കോഴിക്കോട്- സിറ്റി പോലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റ നടത്തിപ്പിന് പോലീസുകാരിൽനിന്ന് പണപ്പിരിവ് നടത്താൻ സിറ്റി പോലീസ് കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചു. ക്ഷേത്ര നടത്തിപ്പിനായി ശമ്പളം റിക്കവറി ചെയ്യുമെന്ന് കോഴിക്കോട് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥർക്കാണ് സർക്കുലർ നൽകിയത്. ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്നും മാസം തോറും ഇരുപത് രൂപ റിക്കവറി നടത്തുമെന്ന് കാണിച്ചാണ് കോഴിക്കോട് ജില്ലാ പോലീസ് മേധാവി സർക്കുലർ നൽകിയത്. സേനയിലെ ഒരുവിഭാഗം അതൃപ്തി അറിയിച്ചതോടെയാണ് സർക്കുലർ പിൻവലിച്ചത്. വർഷങ്ങളായി ക്ഷേത്രത്തിന്റെ നവീകരണവും നടത്തിപ്പും നിർവഹിക്കുന്നത് കോഴിക്കോട് സിറ്റി പോലീസാണ്. ക്ഷേത്രത്തിന്റെ നടത്തിപ്പിനായി ഉദ്യോഗസ്ഥരിൽനിന്ന് മുൻ വർഷവും പണം പിരിക്കുന്നത് വിവാദമായിരുന്നു.