തൊടുപുഴ-ജോലി കഴിഞ്ഞു രാത്രിയില്‍ സ്കൂട്ടറില്‍ വീട്ടിലേക്കു പോയ നഴ്സിനു നേരെ ലൈംഗികാതിക്രമം. നഴ്സിന്റെ സ്കൂട്ടറിനു പിന്നാലെ ബൈക്കിലെത്തിയ അക്രമി സ്കൂട്ടറിന്റെ വേഗം കുറഞ്ഞ സമയത്ത് ഒപ്പമെത്തി കടന്നുപിടിക്കുകയായിരുന്നു. തൊടുപുഴ വണ്ണപ്പുറത്തു വ്യാഴാഴ്ച രാത്രി 8.30നാണു സംഭവം.
സ്വകാര്യ ആശുപത്രിയിലെ നഴ്സിനു നേരെയാണ് ആക്രമണം. വണ്ണപ്പുറം ടൗണില്‍നിന്നു വീട്ടിലേക്കുള്ള ചെറിയ വഴി തിരിയാന്‍ സ്കൂട്ടറിന്റെ വേഗം കുറച്ചപ്പോള്‍ പിന്നില്‍ നിന്നു ബൈക്കിലെത്തിയാണ് ഉപദ്രവിച്ചത്. ഭയന്നുപോയ യുവതി സ്കൂട്ടര്‍ നിര്‍ത്തി ശബ്ദമുണ്ടാക്കി. ഇതോടെ അക്രമി ബൈക്ക് തിരിച്ചു വേഗത്തിലോടിച്ചു കടന്നു കളഞ്ഞു. കാളിയാര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതിയെ കണ്ടെത്താനും പോലീസ് ശ്രമം തുടങ്ങി.