തിരൂർ- റാന്നി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒരാളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസിലെ പ്രതിയും തിരൂർ പറവണ്ണ സ്വദേശിയുമായ അരയന്റെ പുരക്കൽ അബ്ബാസിന്റെ മകൻ ഫെമീസ് (26) ആണ് അറസ്റ്റിലായത്. പോലീസിനെ കണ്ട് കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. റാന്നി സ്വദേശി ജിക്കുമോനെ (24) യാണ് ജൂൺ 22 ന് തട്ടിക്കൊണ്ടു പോയത്. മകനെ കാണാനില്ലെന്നു കാണിച്ച് ജിക്കുമോന്റെ പിതാവ് റാന്നി പോലീസിൽ പരാതിപ്പെട്ടിരുന്നു. മകനെ മോചിപ്പാക്കാൻ അക്രമികൾ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി പിതാവ് പോലീസിനോട് പറഞ്ഞിരുന്നു.
മൊബൈൽ ടവർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടക്കവേ ക്രൂരമായി മർദ്ദനമേറ്റ് അവശനിലയിൽ ജിക്കുമോനേയും എറണാകുളം സ്വദേശിയായ സുഹൃത്തിനേയും കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പറവണ്ണ കേന്ദ്രീകരിച്ച് പുതിയതായി രൂപം കൊണ്ട ഫെമീസിന്റെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് ഗുണ്ടാ മാഫിയയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകലിന് 26 ന് തിരൂർ പോലീസ് കേസു റജിസ്റ്റർ ചെയ്തു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ജിക്കുമോന് ഫെമീസിന്റെ സംഘവുമായി രണ്ടു വർഷത്തെ പരിചയമുണ്ട്. ഇവരുമായി സാമ്പത്തിക ഇടപാടുമുണ്ട്. സംഭവ ദിവസം ജിക്കുമോൻ എറണാകുളത്തുകാരനായ സുഹൃത്തുമൊത്ത് കോഴിക്കോട്ടു നിന്നും റാന്നിയിലേക്ക് ബൈക്കിൽ വരികയായിരുന്നു.
എടരിക്കോട്ടെത്തിയപ്പോൾ തിരൂരിൽ മദ്യപിച്ചിരിക്കുകയായിരുന്ന ഫെമീസും സംഘവും ജിക്കുമോനെ മൊബൈലിൽ വിളിച്ച് തിരൂരിലെത്താൻ ആവശ്യപ്പെട്ടു.അതനുസരിച്ച് എത്തിയപ്പോഴാണ് ഇരുവരേയും ബന്ദികളാക്കിയത്. ഇവരുടെ സങ്കേതത്തിൽ വെച്ച് ജിക്കുമോനേയും സുഹൃത്തിനേയും മർദ്ദിച്ച ശേഷം ജിക്കുമോന്റെ അച്ഛന്റെ ഫോണിൽ വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. കൊടുത്തില്ലെങ്കിൽ മകനെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് മോചന ദ്രവ്യം അമ്പതിനായിരം രൂപയാക്കി കുറച്ചു. ഇതിനിടെ പോലീസ് അന്വേഷണം തുടങ്ങിയ വിവരം അറിഞ്ഞ് മർദ്ദിച്ച് അവശരാക്കിയ ശേഷം ജിക്കുമോനേയും കൂട്ടുകാരനേയും വഴിയിൽ തള്ളുകയായിരുന്നു. ജിക്കുമോന്റെ ബൈക്കും 13,000 രൂപയും മൊബൈൽ ഫോണും കവർന്നു. അതിനു ശേഷം സംഘം മേട്ടുപാളയത്തിലേക്ക് കടന്നു. പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധമുള്ളതായി തിരൂർ എസ്.എച്ച്.ഒ.സുമേഷ് സുധാകർ പറഞ്ഞു. ആറ് പേരാണ് തട്ടിക്കൊണ്ടു പോകൽ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റിലായ ഫെമീസ് കേസിലെ ഒന്നാം പ്രതിയാണ്. കഞ്ചാവ് കടത്ത്, വീട് കയറി അക്രമം അടക്കം പത്തോളം കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. സംഘത്തിൽ വേളാപുരം കടപ്പുറം സമീറിനേയും പോലീസ് തിരിച്ചറിഞ്ഞു. കേസിൽ അഞ്ചു പേർ കൂടി അറസ്റ്റിലാവാനുണ്ട്. പോലീസ് എത്തിയത് അറിഞ്ഞ ഫെമീസ് ഇരുനില കെട്ടിടത്തിൽ നിന്നും ചാടി രക്ഷപ്പൊൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. കൈവിലങ്ങോടെ സ്റ്റേഷനിൽ നിന്നു രക്ഷപ്പെടാനും ഫെമീസ് ശ്രമിച്ചു.