Sorry, you need to enable JavaScript to visit this website.

അല്ലാഹുവിന്റെ അതിഥികൾക്കൊപ്പം

ലേഖകൻ
ലേഖകൻ അംഗമായ തനിമ വളണ്ടിയർ ടീം ഹജ് പൂർത്തിയായ ശേഷം.
മക്കയിൽ സേവനത്തിലേർപ്പെട്ട വളണ്ടിയർമാർ.
മക്കയിൽ സേവനത്തിലേർപ്പെട്ട വളണ്ടിയർമാർ.

ജീവിതത്തിലെ ഏറ്റവും സുന്ദരമായ ബലിപെരുന്നാൾ അവധി ദിവസങ്ങൾ ആയിരുന്നു ഈ വർഷത്തേത്. പുതിയ ഒരുപാട് അനുഭവ സമ്പന്നത നിറഞ്ഞതും പുതിയ ഒരുപാട് സുഹൃത്തുക്കളെയും സമ്മാനിച്ച ആ നാല്  ദിവസങ്ങൾ എത്ര പെട്ടെന്നാണ് കൊഴിഞ്ഞുപോയതെന്ന് ആലോചിക്കുമ്പോൾ മനസ്സിന് എന്തോ ഒരു നീറ്റൽ. 
ഏതാണ്ട് ഒരു  മാസം മുൻപ് ഹജ്  വളണ്ടിയർ ആവാൻ താല്പര്യമുണ്ടോ..? എന്ന് ഭാര്യ സഹോദരൻ സിറാജ് ചോദിച്ചപ്പോൾ എന്തുകൊണ്ടോ അതുവരെ അങ്ങനെ ഒരു താല്പര്യം ഇല്ലാതിരുന്ന എനിക്ക് ആയാൽ കൊള്ളാം എന്ന് ഒരു മോഹം ഉദിക്കുകയും അവൻ അയച്ചുതന്ന തനിമയുടെ ഹജ് വളണ്ടിയർ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതിന്റെ പ്രധാന അഡ്മിനും രജിസ്റ്ററിനും മറ്റും ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്ന മുനീർ സാഹിബിനെ വ്യക്തിപരമായി പരിചയപ്പെടുകയും  ചെയ്തതാണ് പുതിയ സൗഹൃദ ചങ്ങലയിലെ ആദ്യത്തെ കണ്ണി. അവിടുന്ന് അങ്ങോട്ട് അൽഹംദുലില്ലാഹ് ഇടനെഞ്ചോട് ചേർത്തുവയ്ക്കാവുന്ന ഒരുപാട് സൗഹൃദങ്ങൾ ആ കണ്ണിയിൽ ഓരോന്നായി ചേർക്കപ്പെട്ടു. അബാസ്സ്‌ക്ക,സുറൂർ,നൗഫൽ,ശിഹാർ,റിയാസ്,നസീഫ്,ജാസിം അങ്ങനെ പലരും....
അൽഹംദുലില്ലാഹ് പെരുന്നാൾ ദിവസം മക്കയുടെ മണ്ണിൽ... ഇതുവരെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള പെരുന്നാളുകളുടെ തലേദിവസമായി താരതമ്യം ചെയ്യുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഏതോ ഒരു വികാരം തിങ്ങി നിറഞ്ഞ മനസ്സുമായി അന്നത്തെ രാത്രി എന്നിലൂടെ കടന്നുപോയി.


