കോഴിക്കോട് - ഏകസിവിൽ കോഡ് സംബന്ധിച്ച സി.പി.എം സെമിനാറിൽ സമസ്ത പങ്കെടുത്തതിലോ കമ്മ്യൂണിസം മതവിരുദ്ധമാണ് എന്നതിലോ സമസ്തയിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് പണ്ഡിതനും സമസ്ത നേതാവും എസ്.വൈ.എസ് സംസ്ഥാന ജനറൽസെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.
കമ്മ്യൂണിസം മതവിരുദ്ധമാണെന്ന സമസ്ത മുശാവറ അംഗം ഡോ. ബഹാവുദ്ദീൻ നദ്‌വിയുടെ അഭിപ്രായം തന്നെയാണ് ശരി. അക്കാര്യത്തിലും സമസ്തയിൽ അഭിപ്രായ വ്യത്യാസമില്ല. മുസ്‌ലിം വ്യക്തി നിയമം പരിഷ്‌ക്കരിക്കണമെന്ന് ഇനിയും സി.പി.എം നേതാക്കൾ പറയുകയാണെങ്കിൽ അതിനെ ജനാധിപത്യപരമായി ചെറുക്കും. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ സി.പി.എം തുടരുകയാണെങ്കിൽ തുടർന്നുള്ള സെമിനാറുകൾക്ക് പ്രസക്തി ഉണ്ടാവില്ല. സിപിഎം സെമിനാറിൽ പങ്കെടുത്തത് സംബന്ധിച്ച് സമസ്തക്കുള്ളിൽ ഒരു തരത്തിലുമുള്ള അഭിപ്രായ വ്യത്യാസവും ഇല്ലെന്നും പിന്നെ ഒരു സെമിനാറിൽ അനുവദിക്കപ്പെട്ട സമയത്ത് എല്ലാ ഭാഗത്തേക്കും പോകാൻ സാധിച്ചുകൊള്ളണമെന്നില്ലെന്നും അദ്ദേഹം ചോദ്യങ്ങളോടായി മാധ്യമങ്ങളോട് പ്രതികരിച്ചു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചരിത്രത്തിൽ മുസ്‌ലിം സമുദായത്തോട് കൊലച്ചതി ചെയ്തവരാണെന്ന് സമസ്ത മുശാവറ അംഗവും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദവി പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോട് യോജിക്കാനാവില്ല. ചരിത്രത്തിൽ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചവരാണവർ. കമ്മ്യൂണിസ്റ്റുകളുമായി കൈകോർക്കുന്ന പാരമ്പര്യം സമസ്തക്കില്ല. മുസ്‌ലിം വ്യക്തി നിയമത്തിൽ മാറ്റം വരുത്താൻ പാടില്ലെന്നും സി.പി.എം സെമിനാറിൽ പങ്കെടുക്കും മുമ്പേ സമസ്ത മുശാവറ ചേർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ, ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട വിഷയത്തിൽ സമസ്തയിൽ ഭിന്നാഭിപ്രായമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽസെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവന ഇറക്കിയിരുന്നു. ഏക സിവിൽ കോഡിനെതിരായ നീക്കത്തിൽ ആരുമായും സഹകരിച്ച് പ്രവർത്തിക്കാമെന്നതാണ് സമസ്തയുടെ നിലപാടെന്നും നേതാക്കൾ വ്യക്തമാക്കുകയുണ്ടായി.
ജൂലൈ നാലിന് മുസ്‌ലിം ലീഗ് വിളിച്ച വിവിധ മുസ്‌ലിം സംഘടനകളുടെ യോഗത്തിലും ജൂലൈ 15ന് സി.പി.എം കോഴിക്കോട്ട് നടത്തിയ ദേശീയ സെമിനാറിൽ സമസ്ത പ്രതിനിധി പങ്കെടുത്തതും ചില സംഘടനകൾ ഇനി നടത്താനിരിക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്.