തിരുവനന്തപുരം- ഇന്നലെ പെയ്ത കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപകമായ നാശനഷ്ടം. കണ്ണൂരിൽ ഓട്ടോറിക്ഷക്കുമേൽ മരം വീണ് യുവതി മരിച്ചു. ഇരിട്ടി എടത്തൊടികയിലായിരുന്നു അപകടം. ആര്യപ്പറമ്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിതാര(20)യാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. കനത്ത മഴയിൽ വഴിവക്കിൽനിന്നിരുന്ന മരം ഒടിഞ്ഞ് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോക്കുമേൽ വീഴുകയായിരുന്നു. നാളെ വരെ സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കേരളാ ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ചില സമയങ്ങളിൽ 70 കിലോമാറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം ജില്ലയിലെ വന പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ നെയ്യാർ ഡാമിലെ നാല് ഷട്ടറുകൾ ഒമ്പത് ഇഞ്ച് തുറന്നു. നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു. അതിനിടെ അഞ്ചുതെങ്ങിൽ കടലാക്രമണം രൂക്ഷമാണ്. നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്തു. നഗരൂർ പാവൂർകോണം ബേബി നിവാസിൽ വിധവയായ ബേബി (65) യുടെ വീടിന് മുകളിലൂടെ മരം കടപുഴകിവീണു. വീട് പൂർണമായും തകർന്നു. രൂക്ഷമായ കടലാക്രമണം മൂലം തൃശൂർ എറിയാട് നൂറുകണക്കിനു വീടുകൾ വെള്ളത്തിലാണ്. മരങ്ങൾ വീണ് പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. തകർന്ന റോഡുകൾ മൂലം കുതിരാൻ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീളുകയാണ്. വയനാട് ജില്ലയിൽ മഴ ശക്തമായതോടെ ജലനിരപ്പ് ഉയർന്നതിനാൽ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു. 774 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കരമാൻ തോട്ടിലൂടെ വെള്ളം പനമരം പുഴയിലേക്കാണ് തുറന്നു വിടുക. തോടിന്റെ ഇരുവശവും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ രണ്ടായിരത്തി മുന്നൂറോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
അതേസമയം, മാനന്തവാടി പേരിയയിൽ ഒഴുക്കിൽപ്പെട്ട ഏഴു വയസുകാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. തിരച്ചിലിനായി നാവികസേന കൂടിയെത്തിയിട്ടുണ്ട്.
മൂന്നാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ, ആറുമാസം പ്രായമുള്ള കുഞ്ഞുൾപ്പടെ മൂന്നു പേർക്കായുള്ള തിരച്ചിൽ ഇന്നലെ രാവിലെ പുനരാരംഭിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ ഒരടി ഉയർത്തിയതായി കെ.എസ്.ഇ.ബി അറിയിച്ചു. ഇടുക്കി ആനവിലാസത്ത് ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് ഭാഗീകമായി തകരുകയും ചെയ്തു. ചോളച്ചുവട് സ്വദേശി സോമന്റെ വീടിനു മുകളിലാണ് മരം വീണത്. ഇടുക്കിയിലെ കട്ടപ്പന വലിയകണ്ടത്തും ആനവിലാസം ചേലച്ചുവട്ടിലുമാണ് മരം കടപുഴകിവീണ് വീടുകൾ ഭാഗികമായി തകർന്നത്. മറയൂർ പ്രദേശത്തും വൻ നാശനഷ്ടമുണ്ടായി. നിരവധി ചന്ദന മരങ്ങൾ ഒടിഞ്ഞു വീണു. ജില്ലയിൽ പലയിടത്തും വൈദ്യുതി ബന്ധം നിലച്ചിട്ട് രണ്ട് ദിവസം പിന്നിട്ടു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 127.5 അടിയായി ഉയർന്നു കോഴിക്കോട് ജില്ലയിലും കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
താമരശ്ശേരി മാതൃ ശിശു ആശുപത്രിക്ക് മുകളിൽ ആൽമരം കടപുഴകി വീണു. ആർക്കും പരുക്കില്ല. കുട്ടികളുടെ വാർഡിന്റെ മേൽക്കൂരയും, പുതിയ കാഷ്വാലിറ്റി കെട്ടിടത്തിന്റെ മേൽക്കൂരയും കാറ്റിൽ പറന്നുപോയി. കുറ്റിയാടി കുണ്ടുതോട്, മാമ്പിലാട്, തോട്ടക്കാട് പ്രദേശങ്ങളിലും കൂടരഞ്ഞി, തിരുവമ്പാടി പ്രദേശങ്ങളിലും കൃഷി നശിച്ചു. വൻ മരങ്ങൾ വീണ് പ്രദേശത്തെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. പുതുപ്പാടി മലപുറത്ത് മരം വീണ് ഇലക്ട്രിക് പോസ്റ്റ് ട്രാവലർ വാനിന് മുകളിൽ പതിച്ചെങ്കിലും വൻ ദുരന്തം ഒഴിവായി. പലയിടത്തും കടലാക്രമണവും ഉണ്ടായി.
