Sorry, you need to enable JavaScript to visit this website.

മൗനം നിലവിളിക്കുന്ന മണിപ്പൂർ

മണിപ്പൂർ വംശീയ വിദ്വേഷത്തിന്റെ അടുപ്പിൽ എരിഞ്ഞുതീരുന്നുവെന്ന് വ്യക്തമായി വെളിപ്പെടുത്തുന്നതാണ് രണ്ട് കുക്കി വനിതകളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം റോഡിലൂടെ പരസ്യമായി നടത്തിച്ച സംഭവം. ഭൂരിപക്ഷ വാദത്തിലധിഷ്ഠിതമായ ഇന്ത്യയുടെ നിലവിലെ ഭരണ സംവിധാനത്തിന്റെ ഉപോൽപന്നമാണ് ഇത്തരം അക്രമ സംവിധാനങ്ങളെന്നതിൽ സംശയമില്ല. കാര്യങ്ങൾ അനുദിനം വഷളാകുമ്പോൾ, അധികാരികളുടെ മൗനം ആശങ്കപ്പെടുത്തുന്നതാണ്. 
 

 

ഉടുത്തതൊക്കെ ഉരിയുക, ഇല്ലെങ്കിൽ ജീവൻ കാണില്ല-മെയ് നാലിന് മണിപ്പൂരിലെ കാങ്പോക്പിയിൽ മെയ്തി ആൾക്കൂട്ടം രണ്ട് കുക്കി സ്ത്രീകൾക്ക് നേരെ ആക്രോശിച്ചു. ബലമായി അവരെ നഗ്നരായി നടത്തിക്കുകയും പരസ്യമായി പീഡിപ്പിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പ്രാകൃതമായ ഈ കുറ്റകൃത്യത്തിന് നേതൃത്വം നൽകിയവർ ഇപ്പോഴും സുരക്ഷിതരാണ്. വർഗീയ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീകളുടെ ശരീരം പുരുഷ അക്രമത്തിന്റെ ഇടങ്ങളായി മാറുന്നത് വളരെക്കാലമായി നിലനിൽക്കുന്ന ഭീകരമായ ആഗോള യാഥാർഥ്യമാണ്. എന്നാൽ മണിപ്പൂരിൽ നമ്മൾ കണ്ടത് കൂടുതൽ ആഴത്തിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ സ്ഥാനഭ്രംശമാണ്. ഇന്ത്യയുടെ സാമൂഹിക ധാരണകളിൽ മാറ്റം വരികയാണ്. മണിപ്പൂർ അതിന്റെ ഹൃദയ ഭാഗത്താണ്.

