ജനാധിപത്യ സംവിധാനത്തിൽ മന്ത്രിമാർക്കോ ജനപ്രതിനിധികൾക്കോ അവരെ നിയന്ത്രിക്കുന്ന പാർട്ടികൾക്കോ ജനങ്ങളിൽ നിന്ന് എന്താണ് മറയ്ക്കാനുള്ളത്. ഒന്നുമില്ല, ഉണ്ടാകരുത്. എന്നാൽ അതല്ലല്ലോ നടക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമമനുസരിച്ചുപോലും നൽകാത്ത സന്ദർഭങ്ങൾ നമ്മൾ കണ്ടല്ലോ. എന്നാൽ ഉമ്മൻ ചാണ്ടി ചെയ്തത് മറ്റൊന്നായിരുന്നു. തന്റെ ഓഫീസിൽ വെബ് ക്യാമറ വെച്ച് അവിടെ നടക്കുന്നതെല്ലാം ലോകത്തെവിടെയിരുന്നും ആർക്കും കാണാവുന്ന രീതിയിൽ സജ്ജീകരിച്ച മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയ ചരിത്രത്തിൽ ആർക്കും ലഭിക്കാത്ത രീതിയിൽ ജനലക്ഷങ്ങളുടെ ആദരവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ ചേതനയറ്റ ഭൗതിക ശരീരവുമായുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് കോട്ടയത്തെത്താൻ 27 മണിക്കുറിലധികം എടുത്തു എന്നതു മാത്രം മതി അതിനുള്ള തെളിവായി. ഇതിന്റെ ഉത്തരം അന്വേഷിച്ചാൽ നാമെത്തുക ജനാധിപത്യ സംവിധാനം ഇന്നു നേരിടുന്ന പ്രതിസന്ധിയിലേക്കാണ്. ഒപ്പം എങ്ങനെ ഉമ്മൻ ചാണ്ടി ആ പ്രതിസന്ധികളെ മറികടക്കാൻ ശ്രമിച്ചു എന്നതിലേക്കും.
തീർച്ചയായും ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്ന് കാര്യമായി ആരും പറയുമെന്നു തോന്നുന്നില്ല. കാലം മാറുന്നതിനനുസരിച്ച് സ്വാഭാവികമായം ഉണ്ടാകേണ്ട വികസനം പോലും കേരളത്തിൽ ഒരു കാലത്തും ഉണ്ടായിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ കാലത്തും മറ്റെല്ലാ മുഖ്യമന്ത്രിമാരുടെയും കാലത്തെ പോലെ കുറെ വികസന പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. എന്നാൽ വികസന നായകൻ എന്നു വിളിക്കാവുന്ന ഒരു മുഖ്യമന്ത്രിയും നമുക്കുണ്ടായിട്ടില്ല - ഉമ്മൻ ചാണ്ടിയടക്കം. അദ്ദേഹം ഒരിക്കലും ബുദ്ധിജീവിയോ സൈദ്ധാന്തികനോ മികച്ച പ്രഭാഷകനോ എഴുത്തുകാരനോ ഒന്നുമായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ട് ഉമ്മൻ ചാണ്ടി മറ്റെല്ലാ മുഖ്യമന്ത്രിമാരിൽ നിന്നു വ്യത്യസ്തനാകുന്നു എന്ന് അന്വേഷിക്കുമ്പോഴാണ് നമ്മൾ ജനാധിപത്യ സംവിധാനത്തിന്റെ നേട്ടങ്ങളിലേക്കും കോട്ടങ്ങളിലേക്കും എത്തുക.
ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ജനകീയതയും ജനങ്ങളിലുള്ള വിശ്വാസവും സുതാര്യതയും പ്രതിപക്ഷ ബഹുമാനവുമാണ് ഉമ്മൻ ചാണ്ടിയെ കേരളം ഇന്നോളം കണ്ട മറ്റു ഭരണത്തലവന്മാരിൽ നിന്നു വ്യത്യസ്തനാക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിലെ ഭരണാധികാരിക്കു വേണ്ട അവശ്യം ഗുണങ്ങൾ ഇവ തന്നെയാണ്.
ജനങ്ങളിൽ നിന്നു മറച്ചുവെക്കേണ്ടതായ ഒന്നും തനിക്കില്ലെന്ന പ്രഖ്യാപനം തന്നെയായിരുന്നു അത്. ആ നടപടി മൂലം അദ്ദേഹം നേരിട്ട പ്രശ്‌നങ്ങൾ എല്ലാവർക്കുമറിയാവുന്നതാണല്ലോ. എന്നാലും സ്വന്തം നിലപാട് അദ്ദേഹം തിരുത്തിയില്ല. പിന്നീട് സ്ഥാനമേറ്റ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ പാത പിന്തുടരാൻ തയാറായില്ല എന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.
