ഇഖാമയിലെ തെറ്റായ ജനന സർട്ടിഫിക്കറ്റ് തിരുത്തൽ
ചോദ്യം: ഇഖാമയിലെ എന്റെ ജനന സർട്ടിഫിക്കറ്റ് തീയതി തെറ്റായാണ് എഴുതിയിരിക്കുന്നത്. പാസ്‌പോർട്ടിലേതു പോലെയല്ല ഇഖാമയിലുള്ളത്. ഇത് തിരുത്തിക്കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത്.
ഉത്തരം: ഇഖാമയിലെ തെറ്റുകൾ ജവാസാത്ത് (പാസ്‌പോർട്ട്) ഓഫീസ് വഴി തിരുത്താം. നിങ്ങളുടെ സ്‌പോൺസർ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന പ്രതിനിധി അതിനായി ജവാസാത്ത് ഓഫീസിനെ സമീപിക്കുകയാണ് വേണ്ടത്. മുൻകൂട്ടി അനുമതി തേടി വേണം ജവാസാത്ത് ഓഫീസിൽ പോകാൻ. നിങ്ങളുടെ ഒറിജിനൽ പാസ്‌പോർട്ടും ഇഖാമയുമായി ബന്ധപ്പെട്ട ഓഫീസറെ ജവാസാത്ത് ഓഫീസിൽ സന്ദർശിച്ച് കാര്യം ഉണർത്തിയാൽ അതു തിരുത്തി ലഭിക്കും. ഇതോടൊപ്പം അബ്ശിർ അക്കൗണ്ടിലും തിരുത്തൽ നടത്തും.
ഫൈനൽ എക്‌സിറ്റിൽ പോകുന്നവർക്ക് മറ്റു രാജ്യങ്ങൾ സന്ദർശിക്കാനാവുമോ?
ചോദ്യം: ഞാൻ ഫൈനൽ എക്‌സിറ്റിൽ അടുത്ത മാസം നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നു. സൗദിയിൽനിന്നു പോകുമ്പോൾ മറ്റു രാജ്യങ്ങൾ സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ട്. ഫൈനൽ എക്‌സിറ്റിൽ പോകുമ്പോൾ അതു സാധിക്കുമോ? ഇതിന്റെ വിശദാംശങ്ങൾ അറിയിക്കാമോ?
ഉത്തരം: നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ വിസ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ നിങ്ങൾക്കു സൗദിയിൽനിന്ന് അവിടെക്കു സഞ്ചരിക്കാൻ കഴിയും. അതിന് ഫൈനൽ എക്‌സിറ്റ് തടസ്സമല്ല. ഏതു രാജ്യത്തേക്കു പോകുന്നതിനും ഫൈനൽ എക്‌സിറ്റ് തടസ്സമാവില്ല. പോകുന്നതിനു മുമ്പായി ഏതു രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തേക്കുള്ള വിസ സമ്പാദിച്ചാൽ മതിയാകും.
ഇഖാമ പുതുക്കാതെ സ്‌പോൺസർഷിപ് മാറാമോ?
ചോദ്യം: ഞാൻ 2017 ൽ തൊഴിൽ വിസയിൽ സൗദിയിൽ എത്തിയതാണ്. ആദ്യ വർഷങ്ങളിൽ ഇഖാമ പുതുക്കി ലഭിച്ചിരുന്നു. എന്നാൽ 2020 മുതൽ ഇഖാമ പുതുക്കിയിട്ടില്ല. ഞാൻ ജോലി ചെയ്തിരുന്ന കട സ്‌പോൺസർ അടച്ചു പൂട്ടിയതിനാൽ ഇപ്പോൾ ജോലിയില്ല. ഈ സാഹചര്യത്തിൽ എനിക്ക് സ്‌പോൺസർഷിപ് മാറ്റാൻ കഴിയുമോ?
ഉത്തരം: സൗദിയുടെ ഇമിഗ്രേഷൻ, തൊഴിൽ നിയമ പ്രകാരം സ്‌പോൺസർ തൊഴിലാളികളുടെ എല്ലാ രേഖകളും സമയായമയങ്ങളിൽ പുതുക്കുകയും ആനുകൂല്യങ്ങൾ നൽകുകയും വേണമെന്നാണ്. സ്‌പോൺസർ അതു പാലിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്കു മനുഷ്യ വിഭവശേഷി മന്ത്രാലയത്തെയും തൊഴിൽ വകുപ്പിനെയും സമീപിച്ചു പരാതിപ്പെടാം. അവർ പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കുന്നതിന് സ്‌പോൺസറോട് ഇഖാമ പുതുക്കാൻ ആവശ്യപ്പെടും. ഇഖാമ പുതുക്കി ലഭിച്ചാൽ നിങ്ങൾക്കു സ്‌പോൺസർഷിപ് മാറാൻ കഴിയും.