കോഴിക്കോട് ജില്ലയിൽ ഒരാഴ്ചയായി ശക്തമായ മഴ തുടരുകയാണ്. ഇതിനിടെയാണ് ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്. ശനിയാഴ്ച വൈകിട്ടുണ്ടായ ചുഴലിക്കാറ്റിൽ വയനാട്-കോഴിക്കോട് ദേശീയപാതയിൽ പുതുപ്പാടി മലപുറം നെരൂക്കുംചാലിൽ വൻ മരം കടപുഴകി റോഡിലേക്ക് വീണു. ഇതേ തുടർന്ന് നാല് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. ഇതോടെ ദേശീയ പാതയിൽ പൂർണമായും ഗതാഗതം തടസപ്പെട്ടു. പോസ്റ്റുകളിലൊന്ന് ടെമ്പോ ട്രാവലറിന് മുകളിൽ പതിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. താമരശ്ശേരി മാതൃശിശു ആശുപത്രിക്ക് മുകളിൽ കൂറ്റൻ ആൽ മരം കടപുഴകി വീണു. കുറ്റിയാടി കാവിലുംപാറയിൽ മരം വീണ് ഏഴ് വീടുകൾ ഭാഗികമായി തകർന്നു. വടകര താഴെ അങ്ങാടിയിൽ ശക്തമായ കടലാക്രമണത്തിൽ തീരത്തെ നിരവധി തെങ്ങുകൾ കടപുഴകി. പല സ്ഥലങ്ങളിലും വീടുകളിലേക്ക് ഉൾപ്പെടെ വെള്ളം കയറി. വ്യാപകമായ കൃഷിനാശവും ഉണ്ടായി. മരം വീണ് വൈദ്യുതി തടസപെട്ട ഭാഗങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ സമയമെടുക്കും.
രണ്ടു ദിവസമായി തുടരുന്ന ശക്തമായ കാറ്റും കനത്ത മഴയും കോട്ടയം ജില്ലയിൽ വ്യാപക നാശം വിതച്ചു. 150 വീടുകൾ തകർന്നു. റവന്യൂവകുപ്പിൻെറ കണക്കു പ്രകാരം രണ്ടുദിവസത്തെ കാറ്റിലും മഴയിലുമായി 150 വീടുകൾ ഭാഗികമായി തകർന്നു. ജില്ലയിലെ വിവിധതാലൂക്കുകളിലായി ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത് . കോട്ടയം താലൂക്കിൽ മാത്രം 40 വീടുകൾ തകർന്നു. പനച്ചിക്കാട്, നാട്ടകം വില്ലേജുകളിലാണ് ഏറെയും നാശനഷ്ടം. വേളൂർ സെൻറ് ജോൺസ് യു.പി.സ്‌കൂളിൽ ദുരിതാശ്വാസക്യാമ്പും തുറന്നു. എട്ട് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെ മുതൽ പെയ്ത മഴയിലാണ് ഏറെയും നാശം. കാലവർഷത്തിലും വെള്ളപ്പൊക്കത്തിലും റബറും നെൽകൃഷിയും വ്യാപകമായി നശിച്ചു. 100ലധികം പോസ്റ്റുകൾ തകർന്നതിൽ കെ.എസ്.ഇ.ബിയുടെ നഷ്ടം 40 ലക്ഷം കവിഞ്ഞു. കനത്ത കാറ്റിൽ മരം വീണ് പോസ്റ്റ് ഒടിഞ്ഞും ലൈനുകൾ തകരാറിലായുമാണ് പലയിടത്തും വൈദ്യുതി വിതരണം അവതാളത്തിലാണ്. ഞായറാഴ്ച ഉച്ചയോടെ ഭാഗികമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും രാത്രി വൈകിയും പലയിടങ്ങളിലും വൈദ്യുതി നിലച്ച് തന്നെയാണ്.
