Sorry, you need to enable JavaScript to visit this website.

വിശ്രമമറിയാത്ത ജനനായകന് വിട; കണ്ഠമിടറി, കണ്ണീരണിഞ്ഞ് കേരളം...

(പുതുപ്പള്ളി) കോട്ടയം - വിശ്രമമറിയാത്ത കേരളത്തിന്റെ പ്രിയങ്കരനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന നാട്ടുകാരുടെ പ്രിയ കുഞ്ഞൂഞ്ഞിന് വിട. കാലവും സമയവും നോക്കാതെ എല്ലാവരുടെയും ദുരിതവും പ്രയാസവും തീർക്കാൻ കണ്ണും മനസ്സും ഹൃദയവും പകുത്തുനൽകി, ജനഹൃദയങ്ങളിൽ കുടിയേറിയ ജനനായകന് ജനലക്ഷങ്ങളുടെ വിട. 
 കാത്തിരിപ്പിന്റെ മുഷിപ്പോ വയറിലെ വിശപ്പോ പ്രതികൂല കാലാവസ്ഥയോ ഒന്നും ആർക്കും വിഷയമല്ല. അതേ, തങ്ങളെ തനിച്ചാക്കി വിട്ടുപോയ വലിയൊരു ആൾക്കൂട്ടത്തിന്റെ വിലാപമാണ്, സ്‌നേഹവായ്പുകളാണ് ഉമ്മൻചാണ്ടിയെ കാണാൻ ഒഴുകിയെത്തിയ ജനലക്ഷങ്ങൾ.... 
 ഒരു ഭരണകർത്താവ് എങ്ങനെയാവണമെന്ന് അദ്ദേഹം തുറന്നുകാട്ടിയോ, അതേ നേതാവിനെ അതേ വികാരത്തിൽ ഒട്ടും കുറയാതെ, കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനം നെഞ്ചോട് ചേർത്ത കാഴ്ചകൾ...ആർക്കും എപ്പോഴും ഒരു ശിപാർശയുമില്ലാതെ കയറിച്ചെല്ലാവുന്ന നേതാവ്. ഓർക്കാനൊരുപാട് കാര്യങ്ങൾ...പറയാൻ അതിനേക്കാൾ വലിയ അനുഭവങ്ങൾ...പോയത് എല്ലാവരുടെയും വീട്ടിലെ ഒരാൾ....പാർട്ടിക്കാർക്കും അല്ലാത്തവർക്കുമെല്ലാം ഒരു ജനനേതാവിനെ തോന്നി തുടങ്ങുന്നിടത്താണ് ആ നേതാവിന്റെ മഹത്വം. അങ്ങനെയൊരു കുഞ്ഞൂഞ്ഞ്...ചിറക് നഷ്ടപ്പെട്ട വേദനയാണ് ആ മുഖം അവസാനമായി കാണാനെത്തിയവർക്കെല്ലാം പറയാനുള്ളത്. ചെറിയ കുട്ടികൾ മുതൽ വീട്ടമ്മമാർക്കും കാരണവന്മാർക്കും മുതിർന്ന നേതാക്കൾക്കു വരെയും വലിയൊരു തണൽ, രക്ഷാസൗധം നഷ്ടമായിരിക്കുന്നു. 
