ഹെൽസിങ്കി- യു.എസ് - റഷ്യ സുപ്രധാന ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ഹെൽസിങ്കിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിനുമെതിരെ പ്രതിഷേധ പ്രകടനം. മനുഷ്യാവകാശങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരഭിപ്രായങ്ങൾക്കുമെതിരെ ഇരു പ്രസിഡന്റുമാരും തുടരുന്ന അടിച്ചമർത്തൽ നയങ്ങൾ ചൂണ്ടിക്കാട്ടിയാണ് രണ്ടായിരത്തിലധികം പേർ അണിനിരന്ന പ്രകടനം.
ഫിൻലാൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിൽ തിങ്കളാഴ്ചയാണ് ഏറെ പ്രധാന്യമുള്ള റഷ്യ-യു.എസ് ഉച്ചകോടി. മനുഷ്യാവകാശങ്ങൾക്കു വേണ്ടി ഹെൽസിങ്കിയുടെ വിളി എന്ന ബാനറിനു കീഴിലാണ് സിറ്റി സെൻട്രൽ സ്‌ക്വയർ കേന്ദ്രീകരിച്ച് പ്രതിഷേധ റാലി നടന്നത്. 2000 നും 2500 നുമിടയിൽ ആളുകൾ പ്രകടനത്തിൽ പങ്കെടുത്തുവെന്ന് പോലീസ് പറഞ്ഞു.
കിറുക്കൻ കുട്ടി എന്തിന് ചാര നായകനെ കാണുന്നുവെന്നായിരുന്നു ഒരു ബാനർ. ട്രംപിൽനിന്ന് രക്ഷപ്പെടാൻ ഒരു വർഷം മുമ്പ് കാലിഫോർണിയ വിട്ടതാണ് താനെന്ന് പ്രകടനത്തിൽ പങ്കെടുക്കാനെത്തിയ 30 വയസ്സായ യു.എസ് വനിത കിറ വോർളിക് പറഞ്ഞു. ഫിൻലാൻഡിൽ വൻ പുരോഗതി കൈവരിച്ച മൊബൈൽ വ്യവസായത്തിലാണ് ഇപ്പോൾ അവർക്ക് ജോലി.
റഷ്യൻ ചാരന്മാർക്കും ഏജന്റുമാർക്കുമെതിരെ കുറ്റം ചുമത്തിയ സ്ഥിതിക്ക് ട്രംപ് പുട്ടിനെ കാണാൻ പാടിലല്ലെന്ന് അവർ കൂട്ടിച്ചേർത്തു. 2016 ൽ നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ ഡെമോക്രാറ്റിക് എതിരാളികളെ ഹാക്ക് ചെയ്തതിനാണ് ദീർഘമായ അന്വേഷണത്തിനൊടുവിൽ 12 റഷ്യൻ സൈനിക ഇന്റലിജൻസ് ഏജന്റുമാർക്കെതിരെ കുറ്റം ചുമത്തിയത്.
കുട്ടികളെ വിട്ടയക്കുക, ട്രംപിനെ ജയിലിലടക്കുക എന്നതായിരുന്നു മറ്റൊരു ബാനർ. അതിർത്തിയിൽ അഭയാർഥി കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർതിരിക്കുകയെന്ന ട്രംപിന്റെ വിവാദ കുടിയേറ്റ നയത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്.
സാധ്യമാകുന്ന സന്ദർഭങ്ങളിൽ ശബ്ദം ഉയർത്താനാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചതെന്ന് സംഘാടകരിലൊരാളായ 37 കാരനായ ഹന്നു ജോക്കോള പറഞ്ഞു.
ലണ്ടനിൽ വൻ പ്രതിഷേധം ഏറ്റവാങ്ങിയ ശേഷമാണ് ട്രംപിന്റെ ഹെൽസിങ്കി സന്ദർശനം. നോ ട്രംപ്, നോ ഫാസിസ്റ്റ് യു.എസ്.എ തുടങ്ങിയ മുദ്രവാക്യങ്ങളുയർത്തിയാണ് ലണ്ടനിൽ പടുകൂറ്റൻ റാലി നടന്നിരുന്നതെങ്കിൽ റഷ്യൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഹെൽസിങ്കിയിൽ പുട്ടിനെതിരേയും രൂക്ഷ മുദ്രാവാക്യങ്ങൾ ഉയർന്നു. പൂടിനെ ജീവപര്യന്തം തടവിലടണമെന്നാണ് വയോധികരെ ശുശ്രൂഷിക്കുന്ന നഴ്‌സ് ഇംഗ്ലീഷിലും റഷ്യൻ ഭാഷയിലും ഉയർത്തിയ പ്ലക്കാർഡിലെ ആവശ്യം. പുട്ടിൻ അയൽപക്കത്താണെങ്കിലും ഞങ്ങളേയും ബാൾടിക് സ്റ്റേറ്റുകളേയും ഭയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുട്ടിൻ ഭ്രാന്തനാണെന്നും അയാൾ ബ്രിട്ടനിലും ഭീതി പരത്തുകയാണെന്നും ഇംഗ്ലീഷ് പട്ടണത്തിൽ നടത്തിയ രാസായുധ ആക്രമണം ചൂണ്ടിക്കാട്ടി അദ്ദേഹം കൂട്ടിച്ചേർത്തു. ഹെൽസിങ്കിയിലെ റഷ്യക്കാർ നോട്ടമിടുമെന്ന ഭയത്താൽ ഇയാൾ പേരു വെളിപ്പെടുത്തിയില്ല. ഹെൽസിങ്കിയിൽ ധാരാളം റഷ്യക്കാർ ജോലി നോക്കുന്നുണ്ട്.
രണ്ടു മാസമായി റഷ്യൻ ജയിലിൽ നിരാഹാര സമരം നടത്തുന്ന ഉക്രേനിയൻ സിനിമാ നിർമാതാവ് ഒലെഗ് സെൻസ്റ്റോവിനെ വിട്ടയക്കണമെന്നും പ്രകടനക്കാർ ആവശ്യം ഉന്നയിച്ചു. ഫലസ്തീൻ പതാകകളും പ്രകടനക്കാർ കൈയിലേന്തിയിരുന്നു.
എയർപോർട്ട് മുതൽ ഉച്ചകോടി വേദി വരെ മിസ്റ്റർ പ്രസിഡന്റ് , വെൽക്കം ടു ദ ലാൻഡ് ഓഫ് ഫ്രീ പ്രസ് എന്നെഴുതിയ 300 ലേറെ ബോർഡുകൾ ഫിൻലാൻഡിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള ദിനപത്രമായ ഹെൽസിങ്കിൻ സനോമാറ്റ് സ്ഥാപിച്ചിരുന്നു. ഹെൽസിങ്കി പ്രസിഡൻഷ്യൽ പാലസിൽ തിങ്കളാഴ്ച ട്രംപും പുട്ടിനും ചർച്ച നടത്തുമ്പോഴും വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് സംഘാടകർ പറഞ്ഞു.