വളണ്ടിയർമാർക്കായി വിശ്രമത്തിനും ഭക്ഷണത്തിനു വേണ്ടിയും സംഘാടകർ ഒരു ബഹുനില കെട്ടിടം തന്നെ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾക്കായി അനുവദിക്കപ്പെട്ട റൂമിൽ ചെന്നപ്പോൾ ആരൊക്കെയോ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റൂം തൽക്കാലത്തേക്ക് കാലിയാക്കിയതാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. അതേക്കുറിച്ച് അറിയാൻ സഹപ്രവർത്തകനോട് ചോദിച്ചപ്പോഴാണ് ത്യാഗത്തിന്റെ പെരുന്നാൾ എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വിധത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരുപറ്റം  കുടുംബങ്ങളുടെ ത്യാഗത്തിന്റെ കഥ അയാൾ പങ്കുവെച്ചത്. അല്ലാഹുവിന്റെ അതിഥികൾക്ക് സേവനം ചെയ്യാൻ വരുന്നവർക്ക് വേണ്ടി പിഞ്ചുകുട്ടികൾ അടക്കമുള്ള സ്വകുടുംബം തൽക്കാലം കിട്ടുന്ന സൗകര്യത്തിൽ മാറി താമസിക്കുന്നതോടൊപ്പം പറ്റുന്ന മുഴുവൻ സമയവും മക്ക തേടിവരുന്ന ഹാജിമാർക്കായി തങ്ങളാൽ കഴിയുന്ന എല്ലാവിധ സഹായങ്ങളും നൽകിക്കൊണ്ട് ആരാലും പ്രഥമ സൃഷ്ടിയാൽ കാണപ്പെടാതെ അല്ലാഹുവിന്റെ പ്രീതി ഒന്നുമാത്രം കാംക്ഷിച്ചുകൊണ്ട് നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന വിവരം സത്യത്തിൽ എന്നെ തെല്ലൊന്നുമല്ല ഞെട്ടിച്ചു കളഞ്ഞത്. അല്ലാഹു അവർക്ക് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ...


രാവിലെ 7:30 ആയിരുന്നു ആദ്യ ദൗത്യം നമുക്ക് തുടങ്ങാൻ ഉണ്ടായിരുന്നത്.ഒരു മണിക്കൂർ മുൻപ് തന്നെ എല്ലാവരും കുളിച്ച് തലേന്ന് ടീം ക്യാപ്റ്റൻസിൽ നിന്നും കൈപ്പറ്റിയ യൂണിഫോം ധരിച്ച് റെഡിയായി പറ്റുന്നത്ര കുടിവെള്ളവും വീൽചെയറുകളും മിനായുടെ മേപ്പുകളുമായി കിങ് ഖാലിദ് റോഡ് വഴി മിനാ ലക്ഷ്യം വെച്ച് കുതിച്ചു.
മിനായിലെത്തിയ നിമിഷം മുതലുള്ള കാഴ്ചകൾ വർണ്ണനാതീതമാണ്. ഓരോ കാഴ്ചകളിലും ആയിരം കഥകൾ പറയാൻ പാകത്തിലുള്ളത്. ഒരേ തരത്തിലും നിറത്തിലും ഉള്ള വസ്ത്രങ്ങൾ ധരിച്ച ഒരേ ശരീരപ്രകൃതിയുള്ള ഒരു കൂട്ടം ചെറുപ്പക്കാരായിരുന്നു ആദ്യം അത്ഭുതത്തോടെ മനസ്സിൽ തങ്ങിനിന്നത്. അവർ ഒരേ രീതിയിൽ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു എന്നത് മാത്രമായിരുന്നില്ല അവരെ വ്യത്യസ്തരാക്കിയിരുന്നത്. താടി രോമങ്ങളും മീശയും ഒറ്റനോട്ടത്തിൽ എല്ലാവരുടെയും ഒരുപോലെ ഉണ്ടായിരുന്നു. എന്തായാലും അവരൊക്കെ ഒരു ദേശക്കാർ ആണെന്ന് അവർ പറയാതെ പറയുന്നുണ്ടായിരുന്നു.
പ്രായപരിധിയില്ലാത്ത പ്രണയത്തിന്റെ പല രൂപങ്ങൾ കാണാൻ നിങ്ങൾ മിനായിലേക്ക് തന്നെ വരണം. മുപ്പത് വയസ്സ് മുതൽ നൂറു വയസ്സോളം പ്രായമായ വൃദ്ധ ദമ്പതികൾ വരെ പരസ്പരം സഹായിച്ചും യാത്രയുടെ കാഠിന്യത്തിൽ അല്പം ദേഷ്യപ്പെട്ടും തന്റെ പ്രിയപ്പെട്ടവളുടെ അല്ലെങ്കിൽ പ്രിയപ്പെട്ടവന്റെ തളർച്ചയിൽ കൂടെ തളർന്നും വഴി മദ്ധ്യേ ഏതെങ്കിലും വളണ്ടിയർമാർ കൊടുക്കുന്ന വെള്ളവും ഭക്ഷണവും പങ്കുവെച്ചും അവരാ പുണ്യഭൂമിയിൽ നടന്നു നീങ്ങുന്ന സുന്ദരകാഴ്ചകളോളം വരില്ല ഒരു പാർക്കിലെ  പ്രണയ ചേഷ്ടകൾക്കും...


