കോട്ടയം- കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ 2014 മുതല്‍ 2016 വരെയുള്ള ഫോണ്‍ വിളി രേഖകള്‍ ഹാജരാക്കണമെന്ന് പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. രേഖകള്‍ നല്‍കാന്‍ എയര്‍ടെല്‍, ബിഎസ്എന്‍എല്‍ കമ്പനികളോടാണ് കോടതി ആവശ്യപ്പെട്ടത്. നേരത്തെ അന്വേഷണ സംഘം ഇതിനായ കമ്പനികളെ സമീപിച്ചിരുന്നെങ്കിലും അവര്‍ നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
രണ്ടു ദിവസത്തിനകം രേഖകള്‍ ഹാജരാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. 2016-നു ശേഷമുള്ള രേഖകള്‍ നല്‍കാമെന്ന് കമ്പനികള്‍ അറിയിച്ചിരുന്നു. 2014-14 കാലഘട്ടത്തില്‍ ബിഷപ്പ് ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ലൈംഗിക പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ഇതു പരിശോധിക്കാനാണ് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.