അറാർ- സൗദിയിൽ വീട്ടുജോലിക്കെത്തി ദുരിതത്തിലായ ഷൈനിയെ അറാർ പ്രവാസി സംഘം നാട്ടിലെത്തിച്ചു.
സൗദി അറേബ്യയുടെ വടക്കൻ പ്രവശ്യയായ അറാറിൽ വീട്ടുജോലിക്ക് എത്തിയ മലപ്പുറം വഴിക്കടവ് സ്വദേശി ഷൈനിയെ ഏഴു മാസത്തെ ദുരിത ജീവിതത്തിൽ നിന്നും മോചിതയാക്കിയാണ് അറാർ പ്രവാസി സംഘം നാട്ടിൽ എത്തിച്ചത്.
ഭർത്താവ് വാഹനാപകടത്തിൽ മരണപ്പെട്ടതിനാലാണ് അഞ്ചു മക്കളുടെ മാതാവായ ഷൈനി ഏറെ പ്രതീക്ഷയോടെ പ്രവാസ ജീവിതത്തിലേക്ക് വരുന്നത്. നിർഭാഗ്യവശാൽ എത്തിപ്പെട്ടത് വലിയ ദുരിതത്തിലേക്കാണ്. അറാറിൽ എത്തി ഏഴു മാസം ജോലി ചെയ്‌തെങ്കിലും ശമ്പളമോ, ആവശ്യത്തിന് ഭക്ഷണമോ, രോഗിയായിട്ടും വൈദ്യ സഹായമോ ലഭിക്കാതെ ജോലി ചെയ്ത് വളരെ അവശനിലയിലായിരുന്നു.
ഷൈനി എന്ന ഒരു മലയാളി യുവതി വീട്ടുജോലിക്ക് പോയിട്ട് അറാർ എന്ന സ്ഥലത്ത് ദുരിതത്തിലാണ് എന്നും അവരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും പറഞ്ഞ് ലോക കേരളസഭ അംഗവും അറാർ പ്രവാസി സംഘം ജനറൽ സെക്രട്ടറിയുമായ സക്കീർ താമരത്തിന് പാസ്‌പോർട്ട് കോപ്പി സഹിതം ലഭിച്ച വാട്‌സ്ആപ്പ് സന്ദേശത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആളെ കണ്ടെത്താൻ കഴിഞ്ഞത്.
സൗദി അറേബ്യ പോലെയുള്ള രാജ്യത്ത് വീട്ടുജോലിക്ക് എത്തിയ ആളെ കണ്ടെത്തുക എന്നത് വളരെ പ്രയാസമാണ്. എന്നാൽ സൗദി വടക്കൻ മേഖല തർഹീർ ജവാസാത്ത് മേധാവി ക്യാപ്റ്റൻ നായിഫിന്റെയും പോലീസ് മേധാവി ക്യാപ്റ്റൻ മിത്ഹബിന്റെയും പൂർണ സഹായത്തോടെയും സഹകരണത്തോടെയുമാണ് കണ്ടെത്താനും ദുരിതമനുഭവിക്കുന്ന ആ വീട്ടിൽ നിന്നു രക്ഷപ്പെടുത്താനും സാധിച്ചത്.
ഒരാഴ്ചക്കുള്ളിൽ ആളെ ഇന്ത്യയിലെത്തിക്കണം എന്ന പോലീസ് മേധാവിയുടെ അന്ത്യശാസനത്തെ തുടർന്ന് സ്‌പോൺസർ ശമ്പള കുടിശ്ശികയും നൽകി അറാറിലെ സാപ്റ്റ്‌ക്കോ ബസ് സ്റ്റാൻഡിൽ കൊണ്ടുവന്നുവിട്ടു. വിവരമറിഞ്ഞ് പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം അയ്യൂബ് തിരുവല്ലയും സക്കീർ താമരത്തും ബസ് സ്റ്റാൻഡിൽ പോയി കണ്ടു.
ടിക്കറ്റ് പരിശോധിച്ചപ്പോൾ അറാറിൽ നിന്നും 600 കി.മീ ദൂരമുള്ള റിക്രൂട്ട്‌മെന്റ് ഏജന്റിന്റെ അടുത്തേക്കാണ് അയക്കുന്നത് എന്ന് മനസ്സിലായി. ഇതിൽ എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായപ്പോൾ ഇതുവരെ സൗദി മൊബൈൽ നമ്പർ ഇല്ലാതിരുന്ന ഷൈനിക്ക് അറാറിലെ ഫ്രണ്ട്ലി ഏജന്റ് ജലാലിനെ വിളിച്ചുവരുത്തി പുതിയ നമ്പർ നൽകിയതിനാൽ തുടർന്ന് ബന്ധപ്പെടാൻ സാധിച്ചു.
തങ്ങളുടെ നിഗമനം പോലെ തന്നെ രോഗിയായ ഷൈനിയെ നാട്ടിലെത്തിക്കാൻ ഏജന്റ് തയാറായില്ല. പിന്നീട് സക്കീർ താമരത്ത് ഇന്ത്യൻ എംബസിയിൽ നേരിട്ട് പോയി കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. തുടർന്ന് ഹഫർ ബാത്തിനിൽ ഇപ്പോൾ ജോലി ചെയ്യുന്ന അറാർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം അക്ബർ അങ്ങാടിപ്പുറത്തിനെ ചുമതലപ്പെടുത്തി എംബസിയിൽ നിന്നും ലഭിച്ച കത്തുമായി സൗദിയിലും, നോർക്കയുടെ സഹായത്തോടെ നാട്ടിലെ റിക്രൂട്ടിംഗ് ഏജന്റ് ഹാർമണി എന്റർപ്രൈസസിനെതിരെയും, സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.ശശികുമാർ പാണ്ടിക്കാട്ടുള്ള ട്രാവൽ ഏജൻസിക്കെതിരെയും ഒരേ സമയം നടത്തിയ 2 മാസം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് അറാർ പ്രവാസി സംഘത്തിന് ഷൈനിയെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞത്.