പ്രാർത്ഥനാ നിർഭരമായ മനസ്സുകളുമായി മിനായിലെ ടെന്റിൽ നിന്നും ജമറാത്തുകൾ ലക്ഷ്യമാക്കി നീങ്ങുന്ന ഹാജിമാരെ യഥാസ്ഥാനത്ത് എത്തിക്കുകയും തിരിച്ച് ജമറാത്തുകളിൽ നിന്നും ടെന്റിലേക്ക് പോകുന്നവർക്ക് അവരവരുടെ യഥാർത്ഥ സ്ഥലം കാണിച്ചുകൊടുക്കുക എന്നതായിരുന്നു ആദ്യദിവസത്തെ ചുമതല. ഒറ്റവാക്കിൽ കേൾക്കുമ്പോൾ വളരെ നിസ്സാരവും എളുപ്പവുമായി തോന്നുന്ന പ്രവൃത്തിയുടെ കഷ്ടപ്പാടും ആവശ്യകതയും മനസ്സിലായത്  സൂര്യന്റെ ചൂട് ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി തുടങ്ങിയപ്പോഴാണ്. പത്തുമണിയാവുമ്പോഴേക്കും സൂര്യൻ ഹാജിമാരെ തളർത്തി തുടങ്ങിയിരുന്നു. പലരും നടത്തം മതിയാക്കി ടാക്‌സി അന്വേഷിച്ച് തുടങ്ങി. മിനായിൽ ആ ദിവസങ്ങളിൽ ടാക്‌സി സൗകര്യം ഇല്ല എന്ന പൊള്ളുന്ന വസ്തുത ആ ചൂടിൽ പലർക്കും താങ്ങാൻ പറ്റാത്തതും അവരുടെ മനോധൈര്യം നഷ്ടപ്പെടുത്തുന്നതുമായിരുന്നു. പലരും നിരാശ കൊണ്ട് തളർന്നു പോകുന്നതും സൗദി ഗവൺമെന്റിനെ കുറ്റപ്പെടുത്തുന്നതും കേൾക്കുമ്പോൾ ആദ്യമൊക്കെ ഇത്രയും തിരക്കിനിടയിൽ ടാക്‌സി കൂടി അനുവദിച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതൊരു സ്ഥിരം കാഴ്ചയും കേൾവിയുമായി മാറിയപ്പോൾ ചിരിച്ചുകൊണ്ട് നിങ്ങളുടെ വാസസ്ഥലം വളരെ അടുത്താണെന്നും ദൂരം കൂടുതലുള്ളവരോട് ഹജ് ത്യാഗത്തിന്റെ ഇബാദത്ത് ആണെന്ന് ഓർമ്മപ്പെടുത്തി പുഞ്ചിരിയും സമ്മാനിച്ച് നടന്ന് നീങ്ങുവാൻ ഞാനും പതിയെ പഠിച്ചു തുടങ്ങി.


ഏകദേശം 20 കിലോമീറ്റർ (7.7 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള മിനായുടെ കിഴക്ക് ഭാഗത്തുള്ള മുസ്ദലിഫക്കും പടിഞ്ഞാറ്  അറ്റത്തുള്ള ജമറാത്തുകൾക്കും ഇടയിലുള്ള ഏതെങ്കിലും പാലത്തിൽ കയറി താഴെ നോക്കിയാൽ ഒരേ രൂപത്തിൽ കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന ടെന്റുകളുടെ മിനാരം കാണാൻ തന്നെ എന്തു സൗന്ദര്യമാണ്. കണ്ണെടുക്കാതെ നോക്കി ഇരുന്നു പോകും. അങ്ങനെ ഒരു പ്രകൃതി ആസ്വാദനത്തിന് വന്നതല്ല എന്ന ഉപബോധമനസ്സ് മന്ത്രിക്കുന്നതുകൊണ്ടാവണം അതൊന്നും വേണ്ടപോലെ ആസ്വദിച്ചിട്ടില്ല എന്നൊരു തോന്നൽ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു. ആ ദിവസങ്ങളിൽ പലപ്പോഴായി കണ്ട കാഴ്ച മനസ്സിനെ വല്ലാതെ കൊതിപ്പിച്ചത് കൊണ്ടാവാം കാഴ്ചകളൊക്കെ കാണാൻ മാത്രം ഒരു പോക്ക് മിനായിലേക്ക് പോകണമെന്ന് മനസ്സ് ഇപ്പോഴും ആഗ്രഹിക്കുന്നത്.


