മുസ്ലിം രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര, വ്യാപാര, ശാസ്ത്ര-സാങ്കേതിക, പരസ്പര സഹകരണ ബന്ധങ്ങൾ മുൻപെന്നത്തെക്കാളും കൂടുതൽ ശക്തവും ദൃഢവുമാണ്. ഇതിന്റെ ഫലമായി എല്ലാ തലങ്ങളിലുമുള്ള വളർച്ചയും പുരോഗതിയും ഇരുവിഭാഗങ്ങൾക്കും ഉണ്ടായിട്ടുണ്ട്. കേന്ദ്ര ഭരണത്തിനു നേതൃത്വം നൽകുന്ന ബി.ജെ.പിയും അനുകൂല സംഘ്പരിവാർ ശക്തികളും രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്തിനകത്ത് ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന സമീപനങ്ങൾ വിമർശന വിധേയമാണെങ്കിലും വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ അതു പ്രതിഫലിക്കാറില്ലെന്നു മാത്രമല്ല, കൂടുതൽ ഊടുംപാവും നൽകാനുള്ള പരിശ്രമങ്ങളാണ് നടത്തിവരുന്നത്.
ഇസ്‌ലാമിക രാഷ്ട്രങ്ങൾക്ക് മുൻപത്തേക്കാളും സവിശേഷമായ പരിഗണനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നൽകി വരുന്നത്. മുസ്‌ലിം രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര, വ്യാപാര, ശാസ്ത്ര-സാങ്കേതിക, പരസ്പര സഹകരണ ബന്ധങ്ങൾ മുൻെപന്നത്തെക്കാളും കൂടുതൽ ശക്തവും ദൃഢവുമാണ്. ഇതിന്റെ ഫലമായി എല്ലാ തലങ്ങളിലുമുള്ള വളർച്ചയും പുരോഗതിയും ഇരുവിഭാഗങ്ങൾക്കും ഉണ്ടായിട്ടുണ്ട്. കേന്ദ്ര ഭരണത്തിനു നേതൃത്വം നൽകുന്ന ബി.ജെ.പിയും അനുകൂല സംഘ്പരിവാർ ശക്തികളും രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്തിനകത്ത് ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന സമീപനങ്ങൾ വിമർശന വിധേയമാണെങ്കിലും വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ അതു പ്രതിഫലിക്കാറില്ലെന്നു മാത്രമല്ല, കൂടുതൽ ഊടുംപാവും നൽകാനുള്ള പരിശ്രമങ്ങളാണ് നടത്തിവരുന്നത്. അടുത്തിടെയുണ്ടായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഞ്ചാമത് യു.എ.ഇ സന്ദർശനവും മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറലും ഓർഗനൈസേഷൻ ഓഫ് മുസ്ലിം സ്‌കോളേഴ്സ് പ്രസിഡന്റുമായ ശൈഖ് ഡോ. മുഹമ്മദ് അൽഈസയുടെ ഇന്ത്യാ സന്ദർശനവും അതിനു തെളിവാണ്. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ ആദ്യ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി 27 വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരുന്നുവെങ്കിലും അതിൽ ഒരു മുസ്‌ലിം രാഷ്ട്രം പോലും ഉണ്ടായിരുന്നില്ല. ഇതിനെ രൂക്ഷമായ ഭാഷയിലാണ് നയതന്ത്ര വിദഗ്ധനും എം.പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ വിമർശിച്ചത്. എന്നാൽ മോഡി സർക്കാരിന്റെ മുസ്‌ലിം രാജ്യങ്ങളോടുള്ള ഇപ്പോഴത്തെ സമീപനം സവിശേഷതയാർന്നതാണെന്നും അതിൽ മോഡിയെ അഭിനന്ദിക്കുന്നതോടൊപ്പം താൻ നേരത്തെ ഉന്നയിച്ചിരുന്ന വിമർശനം പിൻവലിക്കുന്നതായും ശശി തരൂർ ഈയിടെ വെളിപ്പെടുത്തിയിരുന്നു. മുസ്‌ലിം രാഷ്ട്രങ്ങളുമായി നൂറ്റാണ്ടുകളുടെ സഹകരണ പാരമ്പര്യം ഇന്ത്യക്കുണ്ടെങ്കിലും അതു കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ കേന്ദ്ര സർക്കാരിനായിട്ടുണ്ടെന്നതിന്റെ സൂചന കൂടിയാണിത്.
കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോഗിക ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ റാബിത്വ സെക്രട്ടറി ജനറൽ ശൈഖ് ഡോ. മുഹമ്മദ് അൽഈസ ഒരാഴ്ചയോളം ഇന്ത്യയിൽ തങ്ങി വിവിധ പരിപാടികളിൽ പങ്കെടുത്താണ് മടങ്ങിയത്. ഔദ്യോഗിക തലത്തിലും അല്ലാതെയും വൻ വരവേൽപ്പാണ് അദ്ദേഹത്തിനു ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ദൽഹിയിൽ കൂടിക്കാഴ്ച നടത്തുകയും ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ ഇന്ത്യൻ ജനതയുടെ വൈവിധ്യം അടക്കം ഏതാനും വിഷയങ്ങൾ ഇരുവരും വിശകലനം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പുറമെ ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്റർ ദൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. മുഹമ്മദ് അൽഈസ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഇന്ത്യയിലെ വ്യത്യസ്ത മതനേതാക്കളുടെ സംഗമം കൂടിയായിരുന്നു അത്. പരസ്പര സ്നേഹത്തോടെയുള്ള ധാരണയും സഹവർത്തിത്വവും സഹകരണവും പ്രോത്സാഹിപ്പിക്കാനുള്ള ഉപകരണമായി മതബോധം മാറണമെന്നും വ്യത്യസ്ത നാഗരികതകളും സംസ്‌കാരങ്ങളും തമ്മിൽ പരസ്പര ധാരണയുടെയും സമാധനത്തിന്റെയും പാലം നിർമിക്കാനാണ് ഇസ്ലാം ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അജ്ഞത, അശുഭാപ്തിവിശ്വാസം, തീവ്രവാദം എന്നിവയുടെ സിദ്ധാന്തങ്ങളും സങ്കൽപങ്ങളും പോലെ, മാനവകുലത്തിന്റെ വൈവിധ്യം അപരനെ ഭയപ്പെടലോ അവനിൽനിന്ന് അകലം പാലിക്കലോ അവനോടുള്ള വെറുപ്പോ അല്ലെന്ന് വിശ്വാസികൾ മനസ്സിലാക്കണമെന്നും ശൈഖ് ഡോ. മുഹമ്മദ് അൽഈസ ഉണർത്തി. ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഡോ. അൽ ഈസയെ ആദരിച്ചുകൊണ്ട് ഹൃദയപൂർവമാണ് അദ്ദേഹത്തിന്റെ നിർദേശങ്ങളെ സ്വാഗതം ചെയ്തത്. സഹവർത്തിത്വത്തിന്റെയും പൊതുതാൽപര്യങ്ങളുടെയും കുടക്കീഴിലുള്ള സംവാദമാണ് ഭിന്നതകൾ നേരിടാനുള്ള ഏക മാർഗമെന്നും ഡോ. മുഹമ്മദ് അൽഈസയുടെ. നിർദേശങ്ങളോട് അനുകൂലമായി പ്രതികരിക്കാൻ ഇന്ത്യ തയാറാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കിയിരുന്നു.
സൗദി അറേബ്യ, യു.എ.ഇ അടക്കമുള്ള മുസ്‌ലിം രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണം അനുദിനം ശക്തിയാർജിക്കുകയാണ്. ഫ്രാൻസിലെ ഉച്ചകോടിക്കു ശേഷം ഏകദിന സന്ദർശനത്തിനായി ഇക്കഴിഞ്ഞ 15ന് യു.എ.ഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മൂന്നു സുപ്രധാന കരാറുകളിലാണ് ഒപ്പുവെച്ചത്. എട്ടു വർഷത്തിനിടെ മോഡിയുടെ അഞ്ചാമത് യു.എ.ഇ സന്ദർശനമായിരുന്നു. 2017ൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി ഷെയ്ഖ് സായിദ് അൽ നഹ്യാൻ പങ്കെടുത്തതോടെ ഇന്ത്യ-യു.എ.ഇ ബന്ധം ഒരു സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തപ്പെടുകയായിരുന്നു. 2022ൽ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വ്യാപാര ബന്ധം 85 ബില്യൺ ഡോളറായി ഉയർന്നതിലൂടെ 22-23 വർഷത്തെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായും ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമായി യു.എ.ഇ മാറി. കഴിഞ്ഞ വർഷം മെയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) പ്രാബല്യത്തിൽ വന്നതോടെ ഉഭയകക്ഷി വ്യാപാരം 15 ശതമാനമാണ് വളർന്നത്.