എല്ലാവരും ആവർത്തിക്കുന്ന പോലെ അദ്ദേഹം ജീവിച്ചത് ജനങ്ങൾക്കിടയിലായിരുന്നു. ജനാധിപത്യ സംവിധാനത്തിൽ ഒരു മുഖ്യമന്ത്രി ജീവിക്കേണ്ടത് അങ്ങനെ തന്നെയാണ്. അല്ലാതെ നിരവധി വാഹനങ്ങളുടെ വ്യൂഹത്തിന്റെ അകമ്പടിയോടെ പാഞ്ഞുപോകുകയല്ല. മുൻകൂട്ടിയുള്ള അപ്പോയ്‌മെന്റ് ഇല്ലാതെ, ഒരു നേതാവിനെയും ആശ്രയിക്കാതെ ആർക്കും അദ്ദേഹത്തെ കാണാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പാർട്ടികളാണ് ജനാധിപത്യത്തിന്റെ നട്ടെല്ല് എങ്കിലും അധികാരത്തിലിരിക്കുന്ന ഭരണാധികാരിയെ കാണാൻ ജനങ്ങൾക്ക് എപ്പോഴും അവകാശമുണ്ടെന്നു അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. അല്ലെങ്കിലത് ജനാധിപത്യമല്ല, പാർട്ടി ആധിപത്യമാകും എന്നദ്ദേഹം ധരിച്ചിരുന്നിരിക്കണം. ഒരിക്കൽ തനിക്കു നേരെ ആക്രമണമുണ്ടായിട്ടും ആ നയത്തിൽ നിന്നു പിൻ മാറാൻ അദ്ദേഹം തയാരായില്ല എന്നതും ഓർക്കേണ്ടതാണ്. ഇതിന്റെ തുടർച്ച തന്നെയാണ് സംസ്‌കാരച്ചടങ്ങിൽ ആചാര വെടിയോ ഔദ്യോഗിക ബഹുമതികളോ വേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചതും.
ഒരേസമയം ഒരുപാട് പ്രശംസകളും വിമർശനങ്ങളും ഏറ്റുവാങ്ങിയ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടി. 24 മണിക്കൂറൊക്കെ നിന്ന നിൽപിൽ നിന്ന് ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കുകയും കഴിയുന്നത്ര പരിഹാരമുണ്ടാക്കുകയും ചെയ്തിരുന്ന ആ ജനസമ്പർക്കത്തെ കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. അതേസമയം ക്ലർക്കുമാർ ചെയ്യേണ്ടതായ കാര്യങ്ങളാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും വിമർശനം ഉയർന്നിരുന്നു. ആ വിമർശനത്തിൽ കഴമ്പുണ്ടാകാം. പക്ഷേ മറ്റൊന്നുണ്ട്. പിണറായി മുഖ്യമന്ത്രിയായി ചാർജെടുത്ത ദിവസം സർക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞ വാചകം വളരെ പ്രസിദ്ധമാണല്ലോ. നിങ്ങളുടെ മുന്നിലെ ഓരോ ഫയലിനു പിറകിലും ഓരോ ജീവിതമുണ്ടെന്നോർക്കണമെന്ന്. പിന്നീട് പലപ്പോഴും അദ്ദേഹമത് ആവർത്തിച്ചു. ഏതാനും ദിവസം മുമ്പുപോലും. കംപ്യൂട്ടറൈസേഷൻ ഇത്ര മാത്രം മുന്നോട്ടു പോയിട്ടും ഇപ്പോഴും അവരുടെ മുന്നിലെ ഫയൽ മലക്കു വലിയ ഇടിവില്ല എന്നതാണ് വസ്തുത. ഉള്ളിൽ ഫ്യൂഡൽ മനസ്സുമായി ജീവിക്കുകയും സംഘടിത ശക്തിയാൽ എന്തിനെയും എതിർത്തു തോൽപിക്കുകയും ചെയ്യുന്ന സർക്കാർ ജീവനക്കാരെ വിശ്വാസമില്ലാത്തതിനാലായിരിക്കണം ജനങ്ങളോടാണ് തന്റെ പ്രാഥമിക ഉത്തരവാദിത്തമെന്നു വിശ്വസിച്ച ഉമ്മൻ ചാണ്ടി അത്തരമൊരു ശൈലി സ്വീകരിച്ചത്.
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ - വ്യക്തി ജീവിതത്തിൽ ഏറെ പ്രശ്‌നങ്ങളുണ്ടാക്കിയ സോളാർ കേസിനെ അദ്ദേഹം നേരിട്ട ശൈലി മാത്രം കണ്ടാൽ മതി, ജനാധിപത്യത്തിൽ ജനങ്ങളിൽ ഒരു ഭരണാധികാരിക്കുള്ള വിശ്വാസം ബോധ്യമാകാൻ. ആരും തകരുന്ന സന്ദർഭത്തിൽ പോലും പതറാതെ നിലയുറപ്പിക്കുകയും അപ്പോഴും അടിസ്ഥാനരഹിത ആരോപണമുന്നയിച്ചവരോടും അതിനെ ഏറെ ആഘോഷിച്ച മാധ്യമങ്ങളോടും അദ്ദേഹം പുലർത്തിയ സഹിഷ്ണുത സമാനതകളില്ലാത്തതാണ്. ജനാധിപത്യത്തിന്റെ മറ്റൊരു അടിസ്ഥാന ഘടകമായ പ്രതിപക്ഷ ബഹുമാനത്തെയാണ് അത് വെളിവാക്കുന്നത്.
പ്രതിപക്ഷവും മാധ്യമങ്ങളും ഉണ്ടെങ്കിലേ ജനാധിപത്യം പൂർണമാകൂ എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇന്നു ഇന്ത്യയിലും കേരളത്തിൽ പോലും നടക്കുന്ന സംഭവങ്ങൾ ശ്രദ്ധിച്ചാൽ ആ വ്യത്യാസം ബോധ്യമാകും. അതുപോലെ തന്നെയാണ് നീതിന്യായ സംവിധാനത്തിൽ നിന്നു അദ്ദേഹം കൃത്യമായ അകലം പാലിച്ചതും. ഒരു കേസിലും അവയെ സ്വാധീനിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. സോളാർ അന്വേഷണ കമ്മീഷനു മുന്നിൽ മണിക്കൂറുകളോളം ഇരുന്നു കൊടുത്ത അദ്ദേഹത്തിന്റെ ചിത്രം തന്നെ അതിനുള്ള തെളിവാണല്ലോ.