തിരുവനന്തപുരം- ഉമ്മന്‍ചാണ്ടി അനുസ്മരണം തിരുവനന്തപുരത്ത് നടത്താനും അതിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ക്ഷണിക്കാനും കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതു സംബന്ധിച്ച് വിവാദത്തിന്റെ ആവശ്യമില്ല. എല്ലാവരെയും ഒന്നിച്ച് നിര്‍ത്താനാണ് നേതൃത്വം ശ്രമിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ രീതിയും അതായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ തീരുമാനം എടുത്തത്.
പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച പ്രതികരണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വ്യക്തത വരുത്തിയിട്ടുണ്ട്. തെറ്റിദ്ധാരണയില്‍നിന്നുണ്ടായ വാര്‍ത്തയാണത്. ഉപതിരഞ്ഞെടുപ്പ് മൂന്നോ നാലോ മാസം കഴിഞ്ഞാണ്. സ്ഥാനാര്‍ഥിയെക്കുറിച്ച് കെ.പി.സി.സി ചര്‍ച്ച നടത്തി നിര്‍ദേശം അറിയിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനാണ് പ്രഖ്യാപനം നടത്തുന്നത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള അവകാശം പാര്‍ട്ടിക്കു വിട്ടുനല്‍കണമെന്ന് വി.ഡി. സതീശന്‍ അഭ്യര്‍ഥിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തൃക്കാക്കരയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിത്വം ഒന്നോ രണ്ടോ പേര്‍ എടുക്കുന്ന തീരുമാനമല്ല, കൂട്ടായ തീരുമാനമാണ്. അതു കൃത്യമായ സമയത്ത് ഉണ്ടാകും. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ എല്ലാ നേതാക്കളും അവസാനിപ്പിക്കണമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനു പാര്‍ട്ടി രീതികളുണ്ട്. കോണ്‍ഗ്രസ് തീരുമാനമെടുത്താല്‍ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ച് അവരുടെകൂടി സമ്മതത്തോടെയാണ് പ്രഖ്യാപനം നടത്തുന്നത്. ഇതുവരെ പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥി ചര്‍ച്ച ആരംഭിച്ചിട്ടില്ല. ഉടനെ ആരംഭിക്കുകയുമില്ല. തിരഞ്ഞെടുപ്പിനെ പാര്‍ട്ടി ശക്തമായി നേരിടും. അതിനുള്ള സംഘടനാ സംവിധാനവും മറ്റു കാര്യങ്ങളും ഉചിതമായ സമയത്തുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.