കോഴിക്കോട് - രാമായണ മാസത്തിന് ഒരുങ്ങുന്ന രാഷ്ട്രീയപാർട്ടികൾ റമദാൻ മാസവും ഒഴിവാക്കരുതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു അഭിപ്രായപ്പെട്ടു. ബാലഗോകുലം 43-ാം സംസ്ഥാന വാർഷിക സമ്മേളനം തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസൗഹാർദ്ദവും ബഹുസ്വരതയും വിശാലമായി കാണുന്ന രാഷ്ട്രീയ പാർട്ടികൾ അതിനും തയ്യാറാവണം. രാമായണം ഹിന്ദുക്കൾ തട്ടിക്കൊണ്ടുപോകുന്നുവെന്ന ചിന്തയിൽ പെട്ടെന്നുണ്ടായ വെളിപാടിൽ ചിലർ രാമായണ മാസാചരണത്തിന് ഒരുങ്ങുകയാണ്. രാമായണവും മഹാഭാരതവും ഏതെങ്കിലും ഒരു മാസം വായിക്കേണ്ട ഗ്രന്ഥങ്ങളല്ല. ഇത്തരം മഹത്തായ ഇതിഹാസ കൃതികൾ ജീവിതത്തിന്റെ സന്ദിഗ്ധതകളിൽ നമുക്ക് വഴി കാട്ടുന്നു. അത് ഏതെങ്കിലും ഒരു മാസം മാത്രം വായിക്കേണ്ടതല്ല. നമുക്ക് വഴി വിളക്കാകുന്ന ഗ്രന്ഥങ്ങളാണ് ഇവ. ഇനിയും ഏറെ എഴുത്തുകാരെ അത് സ്വാധീനിക്കും. ഇനിയും വ്യാഖ്യാനങ്ങളും പഠനങ്ങളും വരും. ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ച് സമയം കളഞ്ഞ എന്നെപ്പോലെ നിരവധി പേരുണ്ട്. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ഇതിഹാസ കൃതികളെ പ്രദാനം ചെയ്ത സംസ്‌കാരത്തിന് മുമ്പിൽ നമസ്‌കരിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണൻ ചിലർക്ക് ഭഗവാനായിരിക്കാം. എന്നാൽ ലോകം കണ്ടï മഹത്തായ ദാർശനികനാണ് ശ്രീകൃഷ്ണൻ. ശ്രീബുദ്ധനും ക്രിസ്തുവും ലോകം കണ്ടï ദാർശനികരായിരുന്നു. ലോകത്തിൽ ഏറ്റവും മഹത്തായ ഗ്രന്ഥം ഏതാണെന്ന് ചോദിച്ചാൽ അത് മഹാഭാരതമെന്നായിരിക്കും ഉത്തരം. ധർമ്മാധർമ്മങ്ങളുടെ മുന്നിൽ, മനുഷ്യന്റെ ധർമ്മസങ്കടങ്ങൾക്ക് മുന്നിൽ അത് വഴികാട്ടുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ വച്ചുപുലർത്തുന്നവരെ മാനിക്കുന്ന സംഘടനയാണ് ബാലഗോകുലം. ഞാൻ എങ്ങിനെ ബാലഗോകുലം സമ്മേളനം ഉദ്ഘാടകനായി എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണിത്. തുറസ്സായ മനസ്സിനെ, എതിരഭിപ്രായങ്ങളെപ്പോലും മാനിക്കുന്ന ബാലഗോകുലത്തെ അനുമോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാഗതസംഘം അദ്ധ്യക്ഷൻ ഡോ. എം.കെ. വത്സൻ അദ്ധ്യക്ഷനായി. കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു മുഖ്യപ്രഭാഷണം നടത്തി. ഡോ. സി. കൃഷ്ണൻ നമ്പൂതിരി, ഡോ. എ.എസ്. അനൂപ് കുമാർ, പ്രജിത്ത് ജയപാൽ എന്നിവരെ ആദരിച്ചു. ബാലസാഹിതി പ്രകാശൻ തയ്യാറാക്കിയ മലയാള പഞ്ചാംഗം ജോയ് മാത്യു, ഡോ. എൻ.ആർ. മധുവിന് നൽകി പ്രകാശനം ചെയ്തു. ആർ.ജി. രമേശ്, ആർ. പ്രസന്നകുമാർ, കെ.പി. ബാബുരാജൻ, എം. സത്യൻ, കെ.കെ. ശ്രീലാസ് എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന അനുമോദന സഭയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച ടി. അദൈ്വത് കൃഷ്ണ, ദിവാകരൻ കൂടത്തിൽ, കെ.കെ. അമൃത, എസ്.പി. കൃഷ്ണപ്രിയ, എം. കാർത്തിക്, കെ. നീതു, ജി. ജ്ഞാനദർശിനി, വി. നന്ദന, ഗോപാൽ ജി. വെൺമാരത്ത്, ആർ. ജീവനി. നൂർ ജലീല എന്നിവരെ ആദരിച്ചു.