ജിദ്ദ - സ്വീഡനിൽ ഖുർആൻ നിന്ദാ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിൽ അറബ്, മുസ്‌ലിം ലോകത്ത് കടുത്ത രോഷം പുകയുന്നു. വ്യാഴാഴ്ച സ്റ്റോക്ക്‌ഹോമിൽ ഇറാഖ് എംബസിക്കു മുന്നിൽ പോലീസ് സുരക്ഷയിൽ ഇറാഖി അഭയാർഥി സൽവാൻ മോമിക അടക്കമുള്ള ഇസ്‌ലാം വിരുദ്ധർ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഖുർആൻ കോപ്പി പിച്ചിച്ചീന്തിയിരുന്നു. കഴിഞ്ഞ മാസം സ്റ്റോക്ക്‌ഹോം സെൻട്രൽ മസ്ജിദിനു മുന്നിലും സൽവാൻ മോമിക ശക്തമായ പോലീസ് കാവലിൽ മുസ്ഹഫ് കോപ്പി പിച്ചിച്ചീന്തി കത്തിച്ചിരുന്നു. ഈ സംഭവത്തിൽ സൽവാൻ മോമികയെ സ്വീഡനിൽ നിന്ന് വിട്ടുകിട്ടാൻ നിയമ നടപടികൾ സ്വീകരിക്കുമെന്നും രാജ്യത്ത് പ്രോസിക്യൂട്ട് ചെയ്ത് ശിക്ഷിക്കുമെന്നും ഇറാഖ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റോക്ക്‌ഹോം ഇറാഖ് എംബസിക്കു മുന്നിൽ സൽവാൻ മോമിക സമാനമായ നിലക്ക് ഖുർആൻ കോപ്പി പിച്ചിച്ചീന്തിയത്. ഖുർആൻ കോപ്പി കത്തിക്കാനാണ് സൽവാൻ മോമിക അടക്കമുള്ളവർ പോലീസ് അനുമതി നേടിയതെങ്കിലും ഇതുണ്ടായില്ല.
സംഭവത്തിൽ പ്രതിഷേധിച്ച് ഇറാഖിലെ സ്വീഡിഷ് അംബാസഡറെ പുറത്താക്കിയ ഇറാഖ്, സ്റ്റോക്ക്‌ഹോമിൽ നിന്ന് തങ്ങളുടെ എംബസി ചാർജ് ഡി അഫയേഴ്‌സിനെ തിരിച്ചുവിളിക്കുകയും സ്വീഡനുമായുള്ള വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ വിച്ഛേദിക്കാൻ നടപടികൾ ആരംഭിക്കുകയും ചെയ്തു. വിശുദ്ധ ഖുർആൻ കോപ്പി കത്തിക്കാനും അവഹേളിക്കാനും തീവ്രവാദികൾക്ക് ആവർത്തിച്ച് ഔദ്യോഗിക അനുമതി നൽകുന്ന സ്വീഡിഷ് അധികൃതരുടെ നിരുത്തരവാദപരമായ ചെയ്തികളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ലോകത്തെ കോടിക്കണക്കിന് മുസ്‌ലിംകളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന വ്യവസ്ഥാപിതമായ പ്രവൃത്തിയാണിത്. മുഴുവൻ മതാധ്യാപനങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും മര്യാദകൾക്കും വിരുദ്ധമായ ഇത്തരം നീചപ്രവൃത്തികൾ അവസാനിപ്പിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും സംഭവത്തിൽ ഔദ്യോഗിക പ്രതിഷേധം അറിയിച്ചും സൗദിയിലെ സ്വീഡിഷ് എംബസി ചാർജ് ഡി അഫയേഴ്‌സിനെ വിദേശ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധക്കുറിപ്പ് കൈമാറി. മതാനുയായികൾക്കിടയിൽ വിദ്വേഷം വളർത്തുകയും ജനങ്ങൾ തമ്മിലുള്ള സംവാദം പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ സൗദി അറേബ്യ പൂർണമായും നിരാകരിക്കുന്നതായും വിദേശ മന്ത്രാലയം പറഞ്ഞു.
ജോർദാനും ഖത്തറും തുർക്കിയും അടക്കം നിരവധി അറബ്, മുസ്‌ലിം രാജ്യങ്ങളും സംഘടനകളും സംഭവത്തെ രൂക്ഷമായി അപലപിച്ചു. ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറാൻ ഖത്തറിലെ സ്വീഡിഷ് അംബാസഡറെ വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇത്തരം നീചപ്രവൃത്തികൾ അവസാനിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സ്വീഡിഷ് അധികൃതരോട് ഖത്തർ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ വിശുദ്ധ മുസ്ഹഫ് അവഹേളനം ആവർത്തിക്കാൻ അനുവദിക്കുന്നത് ലോകത്ത് വെറുപ്പും അക്രമവും വളർത്തുകയും സമാധാനപരമായ സഹവർത്തിത്വത്തിന്റെ മൂല്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ വെറുപ്പുളവാക്കുന്ന ഇരട്ടത്താപ്പാണ് വെളിപ്പെടുത്തുന്നതെന്നും ഖത്തർ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സ്വീഡനിൽ മുസ്ഹഫിനെ അവഹേളിച്ചതിനെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ സെക്രട്ടറി ജനറൽ ഹുസൈൻ ത്വാഹ രൂക്ഷമായ ഭാഷയിൽ അപലപിച്ചു. നിന്ദ്യപ്രവൃത്തിയുടെ ഭയാനകമായ അനന്തരഫലങ്ങൾക്കിടെയും ഖുർആൻ നിന്ദക്ക് സ്വീഡിഷ് അധികൃതർ അനുമതി നൽകുന്നത് തുടരുന്നതിൽ ഒ.ഐ.സി സെക്രട്ടറി ജനറൽ കടുത്ത നിരാശ പ്രകടിപ്പിച്ചു. ഇത്തരം പ്രകോപനങ്ങൾ സിവിൽ, രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയുടെ 19, 20 അനുച്ഛേദങ്ങളുടെ ആത്മാവിന് വിരുദ്ധമാണ്. ഇവ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാനാവില്ലെന്നും ഹുസൈൻ ത്വാഹ പറഞ്ഞു.
സംഭവത്തെ അപലപിച്ച മുസ്‌ലിം വേൾഡ് ലീഗ് തീവ്രവാദ അജണ്ടകളെ മാത്രം സേവിക്കുന്ന, വിദ്വേഷം ഉണർത്തുകയും മതവികാരം ഇളക്കിവിടുകയും ചെയ്യുന്ന ഇത്തരം പ്രവൃത്തികളുടെ അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. സ്റ്റോക്ക്‌ഹോമിൽ വിശുദ്ധ മുസ്ഹഫ് കോപ്പിയെ അവഹേളിച്ച് മുസ്‌ലിംകളുടെ വികാരത്തെ പ്രകോപിപ്പിക്കുന്നത് തുടരുന്നതിനെ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി കടുത്ത ഭാഷയിൽ അപലപിച്ചു. ഇത്തരം പ്രവൃത്തികൾ തടയാനും തീവ്രവാദികളെ ശിക്ഷിക്കാനും സ്വീഡിഷ് അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.