ഹായില്‍ - രണ്ടാഴ്ച മുമ്പ് കാണാതായ സഹോദരിമാരായ സൗദി യുവതികളെ അല്‍ഖസീമിലെ ഇസ്തിറാഹയില്‍ നാലു യുവാക്കള്‍ക്കൊപ്പം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാക്കളെ ബുറൈദ പോലീസ് അറസ്റ്റ് ചെയ്തു. ഹായിലിന് തെക്ക് 200 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമത്തിലെ കുടുംബ വീട്ടില്‍ നിന്നാണ് 22 ഉം 24 ഉം വയസ് പ്രായമുള്ള യുവതികളെ രണ്ടാഴ്ച മുമ്പ് കാണാതായത്. ഹായിലിലെയും മദീനയിലെയും ബന്ധുക്കളുടെ വീടുകളിലും ആശുപത്രികളിലും അന്വേഷണം നടത്തിയിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു. യുവതികളും കുടുംബാംഗങ്ങളും തമ്മില്‍ കലഹങ്ങളും തര്‍ക്കങ്ങളും നിലവിലുണ്ടായിരുന്നുമില്ല.
ഹായില്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ഖസീം, മദീന, തബൂക്ക് പ്രവിശ്യകളിലെ സുരക്ഷാ വകുപ്പുകള്‍ സംയുക്തമായി നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് ബുറൈദ അല്‍ദാഹി ഡിസ്ട്രിക്ടിലെ ഇസ്തിറാഹയില്‍ നാലു യുവാക്കള്‍ക്കൊപ്പം യുവതികളെ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ഒളിച്ചോടുന്നതിന് യുവതികളെ ഇവര്‍ പ്രേരിപ്പിക്കുകയായിരുന്നെന്നാണ് കരുതുന്നത്. യുവതികളെ അല്‍ഖസീം പോലീസ് ഹായില്‍ പോലീസിന് കൈമാറി. യുവാക്കള്‍ക്കെതിരായ കേസ് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.