കൊച്ചി- മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ ചിത്രം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ പ്രതിഷേധം. ഇതിന്റെ പേരില്‍ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും സഹിക്കും എന്ന കുറിപ്പ് സഹിതം ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു ചന്ദ്രന്‍ പ്രതിഷേധം അറിയിച്ചത്.
'സ്‌നേഹനിധിയായ ഉമ്മന്‍ ചാണ്ടി ലോകത്ത് നിന്ന് വിട പറഞ്ഞിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രമേയായിട്ടുള്ളൂ. എല്ലാ പാര്‍ട്ടിയിലുള്ളവരും അനുശോചനം അറിയിച്ചു. തനിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറയാന്‍ ഒരു കാരണവും അദ്ദേഹം ഉണ്ടാക്കിയിട്ടില്ല. ആ മനുഷ്യന് ദേഷ്യം വരാറുണ്ടോ എന്നുള്ളത് പോലും സംശയമാണ്. ശത്രുക്കളോട് പോലും ക്ഷമിക്കാറാണ് പതിവ്. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് ഞാന്‍ എങ്ങനെയാണ് പ്രതികരിക്കാതെ ഇരിക്കുക. ഒരു പക്ഷേ എല്ലാവരും പ്രതികരിച്ചിട്ടുണ്ട്. ഞാന്‍ എന്റെ ജീവന് തുല്യമായാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നത്. അദ്ദേഹത്തെ അവഹേളിച്ചത് വെറുതെ വിടാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കുകയില്ല. ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും സഹിക്കും. ജയിലില്‍ കിടക്കാനും തയ്യാറാണ്'- ബിന്ദു ചന്ദ്രന്റെ വാക്കുകള്‍.
കഴിഞ്ഞദിവസം രാത്രിയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ എത്തി വിനായകന്‍ കടുത്ത അധിക്ഷേപം നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി എന്നാണ് വിനായകന്‍ വിഡിയോയിലൂടെ ചോദിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനേയും താരം വിമര്‍ശിച്ചു.
'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത്, അതിന് ഞങ്ങള്‍ എന്ത് ചെയ്യണം, എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്. നിര്‍ത്ത് ഉമ്മന്‍ചാണ്ടി ചത്തുപോയി' - ഇതായിരുന്നു വിനായകന്റെ വാക്കുകള്‍.