നാദാപുരം- കോഴിക്കോട് നാദാപുരത്ത് വ്യാപാരിയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ നാലു പേർ പിടിയിൽ. വാണിമേൽ പരപ്പുപാറയിൽ കുഞ്ഞാലി ഹാജിയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലാണ് അറസ്റ്റ്. കണ്ണൂർ സ്വദേശികളായ അഞ്ചരക്കണ്ടി വി. നിധീഷ്(33), കാര പേരാവൂരിലെ ചിരുകണ്ടോത്ത് വി. നിധീഷ്(28), മാമ്പയിൽ രാഹുൽ നിവാസിൽ എ. രാഹുൽ(28), ശങ്കരനെല്ലൂരിലെ ശ്രീരാച്ചിയിൽ രാജ് കിരൺ(24)എന്നിവരെയാണ് പിടികൂടിയത്. കൊച്ചി കടവന്ത്രയിൽ വെച്ചാണ് വളയം പോലീസ് ഇവരെ പിടികൂടിയത്. നാലു പേരും ക്വട്ടേഷൻ ടീം അംഗങ്ങളാണ്. ഈ മാസം പത്തിന് പുലർച്ചെയാണ് കുഞ്ഞാലിഹാജിയുടെ വീടിന് നേരെ സംഘം ബോംബെറിഞ്ഞത്. പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞാലി ഹാജിയുമായി വ്യാപാര സംബന്ധമായ തർക്കമുള്ള ചിലരാണ് ബോംബെറിയാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്. ഇവരെയും ക്വട്ടേഷൻ സംഘത്തെയും ബന്ധിപ്പിക്കുകയും സഹായികളായി പ്രവർത്തിക്കുകയും ചെയ്ത തൂണേരി വേറ്റുമ്മൽ സ്വദേശി മുള്ളൻകുന്നത്ത് വരിക്കോളി ഷിധിൻ(28), കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി ഫായിസ്(24) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.