- നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 8 ഇടത്ത് യെല്ലോ
തിരുവനന്തപുരം - സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാലുദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു.
നാളേക്ക് (ചൊവ്വ) എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മദ്ധ്യപ്രദേശിന് മുകളിലും തെക്കൻ ഒഡീഷക്ക് മുകളിലുമാണിപ്പോൾ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായും ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത കൂടിയിട്ടുമുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച സാഹചര്യത്തിൽ ഉരുൾപോട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാനും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.