വളണ്ടിയർമാരുടെ യൂണിഫോം ധരിച്ചു വന്ന ഏതൊരു സംഘടനയുടെ പ്രവർത്തകനും വിശ്രമമില്ലാതെ  അല്ലാഹുവിന്റെ അതിഥികളെ സേവിക്കുവാനുള്ള സുവർണ്ണ അവസരങ്ങൾ അവിടെ ഉണ്ടായിരിക്കെ കൺമുന്നിലെ പല കാഴ്ചകളും മനസ്സിന് സന്തോഷം നൽകുമ്പോൾ ചിലപ്പോഴൊക്കെ അത് അല്പനേരം നോക്കി നിന്നു പോകും. പ്രായമായ മാതാപിതാക്കളെ വീൽചെയറിൽ ഇരുത്തി തള്ളി കൊണ്ടുപോകുന്ന ഒരുപാട് മക്കളെ കാണുമ്പോൾ എനിക്ക് ലഭിക്കാതെ പോയ ആ സൗഭാഗ്യങ്ങളെ ഓർത്ത് സങ്കടപ്പെട്ട ഓരോ നിമിഷത്തിനും മരണപ്പെട്ട എന്റെ മാതാപിതാക്കളെ കുറിച്ച് ഓർക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും സാധിച്ചു അൽഹംദുലില്ലാഹ്.. അല്ലാഹു അവരോടൊപ്പം നമ്മെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ...


 സൂര്യൻ പതിയെ താപനില ഉയർത്തിക്കൊണ്ടേയിരുന്നു മിനായിലെ മനുഷ്യജന്മങ്ങൾ പലതും തളർച്ചയുടെ ഉച്ചിസ്ഥായിയിൽ എത്തിത്തുടങ്ങി. അപ്പോഴും വളണ്ടിയർമാരുടെ മുന്നിൽ വരുന്ന പ്രധാന ആവശ്യം 'ഒരു ടാക്‌സി പിടിച്ചു തരൂ ..?' എന്ന ദയനീയമായ അഭ്യർത്ഥന തന്നെയായിരുന്നു. ഏകദേശം 65 വയസ്സുകാരനായ ആ പാകിസ്ഥാനി നമ്മുടെ അടുത്തേക്ക് വന്നതും ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് തന്നെയാണ്. അതുവരെ പല ഭാഷയിൽ 'ഇവിടെ ടാക്‌സി കിട്ടില്ല' എന്നു പറഞ്ഞു ശീലിച്ച ഞാൻ അയാൾക്ക് മുന്നിൽ ഉർദു ഭാഷയിൽ അത് ആവർത്തിച്ചു. അദ്ദേഹം നെഞ്ചിന്റെ ഇടതു ഭാഗത്തേക്ക് ഇരു കൈകൾ കൊണ്ടും അമർത്തിപ്പിടിച്ച് എനിക്കിനി ഒരു സ്‌റ്റെപ്പ് നടക്കാൻ പറ്റില്ല എന്ന് നല്ല ഉറുദു ഭാഷയിൽ പറഞ്ഞ് നമുക്കു മുന്നിൽ കുത്തിയിരുന്നതോടെ ഞാനും കൂടെയുണ്ടായിരുന്ന സിറാജും ഒരു നിമിഷം അന്ധാളിച്ചു പോയെങ്കിലും സിറാജ് പെട്ടെന്ന് തന്നെ സഹപ്രവർത്തകരെ വിളിച്ച് വീൽ ചെയർ തരപ്പെടുത്തുകയും അടുത്തുള്ള ഹോസ്പിറ്റലിലേക്ക്  ചെന്നപ്പോൾ രോഗിയെ മാത്രം ഉള്ളിലേക്ക് പ്രവേശിപ്പിക്കുകയും അവർക്ക് അദ്ദേഹത്തിന് വേണ്ട ചികിത്സ ആരംഭിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ നാട്ടിൽ ഒരു രോഗിയുമായി ഹോസ്പിറ്റലിൽ ചെന്നാൽ ഉണ്ടാവുന്ന നൂലാമാലകളെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചു പോയി.


