയായി പെരുമാറിയതായും ആക്ഷേപമുണ്ട്.
അഡ്വ ശ്രീജിത്ത് പെരുമനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്