ജിദ്ദ - ഊർജ സുരക്ഷയെയും ഭക്ഷ്യവിതരണ ശൃംഖലകളെയും ബാധിക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടൽ അനിവാര്യമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് പ്രഥമ ജി.സി.സി, മധ്യേഷ്യൻ ഉച്ചകോടിയിൽ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു കിരീടാവകാശി. ഗൾഫ് രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിൽ പ്രാചീനമായ ചരിത്രബന്ധങ്ങളാണുള്ളത്. ഈ ബന്ധത്തിന്റെ തുടർച്ചയാണ് ഉച്ചകോടി.
ഇതിലൂടെ ചരിത്രപരമായ പൈതൃകം, ശേഷികൾ, മാനവവിഭവശേഷി, സാമ്പത്തിക വളർച്ച എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ തുടക്കത്തിന്റെ നാന്ദി കുറിക്കുകയാണ്. ഗൾഫ്, മധ്യേഷ്യൻ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനം 2.3 ട്രില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. എല്ലാ മേഖലകളിലും സംയുക്ത സഹകരണത്തിന് ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.
നമ്മുടെ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാൻ നമ്മുടെ രാജ്യങ്ങൾ തമ്മിൽ സഹകരണം വർധിപ്പിക്കണം. രാജ്യങ്ങളുടെ പരമാധികാരങ്ങളും സ്വാതന്ത്ര്യങ്ങളും മൂല്യങ്ങളും മാനിക്കേണ്ടതും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കേണ്ടതും സംയുക്ത ശ്രമങ്ങൾ ഊർജിതമാക്കേണ്ടതും പ്രധാനമാണ്.
രാഷ്ട്രീയ-സുരക്ഷാ സംവാദം, സാമ്പത്തിക-നിക്ഷേപ സഹകരണം, ജനങ്ങൾ തമ്മിലെ ആശയവിനിമം ശക്തിപ്പെടുത്തൽ, ബിസിനസ് മേഖലകൾ തമ്മിൽ ഫലപ്രദമായ പങ്കാളിത്തം സ്ഥാപിക്കൽ എന്നിവ അടക്കം 2023-2027 കാലയളവിലേക്കുള്ള ജി.സി.സിയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സംയുക്ത കർമ പദ്ധതി അംഗീകരിച്ചതിനെ അഭിനന്ദിക്കുന്നു. കൂടുതൽ അടുത്ത സഹകരണത്തിന് മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും. 2030 വേൾഡ് എക്‌സ്‌പോക്ക് ആതിഥ്യം വഹിക്കാനുള്ള സൗദി അറേബ്യയുടെ നാമനിർദേശത്തെ പിന്തുണക്കുമെന്ന ഗൾഫ്, മധ്യേഷ്യൻ രാജ്യങ്ങളുടെ പ്രഖ്യാപനത്തെ വിലമതിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലെ ശക്തമായ ബന്ധവും, മേഖലയുടെ മികച്ച ഭാവിക്കു വേണ്ടിയുള്ള അഭിലാഷവുമാണ് ഈ പിന്തുണ പ്രതിഫലിപ്പിക്കുന്നതെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
മധ്യേഷ്യൻ രാജ്യങ്ങളെയും ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിച്ച് റെയിൽവെ നിർമിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കിർഗിസ്ഥാൻ പ്രസിഡന്റ് സാദിർ ജപറോവ് പറഞ്ഞു. മധ്യേഷ്യയിൽ ധാരാളം സാമ്പത്തിക അവസരങ്ങളുണ്ട്. ഗൾഫ് രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കാൻ പരസ്പര സന്ദർശനങ്ങൾ തുടരണമെന്നും സാദിർ ജപറോവ് പറഞ്ഞു.
ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി, നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്ത സൗദി സംഘത്തിൽ ഉൾപ്പെടുന്നു.
വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് തുർക്ക്‌മെനിസ്ഥാൻ പ്രസിഡന്റ് സർദാർ ബെർദി മുഹമ്മദോവ്, ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ്, കിർഗിസ്ഥാൻ പ്രസിഡന്റ് സാദിർ ജപറോവ്, താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമലി റഹ്‌മോൻ, കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം ജൊമാർത്ത് ടൊകയേവ് എന്നിവരുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തി.