അതിനുശേഷം വീണ്ടും ഹാജിമാരെ സഹായിക്കാനായി ഒരുങ്ങി നിൽക്കുമ്പോഴാണ് മലയാളം സംസാരിക്കുന്ന ആ നാല് ഉമ്മമാരെ സഹായിക്കാനായി അല്ലാഹു നമുക്ക് ഭാഗ്യം നൽകിയത്. സുബഹി നമസ്‌കാരവും കഴിഞ്ഞ് കല്ലെറിയാൻ പുറപ്പെട്ടതാണ്. കല്ലേറൊക്കെ കഴിഞ്ഞ് എങ്കിലും സമയം നാലുമണിയോട് അടുത്തിട്ടും സ്വന്തം ടെന്റ് കണ്ടെത്തുവാൻ അവർക്ക് സാധിച്ചിട്ടില്ല. നാലുപേരും തളർന്ന് അവശരായിരിക്കുന്നു. ഇതിനിടെ നമസ്‌കാരം നിർവഹിക്കാൻ സാധിക്കാത്തതിനുള്ള അമർഷം കൂട്ടത്തിലുള്ള ഒരു സ്ത്രീ പ്രകടിപ്പിച്ചുകൊണ്ട് ഇരുന്നു. ലക്ഷ്യത്തിലെത്താൻ ഉള്ള ദൂരം തിരിച്ചറിയാത്തതിനുള്ള സങ്കടവും തളരുന്ന ശരീരവും അവരെ കോപാകുലരാക്കുന്നുണ്ട് എന്ന് ആദ്യ സംസാരത്തിൽ തന്നെ ഞാൻ തിരിച്ചറിഞ്ഞു.തളർന്ന് അവശരായി തുടങ്ങിയ അവരോട് ടെന്റ് നമ്പറും മറ്റും നോക്കി ഇവിടെ നിന്നും തിരക്ക് നിയന്ത്രിക്കാൻ പ്രത്യേകം തയ്യാറാക്കിയ pedtserian walkway (കാൽനട പാത)വഴി നടന്നാൽ ഒന്നര കിലോമീറ്റർ ദൂരമേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ  ഇത്രയും നടന്നിട്ടും ഇനിയും ഒന്നര കിലോമീറ്റർ ഉണ്ട് എന്ന അറിവ് തളർത്തിയത് കൊണ്ടാവാം കൂട്ടത്തിൽ പ്രായമായ സ്ത്രീ എന്നെ ദയനീയമായ ഒരു നോട്ടം  നോക്കി ചിരിച്ചു എന്ന് വരുത്തി. 'എങ്ങനെയെങ്കിലും റൂമിൽ എത്തിയാൽ മതി' താരതമ്യേന പ്രായം കുറഞ്ഞ സ്ത്രീ ആത്മഗതം പോലെ പറഞ്ഞു. സമയം വെറുതെ കളയാൻ നമ്മുടെ കയ്യിലും ഉണ്ടായിരുന്നില്ല. അവരോടൊപ്പം നടത്തം ആരംഭിച്ചു ഏകദേശം ഒരു കിലോമീറ്റർ നടന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഞങ്ങൾ അറിഞ്ഞത്. ഞങ്ങൾ ഇപ്പോൾ നിൽക്കുന്നതിന്റെ നേരെ എതിർവശത്താണ് ഞങ്ങൾക്ക് എത്തേണ്ടത്. സാധാരണഗതിയിൽ 400 മീറ്റർ മാത്രം ദൂരമുള്ള അവിടേക്ക് എത്തിച്ചേരാനുള്ള വഴി താൽക്കാലികമായി അടച്ചിരിക്കുന്നു. നിരാശയുടെ കാർമേഘം കൊണ്ട് അവരുടെ മനസ് മൂടുന്നത്  മുഖം നോക്കി നമുക്ക് വായിച്ചെടുക്കാം എങ്കിലും സമാധാനത്തിനു വേണ്ടി 'ഇതാ അടുത്താണ് ഒന്ന് ചുറ്റി വന്നാൽ മതി' എന്ന് പറഞ്ഞുവെങ്കിലും അവർക്ക് അത് ഒരു ആശ്വാസമേ ആയിരുന്നില്ല. വീണ്ടും  താൽക്കാലികമായി അടച്ച  വഴികൾ ഞങ്ങൾക്ക് മുന്നിൽ എത്തിയെങ്കിലും ആ വിവരങ്ങൾ ഒന്നും ആ പാവങ്ങളോട് പറയാനുള്ള ശക്തി  ഞങ്ങൾക്കുണ്ടായിരുന്നില്ല. അല്ലെങ്കിലും തളർന്ന് അവശരായിരിക്കുന്ന അവരെ എന്തിന് മാനസികമായി കൂടി തളർത്തണം.  