ജിദ്ദ- ഖത്തറിൽ നിന്നുള്ള ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷന് ഹജ്, ഉംറ മന്ത്രാലയം തുടക്കം കുറിച്ചു. ഖത്തറിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് രജിസ്റ്റർ ചെയ്യുന്നതിനും അനുയോജ്യമായ സേവനങ്ങൾ തെരഞ്ഞെടുക്കുന്നതിനുമുള്ള ഇ-ലിങ്ക് ഹജ്, ഉംറ മന്ത്രാലയം ഇന്നലെ ഉദ്ഘാടനം ചെയ്തു. ഖത്തറിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് ഖത്തർ ഔഖാഫ് മന്ത്രാലയം സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കുന്നതിന് കൂട്ടാക്കാത്ത പശ്ചാത്തലത്തിലാണ് ഖത്തരി തീർഥാടകരുടെ രജിസ്‌ട്രേഷന് ഹജ്, ഉംറ മന്ത്രാലയം സ്വന്തം നിലക്ക് സൗകര്യം ഏർപ്പെടുത്തിയത്. ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഹജ്, ഉംറ തീർഥാടകരെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു. പ്രയാസരഹിതമായി കർമങ്ങൾ നിർവഹിക്കുന്നതിന് തീർഥാടകരെ സഹായിക്കുന്ന സേവനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിന് മുഴുവൻ ശ്രമങ്ങളും നടത്തുന്നത് സൗദി അറേബ്യ തുടരുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.