ദോഹ- സ്വീഡിഷ് പോലീസിന്റെ അനുമതിയോടെ സ്വീഡനിൽ അടുത്തിടെ നടന്ന ഖുർആൻ അവഹേളനത്തിൽ പ്രതിഷേധിച്ച് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ എല്ലാ സ്വീഡിഷ് ഉൽപ്പന്നങ്ങളും ബഹിഷ്‌ക്കരിക്കുന്നതായി ഖത്തറിലെ സൂഖ് അൽ ബലദി. സ്വീഡിഷ് ഉൽപന്നങ്ങൾ അതിന്റെ ശാഖകളിൽ വിൽക്കില്ലെന്ന് സൂഖ് അൽ ബലദി പ്രഖ്യാപിച്ചു.
'ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ' എല്ലാ സ്വീഡിഷ് ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രസ്താവനയിൽ അൽ ബലദി പറഞ്ഞു. ഈ ആഴ്ച ആദ്യം, സ്വീഡനിലെ ഇറാഖി എംബസിക്ക് പുറത്ത് വിശുദ്ധ ഖുർആനിന്റെ പകർപ്പ് കത്തിക്കുവാൻ ഒരു വ്യക്തിക്ക് അനുമതി നൽകിയിരുന്നു. സ്വീഡിഷ് അധികൃതരുടെ സംരക്ഷണത്തിലും അനുമതിയോടെയും ഇതേ വ്യക്തി കഴിഞ്ഞ മാസവും ഖുർആനിന്റെ ഒരു പകർപ്പ് കത്തിച്ചിരുന്നു.