ഏകദേശം 100 മീറ്റർ അകലെ എത്തിയപ്പോഴേക്കും പ്രായമായ സ്ത്രീ തളർന്ന് വീണുപോകും എന്ന അവസ്ഥയിലേക്ക് എത്തി. അൽപനേരം ഇരുന്നശേഷം വീണ്ടും യാത്ര തുടരാം എന്ന് പറഞ്ഞ് അവരെ അവിടെ ഇരുത്തുമ്പോഴേക്കും പോലീസുകാർ അവരുടെ കൃത്യനിർവഹണത്തിന്റെ ഭാഗമായി എല്ലാവരോടും എഴുന്നേറ്റ് പോകാൻ ആവശ്യപ്പെട്ടു. ഒറ്റനോട്ടത്തിൽ അതൊരു മനുഷ്യത്വരഹിതമായ ഇടപെടൽ ആണെന്ന് തോന്നുമെങ്കിലും പോലീസുകാരെ സംബന്ധിച്ചിടത്തോളം തളർന്നു പോയവർ അങ്ങനെ തോന്നുന്നിടത്ത് ഇരുന്നാൽ പിന്നിൽ നിന്നും വരുന്നവർക്ക് മാർഗതടസ്സമാണ്. അത് ഒഴിവാക്കുക എന്നത് അല്ലാതെ അവർക്ക് മുന്നിൽ മറ്റു വഴികൾ ഒന്നുമില്ല. അവരെയും കുറ്റം പറയാൻ സാധ്യമല്ല. തളർന്നു പോയവരോട് എഴുന്നേറ്റ് നടക്കാൻ പറയാനും മനസ്സ് അനുവദിച്ചില്ല. പോലീസുകാരനോട് പരമാവധി രണ്ട് മിനിറ്റ് കൊണ്ട് എഴുന്നേറ്റ് പോയിക്കൊള്ളാമെന്ന് ഉറപ്പു നൽകി അവർക്ക് കാവൽ ഇരുന്നു.  രണ്ട് മിനിറ്റ് ആവുന്നതിനു മുൻപ് തന്നെ പോലീസുകാരൻ എഴുന്നേറ്റു പോകാൻ ആവശ്യപ്പെട്ടു. പാവം സ്ത്രീ ഒരുവിധം അവിടെനിന്ന് എഴുന്നേൽക്കുകയും തന്നാൽ ആവും വിധം പതിയെ നടന്നു. കുറച്ചു ദൂരം മാത്രമേ നടക്കേണ്ടി വന്നുള്ളൂ. ദൂരെ ഇന്ത്യയുടെ പതാക പതിച്ച ബോർഡിൽ 26 എന്ന നമ്പർ കൺമുന്നിൽ തെളിഞ്ഞുവന്നു.


 പിന്നിൽ നിന്നും ദീർഘമായ ഒരു ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം കൃത്യമായി എന്റെ ചെവിയിൽ പതിഞ്ഞിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ ആ സ്ത്രീ കരയുകയാണോ ചിരിക്കുകയാണോ എന്ന് തിരിച്ചറിയാൻ എനിക്ക് സാധിച്ചില്ല. കൈ ബോർഡിലേക്ക് ചൂണ്ടിക്കൊണ്ട് 'അൽഹംദുലില്ല ഞങ്ങൾ എത്തി' എന്ന് പറയുമ്പോൾ  ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവർക്ക്. ക്യാമ്പിന് അകത്തേക്ക് പ്രവേശിച്ചപ്പോൾ നിറകണ്ണോടെ അവർ നടത്തിയ പ്രാർത്ഥന ഒന്ന് മാത്രം മതിയായിരുന്നു നമുക്ക് അതുവരെയുണ്ടായിരുന്ന സകല ക്ഷീണവും മറന്നുപോകാൻ അല്ലാഹു ആ പ്രാർത്ഥന കേട്ടിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ഒരിക്കൽ കൂടി ആഗ്രഹിച്ചു പോയി.. അല്ലാഹുവാണേ സത്യം ഇത്തരം പ്രാർത്ഥന അല്ലാതെ മറ്റൊന്നുമായിരുന്നില്ല ആ ദിവസങ്ങളിലെ നമ്മുടെ ആവേശവും ആഗ്രഹവും. അതോടെ സന്തോഷത്തോടെയുള്ള അന്നത്തെ ആദ്യഘട്ട സേവനം മതിയാക്കി റൂമിലേക്ക് മടങ്ങുമ്പോൾ നിശ്ചയിച്ചതിലും  രണ്ടു മണിക്കൂർ താമസിച്ചിരുന്നു റൂമിൽ എത്തുമ്പോഴേക്കും തളർന്ന് അവശനായിരുന്നു.
