റിയാദ്- ഫുടബോൾ താരം എംബപ്പയെ സ്വന്തമാക്കാൻ സൗദി ക്ലബ് 300 ദശലക്ഷം യൂറോയുടെ ഓഫർ വെച്ചതായി റിപ്പോർട്ട്. നിലവിലുള്ള ക്ലബ്ബായ പാരീസ് സെന്റ് ജെർമനുമായി എംബപ്പെ ഉടക്കി നിൽക്കുന്ന സഹചര്യത്തിലാണ് വമ്പൻ ഓഫറുമായി സൗദി ക്ലബ് രംഗത്തെത്തിയത്. സൗദി ക്ലബ്ബായ അൽ ഹിലാലാണ് എംബപ്പക്ക് വേണ്ടി ഓഫർ പ്രഖ്യാപിച്ചത്. എംബാപ്പെയെ പിഎസ്ജിയിൽ നിന്ന് വാങ്ങാൻ തയ്യാറാണെന്നും പി.എസ്.ജി സ്വീകരിക്കാൻ താൽപ്പര്യമുള്ള ബിഡ് സമർപ്പിച്ചതായുമാണ് റിപ്പോർട്ട്. ഫുട്‌ബോൾ ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ പി.എസ്.ജിക്ക് അൽ ഹിലാലിന്റെ ബിഡ് ലഭിച്ചതായി സ്ഥിരീകരിച്ചു. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഓഫറാണിത്. എംബാപ്പെയുമായി സംസാരിക്കാൻ അൽ ഹിലാലിന് പി.എസ്.ജി അനുമതി നൽകിയതായാണ് റിപ്പോർട്ട്. എന്നിരുന്നാലും, എംബാപ്പെയെപ്പോലുള്ള ഒരു കളിക്കാരൻ ഓഫർ സ്വീകരിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. പി.എസ്.ജിയുമായി ഇടഞ്ഞുനിൽക്കുന്ന എംബപ്പെയെ ഏഷ്യൻ പര്യടനത്തിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. മാറ്റിനിർത്തുന്നതിനുള്ള ഒരു കാരണവും ടീം വ്യക്തമാക്കിയിരുന്നില്ല. അടുത്ത സീസണിൽ റയൽ മഡ്രീഡിലേക്ക് പോകാനാണ് എംബപ്പെയുടെ നീക്കം. എംബപ്പെയെ സ്വീകരിക്കാൻ റയൽ മാഡ്രിഡ് ഒരുക്കമാണ്. ക്ലബ്ബും താരവും തമ്മിൽ നിരവധി തവണ ചർച്ചകൾ നടന്നിട്ടുണ്ട്. എംബാപ്പെയുടെ നിലവിലെ പി.എസ്.ജി കരാർ അടുത്ത വേനൽക്കാലത്ത് അവസാനിക്കുമെങ്കിലും ഒരു വർഷം കൂടി നീട്ടാനുള്ള അവസരമുണ്ട്.