കാസർക്കോട്- കാഞ്ഞങ്ങാട് ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പ് കേസിലെ പ്രതിയുടെ ഹരജിയിൽ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്തു. ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ എന്ന നിലയിൽ തനിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന കളനാട് കട്ടക്കാൽ ന്യൂ വൈറ്റ് ഹൗസിൽ എസ്.കെ മുഹമ്മദ് കുഞ്ഞി(78)യുടെ ഹരജിയിലാണ് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്(രണ്ട്)കോടതി മേൽപ്പറമ്പ് പോലീസിനോട് കേസെടുക്കാൻ നിർദ്ദേശിച്ചത്. കേസെടുത്ത പോലീസ് അന്വേഷണവും തുടങ്ങി.
സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ടി.കെ പൂക്കോയതങ്ങൾ, മകൻ അഞ്ചരപ്പാട്ടിൽ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവരും കേസിലെ മറ്റു പ്രതികളാണ്. നിക്ഷേപതട്ടിപ്പ് കേസിലെ പതിനൊന്നാം പ്രതിയാണ് മുഹമ്മദ് കുഞ്ഞി. തന്റെ സമ്മതമില്ലാതെയാണ് സ്ഥാപനത്തിന്റെ ഡയറക്ടറാക്കി തന്നെ നിയമിച്ചത് എന്നാണ് മുഹമ്മദ് കുഞ്ഞിയുടെ വാദം. മുൻ എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ എം.സി ഖമറുദ്ദീനും പൂക്കോയ തങ്ങളും ഉൾപ്പെടെയുള്ളവർ പ്രതിയായ കേസാണിത്.