തിരുവനന്തപുരം - മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മാവേലി എക്‌സ്പ്രസ് ചോര്‍ന്നൊലിച്ചു. കോച്ചുകളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് സീറ്റിനടിയില്‍ വെച്ചിരുന്ന യാത്രക്കാരുടെ ലഗേജുകള്‍ നനഞ്ഞു കുതിര്‍ന്നു. മാവേലി എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചുകളിലും സെക്കന്‍ഡ് എസി കോച്ചുകളിലുമാണ് പ്രധാനമായും ചോര്‍ച്ചയുണ്ടായത്. ഇതോടെ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. മംഗലാപുരത്ത് നിന്ന് ട്രെയിന്‍ കാസര്‍കോട് എത്തിയപ്പോള്‍ കനത്ത മഴ പെയ്തതോടെയാണ് ചോര്‍ച്ച ആരംഭിച്ചത്. കോച്ചുകളിലെ ലൈറ്റുകള്‍ക്കിടയിലൂടെയാണ് വെള്ളം ഒലിച്ചിറങ്ങിയത്. നനയാതിരിക്കാന്‍ യാത്രക്കാരില്‍ പലരും അപ്പര്‍ ബര്‍ത്തില്‍ കയറുകയായിരുന്നു. മംഗലാപുരത്തേക്ക് തിരിച്ചു പോയ ട്രെയിനിലും ചോര്‍ച്ച ഉണ്ടായിരുന്നെന്ന് ഇതില്‍ സഞ്ചരിച്ച യാത്രക്കാര്‍ പറഞ്ഞു. മറ്റ് റെയില്‍വെ ഡിവിഷനുകളിലെ പഴകിയതും ഉപേക്ഷിച്ചതുമായ ബോഗികളാണ് കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ ഘടിപ്പിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങളെ പൂര്‍ണ്ണമായി ശരിവെയ്ക്കുന്നതാണ് ട്രെയിന്‍ ചോര്‍ന്നൊലിച്ച സംഭവം.