കൽപറ്റ-വയനാട്ടിൽ കനത്ത മഴ തുടരുന്നു. പുഴകളും തോടുകളും അങ്ങിങ്ങ് കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ജില്ലയിൽ ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് അവസാനിച്ച 24 മണിക്കൂറിൽ ശരാശരി 90.15 മില്ലി മീറ്റർ മഴ ലഭിച്ചു. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ജില്ലയിൽ 141 സ്ഥലങ്ങളിൽനിന്നു ശേഖരിച്ച മഴക്കണക്കിന്റെ ശരാശരിയാണിത്. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ബാണാസുര കൺട്രോൾ ഷാഫ്റ്റിലാണ്-262 എം.എം. മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിയിലാണ് ഏറ്റവും കുറവ് മഴ പെയ്തത്-20 എം.എം. കബനി നദിയുടെ തീരപ്രദേശമാണ് കൊളവള്ളി.
പേര്യ അയനിക്കൽ-191 എം.എം, തവിഞ്ഞാൽ-177, തൊണ്ടർനാട്-173.67, പടിഞ്ഞാറത്തറ-168.4, തരിയോട്-146, മേപ്പാടി-143.86, പൊഴുതന-126.2, വൈത്തിരി-116.5, മുള്ളൻകൊല്ലി-37, മരക്കടവ്-20.8 എം.എം എന്നിങ്ങനെയാണ് ജില്ലയിൽ ചില ഭാഗങ്ങളിൽ പെയ്ത മഴയുടെ കണക്ക്.
തൊണ്ടർനാട്, തവിഞ്ഞാൽ മേഖലകളിലാണ് തോടുകളിലും പുഴകളിലും ജലനിരപ്പ് ഉയർന്നത്. കോട്ടത്തറ പഞ്ചായത്തിലെ വണ്ടിയാമ്പറ്റയിൽ സമീപത്തെ പുഴ കരകവിഞ്ഞ് റോഡിൽ വെള്ളം കയറി. തരുവണയിൽ പുലിക്കാട് മന്നൻകണ്ടി അവോട്ടിയുടെ വീടിന്റെ മതിൽ ഇന്നലെ രാവിലെ പത്തോടെ സമീപവാസിയുടെ വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞു. തവിഞ്ഞാൽ കുളത്താട ചിറക്കൊല്ലിയിലെ ഉഷയുടെ വീട് മരം വീണ് തകർന്നു. വീട്ടുകാരെ അടുത്തുള്ള പൂർണിമ ക്ലബിലേക്ക് മാറ്റി.