അടുത്ത ഘട്ട സേവനത്തിനായി പോകേണ്ട സമയം നോക്കുമ്പോൾ നാലു മണിക്കൂർ മാത്രമാണ് നമുക്ക് മുന്നിൽ വിശ്രമത്തിനായി ഉണ്ടായിരുന്നത്. അതിനിടയിൽ കുളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യണം. ഉറങ്ങിയാൽ തലയുയർത്താൻ പറ്റുമോ എന്ന ആശങ്ക വല്ലാതെ ഉണ്ടായിരുന്നു എങ്കിലും മൂന്നുമണിക്കൂർ ഉള്ള ആ ഉറക്കം ശരീരത്തിന് എന്തെന്നില്ലാത്ത ഉന്മേഷം നൽകിയിരുന്നു.


രാത്രി വീണ്ടും അല്ലാഹുവിന്റെ അതിഥികൾക്ക് സഹായ ഹസ്തങ്ങൾ നീട്ടി നിൽക്കുന്നവരുടെ  കൂട്ടത്തിൽ അണിനിരന്നപ്പോൾ മനസ്സും ശരീരവും രാവിലെ ഏറ്റ ക്ഷീണത്തിന്റെ ഒരു തരിമ്പു പോലും പ്രകടിപ്പിച്ചില്ല എന്ന് മാത്രമല്ല പൂർവ്വാധികം ശക്തി ഞങ്ങളിൽ ഓരോരുത്തരുടെയും ഉള്ളിൽ ഉള്ളതായി പരസ്പരം പങ്കുവെക്കലുകളിലൂടെ ഞങ്ങൾ അറിഞ്ഞു. ഇത്തരം ഉന്മേഷത്തിന് പിന്നിൽ ഒരുപക്ഷേ നബ്ഹാൻ ഭായ് നിരന്തരം നമുക്ക് നടത്തിക്കൊണ്ടിരിക്കുന്ന പ്രബോധനങ്ങളും ദീനി വിഷയത്തിൽ വായനയിലൂടെയും മറ്റും അദ്ദേഹം നേടിയ അറിവ് ഞങ്ങളുമായി പങ്കുവെച്ചത് തന്നെയാണ് എന്ന് വിശ്വസിക്കുന്നു.വിശ്രമം കുറവുള്ള മൂന്ന് ദിനരാത്രങ്ങൾ കഴിഞ്ഞു പോയെങ്കിലും ആരും പറയത്തക്ക അവശരായിരുന്നില്ല.കാരണം കാഴ്ചകളും അനുഭവങ്ങളും നമ്മെ അത്രമാത്രം അവിടെ നിൽക്കാൻ പ്രചോദനം നൽകുന്നതായിരുന്നു. പലർക്കും ജോലിയിലെ അവധി അവസാനിക്കുന്നതിനുള്ള മനോവിഷമമമായിരുന്നു. കുറച്ചുദിവസം കൂടി നമുക്ക് കൂട്ടായ്മയിൽ അണിചേരണമെന്ന് ആഗ്രഹിക്കാത്ത ഒരാൾ പോലും കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. 