ഈ സ്ഥാനഭ്രംശം എങ്ങനെയുണ്ടെന്ന് മനസ്സിലാക്കാൻ ഒരാൾ രണ്ട് വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഒന്ന്, മണിപ്പൂരിലെയും പരിസരങ്ങളിലെയും അക്രമ സംവിധാനങ്ങൾ. രണ്ട്, അതിന് ചുറ്റുമുള്ള നിശ്ശബ്ദതയുടെ ഘടന. മെയ് മുതൽ, സംസ്ഥാനം ആഭ്യന്തര കലഹത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ, മെയ്തി - കുക്കി ഗോത്രങ്ങൾക്കിടയിലുണ്ടായിരുന്ന സാമൂഹിക പിളർപ്പുകൾ ഒരു യഥാർഥ വിഭജനമായി മാറി. നൂറിലധികം പേർ മരിച്ചു, ആയിരക്കണക്കിന് പേർ കുടിയൊഴിപ്പിക്കപ്പെട്ടു, നിരവധി പള്ളികൾ നശിപ്പിക്കപ്പെട്ടു, സ്വത്തുവകകൾ അഗ്നിക്കിരയായി. കുന്നുകൾക്കും താഴ്വരക്കും ഇടയിൽ സൈന്യം ഒരു 'നോമാൻസ് ലാൻഡ്' സൃഷ്ടിച്ചിരിക്കുകയാണ്. 
സംസ്ഥാന ഭരണം പോലും വിഭജിക്കപ്പെട്ട നിലയിലാണ്. മെയ്തി പോലീസ് ഉദ്യോഗസ്ഥർ കുന്നുകളിൽ പ്രവർത്തിക്കുന്നില്ല, കുക്കി  ഓഫീസർമാർ താഴ്‌വരയിലും. മണിപ്പൂർ പോലീസ് ട്രെയിനിംഗ് സെന്റർ, ഏഴാം ഇന്ത്യ റിസർവ് ബറ്റാലിയൻ, ഇംഫാൽ നഗരത്തിലെ 8 മണിപ്പൂർ റൈഫിൾസ് എന്നിവിടങ്ങളിൽനിന്ന് 6.32 ലക്ഷം ബുള്ളറ്റുകളും ലൈറ്റ്, മീഡിയം മെഷീൻ ഗണ്ണുകളും ഉൾപ്പെടെ 4537 ആയുധങ്ങളും കാണാതായെന്ന റിപ്പോർട്ട് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഈ ആയുധങ്ങളിൽ ഏകദേശം 5.31 ശതമാനം കുക്കി ആധിപത്യമുള്ള മലനിരകളിലും ബാക്കിയുള്ളവ മെയ്തി ആധിപത്യമുള്ള ഇംഫാൽ താഴ്‌വരയിലുമാണെന്ന് പറയപ്പെടുന്നു. മെയ്തി വനിതാ ഗ്രൂപ്പുകൾ ഒരു സൈനിക ഓപറേഷൻ അട്ടിമറിക്കുകയും 12 തീവ്രവാദികളെ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്തു എന്ന വസ്തുത ഈ സംഘർഷത്തിലെ സങ്കീർണമായ ലിംഗ രാഷ്ട്രീയത്തെയും സമുദായങ്ങൾക്കിടയിലെ അധികാര സന്തുലിതാവസ്ഥയെയും കുറിച്ച നേർചിത്രമാണ് തരുന്നത്.

ബിരേൻ സിംഗ് സർക്കാരിന്റെ അധികാരം ഇംഫാൽ താഴ്വരയിലേക്ക് ചുരുങ്ങിയതോടെ തെക്കൻ മണിപ്പൂരിലെ ഹിൽ അഡ്മിനിസ്‌ട്രേഷൻ ഇപ്പോൾ ന്യൂദൽഹിയിൽനിന്നാണ് നടത്തുന്നത് എന്നത് രഹസ്യമല്ല. ഇംഫാൽ ഈസ്റ്റിൽ അടുത്തിടെ നാഗാ സ്ത്രീയുടെ കൊലപാതകത്തോടെ അത്തരം പരിമിതമായ അധികാരം പോലും ചോദ്യം ചെയ്യപ്പെടുകയാണ്. വടക്കൻ മണിപ്പൂരിൽ മെയ്തി-നാഗ യുദ്ധത്തെ സിവിൽ സൊസൈറ്റി അംഗങ്ങളും തീവ്ര മെയ്തി സംഘടനകളും ശക്തമായി അപലപിച്ചു. അത്തരമൊരു സാഹചര്യം രൂക്ഷമാകുന്നത് നാഗാലാൻഡിനെയും ചുഴലിക്കാറ്റിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. നാഗാലാൻഡിലെ ബി.ജെ.പി ഉപാധ്യക്ഷൻ സ്ഥാനം രാജിവെച്ചത് ഓർക്കുക. മെയ്തി-കുക്കി വിള്ളൽ ഇതിനകം മിസോറമിനെയും സംഘർഷത്തിലേക്ക് വലിച്ചെടുത്തിട്ടുണ്ട്.


കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് കുക്കി കുടുംബങ്ങളെ പാർപ്പിക്കുന്ന മിസോറം സർക്കാർ ഈ സമൂഹത്തെ പരസ്യമായി പിന്തുണക്കുന്നു. മെയ്തി ഭൂരിപക്ഷ വാദത്തിൽനിന്ന് മണിപ്പൂരിലെ തങ്ങളുടെ വംശീയ ബന്ധുക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മിസോകൾക്ക് തോന്നുന്നതിൽ അത്ഭുതമില്ല. 1970 കളിലും 1980 കളിലും മിസോ നാഷണൽ ഫ്രണ്ട് ഈ സമുദായങ്ങളെയെല്ലാം ഒരൊറ്റ മിസോറമിലേക്ക് ഏകീകരിക്കാൻ ശ്രമിക്കുന്ന ഒരു വിമത സംഘടനയായിരുന്നു. മിസോറം, അസം, മണിപ്പൂർ എന്നിവിടങ്ങളിൽ അതിർത്തി സംഘർഷം ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രശ്‌നങ്ങൾ നേരത്തെ ഉയർന്നു വന്നിട്ടുണ്ട്. മ്യാൻമറിൽ നിന്നുള്ള മയക്കുമരുന്ന് സംഘങ്ങളുടെയും അതു വഴി വലിയ തോതിലുള്ള ധനക്കൂമ്പാരത്തിന്റെയും ഇടയിലേക്ക് ഇവർ ആട്ടിത്തെളിയിക്കപ്പട്ടാൽ തീ എപ്പോൾ, എവിടേക്കാണ് പടരുകയെന്ന് ഊഹിക്കാൻ പോലുമാകില്ല.
അടിസ്ഥാനപരമായി, വടക്കുകിഴക്കൻ ഇന്ത്യയിൽ പുതിയ വിഭജനങ്ങൾക്കും അനുബന്ധ സായുധ വംശീയ മുന്നേറ്റത്തിനും ഇതിടയാക്കും. ഭൂരിപക്ഷ വാദത്തിലധിഷ്ഠിതമായ ഇന്ത്യയുടെ നിലവിലെ ഭരണ സംവിധാനത്തിന്റെ ഉപോൽപന്നമായ ഇത്തരം അക്രമ സംവിധാനങ്ങൾ പ്രാദേശിക ആധിപത്യത്തിനായുള്ള മത്സരാഭിലാഷങ്ങളാലും രാജ്യത്തെ വിഭവങ്ങളിലേക്കും അധികാരത്തിലേക്കും പങ്കാളിത്തത്തിനായുള്ള ആവശ്യങ്ങളാലും ശക്തിപ്പെടും. സാമൂഹികമായി വിനാശകരമായ അത്തരം ആവാസ വ്യവസ്ഥകൾ വികൃതമായ തെരഞ്ഞെടുപ്പ് യുക്തികളാൽ നയിക്കപ്പെടുമ്പോഴാണ് അപകടമുണ്ടാകുന്നത്. ഈ സമുദായങ്ങൾ അവരുടെ ആവശ്യത്തിനായി വാദിക്കുന്നവരുടെ വോട്ട് ബാങ്കുകളായി മാറുന്നു. നിയമ വിരുദ്ധവും കണക്കില്ലാത്തതുമായ പണമൊഴുക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമൃദ്ധമായതിനാൽ രാഷ്ട്രീയം വളരെ സങ്കീർണമായി മാറും.