ശക്തമായ കാറ്റിലും മഴയിലും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകനാശം. കാർഷിക വിളകൾക്ക് വൻതോതിൽ നാശം സംഭവിച്ചു. പലയിടത്തും മരം വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ വീണ് ഗതാഗതം സതംഭിച്ചു. കടൽക്ഷോഭത്തെ തുടർന്ന് കടലോര മേഖല ഭീതിയിലാണ്.
മലയോര പ്രദേശങ്ങളിൽ വ്യാപകമായി കൃഷി നാശമുണ്ടായിട്ടുണ്ട്. റബ്ബർ ഉൾപ്പടെയുള്ള മരങ്ങൾ പൊട്ടി വീണ് വൻനഷ്ടമാണുണ്ടായത്. പുഴകൾ നിറഞ്ഞൊഴുകി പലയിടത്തും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. മലപ്പുറം കോഡൂരിൽ നിരവധി മരങ്ങൾ കാറ്റിൽ കടപുഴകി വീണു. റോഡിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണത് ഏറെ നേരം ഗതാഗതം തടസ്സപ്പെടുത്തി.
വയനാട് ജില്ലയിൽ വ്യാപകമായി ഇന്നലെ പകൽ ഇടവിട്ട് ശക്തമായ മഴ പെയ്തു. ചില പ്രദേശങ്ങളിൽ കനത്ത കാറ്റും വീശി. എങ്കിലും ഒരു വീട് ഭാഗികമായി തകർന്നതും വിളനാശവും ഒഴിച്ചാൽ കാര്യമായ കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭരണ ശേഷിക്കടുത്ത് വെള്ളം എത്തിയ സാഹചര്യത്തിൽ ബാണാസുര അണയുടെ സ്പിൽവേ ഷട്ടറുകളിൽ ഒന്ന് ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ തുറന്നു. കാരാപ്പുഴ അണയുടെ ഷട്ടറുകൾ ദിവസങ്ങൾ മുമ്പേ ഭാഗികമായി തുറന്നിട്ടിരിക്കയാണ്.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതു ഒഴികെ വിദ്യാലയങ്ങൾക്കു ഇന്നു പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ കലക്ടർ എ.ആർ. അജയകുമാർ അറിയിച്ചു. ജില്ലയിൽ 29 ദുരിതാശ്വാസ ക്യാമ്പുകളിലായി 2086 പേരാണ് കഴിയുന്നത്. മഴ അതിശക്തമായി പെയ്ത ദിവസങ്ങളിൽ 44 ദുരിതാശ്വാസ ക്യാമ്പുകളാണ് ഉണ്ടായിരുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു അവസാനിച്ച 24 മണിക്കൂറിൽ ശരാശരി 37.37 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. കാരാപ്പുഴ അണയിൽ 758.2 ഉം ബാണാസുര അണയിൽ 775.6 ഉം എം.എസ്.എൽ ആണ് ജലനിരപ്പ്.
മഴ ശക്തമായതിനെ തുടർന്ന് അപകട സാധ്യത മുന്നിൽകണ്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. ബീച്ചുകളിൽ കടലിൽ ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനനങ്ങൾ നിർത്താതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്. ഉരുൾപൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾ ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കുവാൻ അമാന്തം കാണിക്കരുത്. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണം. തുടർച്ചയായി മഴ ലഭിച്ചതിനാൽ, ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.