കൊച്ചി - റെയില്‍വേ പൊലീസുകാരന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി പരിക്കേറ്റ സര്‍വ്വകലാശാല ജീവനക്കാരന് 8.2 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. കേരള സര്‍വ്വകലാശാലയിലെ ജീവനക്കാരനായ തിരുവനന്തപുരം പാളയം സ്വദേശി എം. മനാഫിനാണ് വെടിയേറ്റ് വയറിന് പരിക്കേറ്റത്. ഒമ്പത് ശതമാനം പലിശ സഹിതം നഷ്ടപരിഹാം നല്‍കാനാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്.2012 ജൂലൈ ആറിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയുടെ ചികിത്സക്ക് മധുരക്ക് പോകാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറിലേക്ക് പോകുന്നതിനിടെയാണ് മനാഫിന് വെടിയേറ്റത്. വി. ഇസാക്കിയപ്പന്‍ എന്ന ആര്‍.പി.എഫ് കോണ്‍സ്റ്റബിളിന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി ഉണ്ട മനാഫിന്റെ വയറില്‍ തറക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മനാഫ് ഏറെക്കാലമായി ചികിത്സയിരുന്നു. നിരവധി സ്ഥലങ്ങളില്‍ ചികിത്സ തേടിയെങ്കിലും മനാഫിന് പഴയ ശാരീരിക സ്ഥിതി വീണ്ടെടുക്കാന്‍ സാധിച്ചില്ല. സര്‍വിസ് പിസ്റ്റളില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണ് അപകടകാരണമെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറായതുമില്ല. ഇതോടെയാണ് 20 ലക്ഷം രൂപ നഷ്ട പരിഹാരം തേടി മനാഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.