അത്തരം ധ്രുവീകരണ രാഷ്ട്രീയത്തെ നയിക്കുന്നത് അതിന് ചുറ്റുമുള്ള നിശ്ശബ്ദതയുടെ സങ്കീർണ ഘടനകളാണ്. ഏറ്റവും ഉച്ചത്തിൽ നിലവിളിക്കുന്ന നിശ്ശബ്ദത ഇന്ത്യയുടെ പ്രധാനമന്ത്രിയുടേതാണ്. മണിപ്പൂരിന്റെ ദുരവസ്ഥയെക്കുറിച്ച് ഒരക്ഷരം പോലും സംസാരിക്കാൻ തയാറാകാത്ത നരേന്ദ്ര മോഡിയും ശക്തനെങ്കിലും മണിപ്പൂരിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനാവാത്ത ആഭ്യന്തര മന്ത്രി അമിത് ഷായുടെ കഴിവില്ലായ്മയും മണിപ്പൂരിലെ രാഷ്ട്രീയ സ്‌പെക്ട്രത്തിൽ ഭരണ കക്ഷിയുടെ സ്ഥാനം എവിടെയാണെന്ന ചോദ്യം ഉയർത്തുന്നു. മെയ് മൂന്നിന് ശേഷം പ്രധാനമന്ത്രിയുടെ ചുരുക്കം ചില ട്വീറ്റുകളിൽ ഒന്ന് വടക്കുകിഴക്കൻ മേഖലയിലെ കണക്റ്റിവിറ്റി പ്രോജക്ടുകളെക്കുറിച്ചായിരുന്നു. ഈ പ്രദേശത്തെ വംശീയവും സാമുദായികവുമായ വിഭജനത്തിന്റെ ഭൂതങ്ങൾ കണക്റ്റിവിറ്റിക്കുള്ള ഭൗമ-സാമ്പത്തിക സംവിധാനങ്ങളെ മറികടക്കുന്നതാണെന്ന് അദ്ദേഹം പക്ഷേ ഓർക്കുന്നില്ല. മൗനത്തിന്റെ മറുവശം, ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് ഉർവശി ബുട്ടാലിയയിൽനിന്ന് കടമെടുത്താൽ, മണിപ്പൂരിലെ സ്ത്രീകൾക്കെതിരായ വ്യവസ്ഥാപരമായ അതിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്. രണ്ട് കുക്കി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവം അധികാരികൾക്ക് അറിയാത്തതല്ല. മണിപ്പൂർ പോലീസ് സ്ത്രീകളെ ജനക്കൂട്ടത്തിന് കൈമാറിയെന്ന് പോലും 
ആരോപണമുണ്ട്. എന്നാൽ അന്വേഷണത്തിന് ഉത്തരവിടാൻ ആരും തയാറായില്ല. ഈ വീഡിയോ പുറത്തു വരികയും രാജ്യമാകെ ഞെട്ടിത്തെറിക്കുകയും ചെയ്യുന്നതു വരെ നിശ്ശബ്ദതയായിരുന്നു.  അധികാരത്തിലിരിക്കുന്നവരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ, നീതിക്കു വേണ്ടി പോരാടുന്ന ഇന്ത്യയുടെ ഗുസ്തി ചാമ്പ്യൻമാരുടെ ദുരവസ്ഥ ഉദാഹരണമായെടുത്താൽ മണിപ്പൂരിൽ നീതിയുക്തമായ അന്വേഷണം നടക്കാനുള്ള സാധ്യത കുറവാണ്. വീഡിയോയിൽ തിരിച്ചറിയാവുന്ന ചില വ്യക്തികളെ ചിലപ്പോൾ അറസ്റ്റ് ചെയ്‌തേക്കാം. എന്നാൽ ഈ നിമിഷം ഭരണകൂടം സ്വയം അവകാശപ്പെടുന്ന ഒരു വഴിത്തിരിവിലേക്ക് ഇത് വിവർത്തനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്, കലഹങ്ങൾ നിറഞ്ഞ ഒരു സംസ്ഥാനത്ത് ഭരണഘടനാപരമായ സമഗ്രത പുനഃസ്ഥാപിക്കുമെന്ന് കരുതുന്നത് അർഥശൂന്യമാണ്.
ഈ സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അത് തെറ്റായി കൈകാര്യം ചെയ്യുന്നത് ഇന്ത്യയുടെ ദേശീയ മനഃസാക്ഷിക്ക് കളങ്കമാണ്. എന്നാൽ നമുക്ക് വ്യക്തമായി പറയാം, വ്യക്തികൾക്ക് മനസ്സാക്ഷിയുണ്ട്, സാങ്കൽപിക കൂട്ടായ്മകൾക്ക് അങ്ങനെയല്ല. ഇന്ത്യയുടെ സാമൂഹിക ധാരണകൾ ശോഷിക്കുന്നതായി കാണപ്പെടുന്നത് അതിനെക്കുറിച്ച് ശ്രദ്ധിക്കാൻ വേണ്ടത്ര ആളുകൾ ഇല്ലാത്തതുകൊണ്ടല്ല. എല്ലാറ്റിനുമുപരി, മണിപ്പൂരിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെടുകയും ശ്രദ്ധിക്കുകയും ചെയ്യുന്നവരുടെ പട്ടിക ചെറുതല്ല. സോഷ്യൽ മീഡിയ നയിക്കുന്ന വിഷത്തിൽ എല്ലാവരും വഞ്ചിതരല്ല. ഈ ആൾക്കൂട്ട ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട രണ്ട് പേർക്ക് നീതി നൽകാനും മണിപ്പൂരിലെ സ്ഥിതിഗതികൾ സുസ്ഥിരമാക്കാനുമുള്ള ഏക മാർഗം ഉത്തരവാദിത്തം ഉറപ്പാക്കുക എന്നതാണ്. അതിനാണ് ഇന്ത്യ പോരാടേണ്ടത്.

Latest News