തിരുവനന്തപുരം - അഴിമതിക്കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് വിജിലന്‍സിന് മൂന്നു മാസം മുതല്‍ 12 മാസം വരെ സമയപരിധി നിശ്ചയിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അന്വേഷണം നീണ്ടുപോകാതിരിക്കാന്‍ ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് ഉത്തരവ്. വിവിധ അഴിമതിക്കേസുകളിലെ അന്വേഷണം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് സമയപരിധി നിശ്ചയിച്ചത്. വിജിലന്‍സ് നടത്തുന്ന മിന്നല്‍ പരിശോധനക്കു ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ ശുപാര്‍ശകള്‍ ഒരു മാസത്തിനകം നല്‍കണം, ഒരു വ്യക്തിയെ കുറിച്ചോ സ്ഥാപനത്തെ കുറിച്ചോ, അഴിമതിയെ കുറിച്ചോ രഹസ്യ അന്വേഷണം ആരംഭിച്ചാല്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. ഡയറക്ടര്‍ അനുമതി നല്‍കുന്ന പ്രാഥമിക അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണം, കൈക്കൂലി വാങ്ങുമ്പോള്‍ കൈയോടെ പിടികൂടിയാല്‍ ആറ് മാസത്തിനകം കുറ്റപത്രം നല്‍കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.