Sorry, you need to enable JavaScript to visit this website.

അഭിമന്യു വധം: ആദിലിനെ നാളെ കോടതിയില്‍ ഹാജരാക്കും, മൊഴി വിശ്വസിക്കാതെ പോലീസ്

കൊച്ചി- മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ  ആലുവ ചുണങ്ങംവേലി സ്വദേശി ആദിലിനെ(20) തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിലും ഗൂഢാലോചനയിലും നേരിട്ട് പങ്കാളിയാണെന്ന് പോലീസ് കരുതന്ന ആദില്‍ ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ്. ബിടെക് ബിരുദധാരിയായ ആദിലിനെ ഞായറാഴ്ച ഉച്ചയോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മഹാരാജാസില്‍ എന്ത് വിലകൊടുത്തും ചുവരെഴുത്ത് നടത്താനായിരുന്നു നിര്‍ദേശം ലഭിച്ചിരുന്നതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ ആദില്‍ പറഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കാനായിരുന്നു തീരുമാനം. ഇത് മുന്‍കൂട്ടി കണ്ട് സംഘാംഗങ്ങളെല്ലാം ആയുധങ്ങള്‍ കൈയില്‍ കരുതിയിരുന്നു. ചുവരെഴുതുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. എന്നാല്‍ നിര്‍ദ്ദേശം നല്‍കിയവര്‍ ആരെല്ലാമാണെന്ന് പ്രതി മൊഴി നല്‍കിയിട്ടില്ല.
ചുമരില്‍ നവാഗതരെ വരവേല്‍ക്കാനായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബുക്ക്ഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇവിടെ കോളേജിലെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനും മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയുമായ വടുതല സ്വദേശി മുഹമ്മദിന്റെ നേതൃത്വത്തില്‍ പോസ്റ്ററൊട്ടിച്ചു. ഇതിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മുഹമ്മദിന്റെ നേതൃത്വത്തിലുള്ളവര്‍ മടങ്ങി. പിന്നീട് രാത്രി പത്തിലേറെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികള്‍ അഭിമന്യുവിനെ അടിച്ചുവീഴ്ത്തിയശേഷം കുത്തുകയായിരുന്നു. ഈ അക്രമികള്‍ തന്നെയാണ് അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനനെയും കുത്തിയത്. ഇവര്‍ക്ക് കുത്തേറ്റതിന് പിന്നാലെ തങ്ങള്‍ വാഹനത്തില്‍ രക്ഷപെടുകയായിരുന്നെന്നും ആദില്‍ മൊഴി നല്‍കി.
എന്നാല്‍ ആദിലിന്റെ മൊഴിയില്‍ ഗൂഢാലോചനയുള്ളതായി പോലീസ് സംശയിക്കുന്നു. പിടിക്കപ്പെട്ടാല്‍ പോലീസിന് നല്‍കേണ്ട മൊഴി നേരത്തെ തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ ആദില്‍ നല്‍കുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
ആദിലിന്റെ പിതാവ് അബ്ദുള്‍ സലിം ഹാദിയ വിഷയത്തിലെ വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലാണ്. അഭിമന്യുവിന്റെ കൊലയ്ക്ക് ശേഷം പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള മുസ്ലിം ഏകോപന സമിതിയുടെ പേരിലായിരുന്നു മാര്‍ച്ച്. പത്തനംതിട്ടയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുണങ്ങംവേലിയിലെത്തിയ അബ്ദുള്‍ സലിം പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള ഇമാം കൗണ്‍സിലിലും സജീവമായിരുന്നു. ചുണങ്ങംവേലി പള്ളിയോട് ചേര്‍ന്നാണ് ഇവര്‍ താമസിക്കുന്നത്. അഭിമന്യുവിന്റെ കൊലയ്ക്ക് ശേഷം ആദില്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.  ആദിലിന്റെ ഇരട്ട സഹോദരന്‍ ആസിഫിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
കേസില്‍ മഹാരാജാസ് കോളേജ് അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ഉള്‍പ്പെടെ 15 പേരാണ് പ്രതികള്‍. ഇതില്‍ ഒമ്പത് പേരെ ഇതുവരെ പിടികൂടിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐക്കാരായ അക്രമികള്‍ പലരും മുങ്ങിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് എറണാകുളം, ആലപ്പുഴ ജില്ലകളില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ് തുടരുകയാണ്. ഇതുവരെ 90 പേരെ മുന്‍കരുതലായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം റൂറല്‍ ജില്ലയില്‍ 21 പേരാണ് കസ്റ്റഡിയിലുള്ളത്.

 

 

 

Latest News