ഈ സന്ദർശന വേളയിൽ ഇരു നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചരിത്രപരമായ മൂന്നു ധാരണാ പത്രങ്ങളിലാണ് ഒപ്പുവെച്ചത്. ഇന്ത്യ യു.എ.ഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ പ്രാപ്തമാക്കുന്ന ലോക്കൽ കറൻസി സെറ്റിൽമെന്റ് (എൽ.സി.എസ് ) ധാരണാപത്രം ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇയും തമ്മിൽ ഒപ്പുവച്ചു. ഇത് ഇടപാട് ചെലവും സമയവും കുറയ്ക്കുകയും പ്രാദേശിക കറൻസികളെ ആശ്രയിക്കുന്നത് വർധിപ്പിക്കുകയും ചെയ്യും. ധാരണപ്രകാരം പരസ്പര ഉടമ്പടിയുടെ അടിസ്ഥാനത്തിൽ വ്യാപാരികൾക്ക് പേയ്മെന്റ് കറൻസി തെരഞ്ഞെടുക്കാം. ഇരുരാജ്യങ്ങളുടെയും ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങളായ യുപിഐയും ഐപിപിയും തമ്മിൽ ബന്ധിപ്പിക്കാനും ധാരണയായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ സെൻട്രൽ ബാങ്കും തമ്മിലുള്ള പേയ്മെന്റ്, സന്ദേശമയയ്ക്കൽ സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി സഹകരണം സംബന്ധിച്ച ധാരണാപത്രം കൈമാറുന്നതിനും ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു.
ദൽഹി ഐഐടിയുടെ ഓഫ് ക്യാമ്പസ് അബുദാബിയിൽ സ്ഥാപിക്കുന്നതാണ് മറ്റൊരു സുപ്രധാന കരാർ. ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയം, യു.എ.ഇയുടെ അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷൻ ആന്റ് നോളജ് (എ.ഡി.ഇ.കെ), ദൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി (ഐഐടി) എന്നിവ തമ്മിലുള്ള ത്രികക്ഷി ധാരണാ പത്രത്തിന്റെ പ്രാധാന്യവും ഇരു നേതാക്കളും ചർച്ച ചെയ്തു. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്കൻ (മെന) മേഖലയിൽ ആദ്യമായി സ്ഥാപിക്കുന്ന ഐഐടിയാണിത്. എനർജി ട്രാൻസിഷൻ ആന്റ് സസ്‌റ്റെയിനബിലിറ്റി മാസ്റ്റേഴ്‌സ് അടുത്ത വർഷം ജനുവരിയിൽ ഇവിടെ തുടങ്ങും. സുസ്ഥിര ഊർജം, കാലാവസ്ഥ പഠനം, കപ്യൂട്ടിംഗ് ഡാറ്റാ സയൻസ് എന്നീ മേഖലകളിൽ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പുറമെ മാറ്റ് ബാച്ചിലർ, മാസ്റ്റേഴ്‌സ്, പി.എച്ച്.ഡി തല പദ്ധതികൾ തുടർന്നും വാഗ്ദാനം ചെയ്യുന്നതാണ് കരാർ. എണ്ണ, വാതകം, പുനരുപയോഗ ഊർജം എന്നിങ്ങനെ ഊർജ മേഖലയിൽ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താനും തീരുമാനമായി. മിതത്വം, സഹവർത്തിത്വം, സഹിഷ്ണുത എന്നിവയുടെ മൂല്യങ്ങൾ പ്രോൽസാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും എടുത്തു പറഞ്ഞു. ഇന്ത്യൻ വ്യാപാര മേഖലക്കും വിദ്യാഭ്യാസ മേഖലക്കുമെല്ലാം ഗുണകരമായ തീരുമാനങ്ങളുണ്ടായെങ്കിലും സാധാരണക്കാരായ പ്രവാസികളെ സംബന്ധിക്കുന്ന യാത്രാ പ്രശ്‌നം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നും ഇല്ലാതെ പോയത് നിരാശ പകരുന്നതായി.