കൊച്ചി- എം. ഡി. എം. എയും ഹാഷിഷ് ഓയിലുമായി യുവാവിനെ തേവര മട്ടമ്മല്‍ ഭാഗത്ത് നിന്ന് പിടികൂടി. പനമ്പള്ളി നഗര്‍ ക്ലാസിക് കോളനി അഖില്‍ (29) ആണ് പിടിയിലായത്.
ഇയാളുടെ കൈവശം വീര്യം കൂടിയ മയക്കു മരുന്ന് വിഭാഗത്തില്‍ പെട്ട 10.16 ഗ്രാം എം. ഡി. എം. എയും 2.56 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ക്ലാസിക് കോളനി (റഷ്യന്‍ കോളനി) ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പന ഉണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദ്ദേശ പ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും എറണാകുളം ടൗണ്‍ സൗത്ത് പോലിസും സംയുക്തമായി നടത്തി വന്ന അന്വേഷണത്തിന്റെ ഒടുവിലാണ് തേവര മട്ടമ്മല്‍ ഭാഗത്തുള്ള ലോഡ്ജില്‍ നിന്നും പ്രതി പിടിയിലായത്.
ആലപ്പുഴ ജില്ലയില്‍ മാരക ലഹരിയായ എല്‍എസ്ഡി വില്‍പന നടത്തിയതിന് അഖില്‍ മുമ്പ്് പിടിയിലായിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് ബസ് മാര്‍ഗേനയാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചു വില്‍പ്പന നടത്തി വന്നിരുന്നത്. എറണാകുളം ടൗണ്‍ സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ എം. എസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ശരത് ചന്ദ്രന്‍, അനില്‍, എസ്. സി. പി. ഒമാരായ സിനീഷ്, ബീന, ദീപ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.