അവസാന ദിവസം വളണ്ടിയർ ആവാൻ രജിസ്റ്റർ ചെയ്തവരുടെ വയസ്സ് പറഞ്ഞുകൊണ്ട് മുനീർ സാഹിബ് നടത്തിയ പ്രസംഗത്തിൽ അത്ഭുതങ്ങൾ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. അമാൻ അലി സിനോജ് എന്ന 17 വയസ്സുകാരൻ സേവന മനോഭാവത്തോടുകൂടി സ്വയം മുന്നോട്ടു വരികയും എന്നാൽ അദ്ദേഹത്തിന്റെ വയസ്സ് അതിന് തടസ്സമായി നിന്നപ്പോൾ തന്റെ അപേക്ഷ പ്രത്യേക പരിഗണനയിൽ ഉൾപ്പെടുത്തണമെന്നും ഞാൻ അത്രമേൽ ആഗ്രഹിച്ചു വന്നതാണെന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ ഓഫീസർ പച്ചക്കൊടി കാണിച്ചു എന്ന കാര്യം പ്രസംഗത്തിൽ സൂചിപ്പിച്ച ശേഷം ചെറുപ്പക്കാരനെ അനുഭവങ്ങൾ പങ്കുവെക്കാൻ ക്ഷണിച്ചപ്പോൾ വളരെ ചുരുക്കം ചില വാക്കുകൾ കൊണ്ട് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചെങ്കിലും തുടർന്നുള്ള വർഷങ്ങളിലും ഹാജിമാരെ സേവിക്കാനുള്ള അവസരത്തിനു വേണ്ടി ദുആ വസിയത്ത് ചെയ്യാൻ അദ്ദേഹം മറന്നിരുന്നില്ല. മറ്റൊരാൾ 71 വയസ്സുള്ള മുഹമ്മദ് കുട്ടി ബാവ എന്ന നമ്മുടെയൊക്കെ പ്രിയപ്പെട്ട ബാവക്ക. ആ പ്രായത്തിലും തന്നെക്കൊണ്ട് പറ്റുന്നത് എന്തെങ്കിലും ഹാജിമാർക്ക് ചെയ്യുകയോ അല്ലെങ്കിൽ ഹാജിമാർക്ക് സേവനം ചെയ്യുന്നവർക്ക് സഹായിക്കുകയോ ചെയ്യാം എന്ന ആഗ്രഹത്തിൽ വന്നതാണ് അദ്ദേഹം. കാരണം വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയിൽ ഒരു മുടക്കം വരാൻ അദ്ദേഹത്തിന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.ഇതിനൊക്കെ പുറമെയായിരുന്നു സത്താർ മതിലകം എന്ന മനുഷ്യന്റെ വാക്ക് പാലിക്കലിന്റെ കഥ. അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും  ഒരു മാതൃകയായിരുന്നു. പെരുന്നാളിന്റെ തലേദിവസം തന്റെ മാതാവ് മരണപ്പെട്ട വിവരം അറിഞ്ഞിട്ടും താൻ ഏറ്റെടുത്ത ചുമതലകളിൽ നിന്ന് അല്പം പിന്നോട്ട് പോയാൽ അവിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ആ മാനസികാവസ്ഥയിലും ചുറ്റുമുള്ളവർക്ക് പല സഹായങ്ങൾ നൽകി ത്യാഗത്തിന്റെ പെരുന്നാളിനെ ഭംഗിയാക്കിയ ആ മഹാ മനുഷ്യനെക്കുറിച്ച് പരാമർശിക്കാതെ പോകുന്നത് സത്യത്തോടുള്ള മുഖം തിരിക്കലാവും.
ഇത്രയൊക്കെ എഴുതുകയും ഓർമ്മപ്പെടുത്തുകയും ചെയ്യുന്നത് ഇത് വായിക്കുന്ന ഏതെങ്കിലും ഒരു വായനക്കാരന് അടുത്ത വർഷം ഹജ് വളണ്ടിയർ ആവാൻ മോഹം ഉണ്ടാവട്ടെ എന്ന അതിയായ ആഗ്രഹത്തിന്റെ പുറത്താണ്.  പെരുന്നാൾ അവധി ഉറങ്ങി തീർക്കുമ്പോൾ എത്രയോ മനോഹരമായ കാഴ്ചകളും അനുഭവങ്ങളുമാണ് നിങ്ങൾക്ക് നഷ്ടമാവുന്നത്. തീർച്ചയായും പറ്റുന്ന എല്ലാവരും ഒന്ന് ശ്രമിക്കുകയെങ്കിലും വേണം. കാരണം മിനായിലെ അതിമനോഹരമായ കാഴ്ചകൾ അപ്പോഴല്ലാതെ മറ്റൊരു അവസരത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കില്ല. 

Latest News