 സഹായാഭ്യർത്ഥനയുമായി തന്നെ സമീപിച്ചവരെയൊന്നും നിരാശനാക്കാത്ത ഒരു ജനകീയ നേതാവ്. സങ്കടക്കടലായി ജനം പരന്നൊഴുകിയ മണിക്കൂറുകളാണ് കഴിഞ്ഞുപോയത്. ഭരണസിരാകേന്ദ്രമായ അനന്തപുരിയിലെ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ തുടങ്ങിയ വിലാപയാത്ര മഹാജനസമുദ്രം താണ്ഡി 23 മണിക്കുറെടുത്താണ് സ്വന്തം ജില്ലയായ കോട്ടയത്തെത്തിയത്. 150 കിലോമീറ്റർ കടന്നതാവട്ടെ 28 മണിക്കൂർ എടുത്ത്. അർധരാത്രിയിലും കാത്തിരിപ്പിന് അറുതി കൊടുക്കാതെ, കാറ്റും മഴയുമൊന്നും വകവെക്കാതെ, മെഴുകുതിരി വെട്ടവുമായും എമർജൻസി ലാമ്പുകളും മൊബൈൽ വെളിച്ചവുമായി വഴിയോരങ്ങളിലെല്ലാം കാത്തുനിന്ന ജനത. ഒരു നാടും ജനസമൂഹവും ഒരു ജനനേതാവിനെ എത്രമാത്രം ഹൃദയങ്ങളിൽ സ്ഥാനം നൽകിയിരുന്നുവെന്നതിന്റെ നേർസാക്ഷ്യമായിരുന്നു വിയോഗവാർത്ത കേട്ടത് മുതലുള്ള ഓരോ നിമിഷവും. 
 ജനലക്ഷങ്ങളിൽ വേർപാടിന്റെ കണ്ണുനീർ പരത്തി അന്ത്യനിദ്രയിലാണ്ട പ്രിയ നേതാവിനെ ഒരു നോക്ക് കാണാനും പ്രാർത്ഥിക്കാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും സ്ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനലക്ഷങ്ങളാണ് കുഞ്ഞുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷിയാകാൻ ഒഴുകിയെത്തിയത്. അദ്ദേഹവുമായി ഇടപഴകിയവർക്കൊന്നും കണ്ഠമിടറാതെ വാക്കുകൾ മുഴുമിപ്പിക്കാനാകാത്ത സ്ഥിതിയാണ്. ഒരു ജനനേതാവ് ഒരു നാടിന് നൽകിയ കരുതൽ, അതേ ആ സ്‌നേഹക്കടലാണിവിടെ ഓളം തീർക്കുന്നത്. അണമുറിയാത്ത ജനപ്രവാഹം. പ്രതികൂല കാലാവസ്ഥയിലും അലതല്ലുന്ന സ്‌നേഹവായ്പുകളുമായി വലിയൊരു ജനസഞ്ചയം നിറമിഴികളോടെ യാത്ര നേരുന്നു. സ്‌നേഹവും സഹിഷ്ണുതയും കരുതലും മനുഷ്യത്വവും മുഖമുദ്രയാക്കിയ ഒരു ജനകീയ നേതാവിനുള്ള നിറഞ്ഞ അംഗീകാരം...തങ്ങളെ, ഈ നാടിനെ ഈ ജനനേതാവ് എങ്ങനെയാണോ നോക്കിയത്, അതിന്റെ പതിന്മടങ്ങ് വികാര വായ്പുകളോടെയാണ് ജനലക്ഷങ്ങൾ യാത്രയാക്കുന്നത്. വൈകാരികമായ ആ നിമിഷങ്ങൾ കണ്ടും കേട്ടും ജീവന്റെ ജീവനായി നെഞ്ചേറ്റുകയാണിവർ... കണ്ണേ, കരളേ കുഞ്ഞൂഞ്ഞേ...ഇല്ലാ ഇല്ല മരിക്കുന്നില്ല...മുദ്രാവാക്യങ്ങളും പ്രാർത്ഥനകളും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. കരച്ചിലടങ്ങാതെ, കണ്ണുതുറന്ന് തേങ്ങുകയാണ് കേരളം. കരഞ്ഞുകലങ്ങിയ കണ്ണുകൾ സാക്ഷിയാക്കി, വിശ്രമമമറിയാത്ത ജനനേതാവിന് ഇനി അന്ത്യവിശ്രമം. എന്തായാലും രാത്രിയാവാതെ സംസ്‌കാര ചടങ്ങുകൾ തുടങ്ങാനാവില്ല. അന്ത്യകർമങ്ങൾ എപ്പോൾ കഴിയുമെന്ന് പറയാനാകാത്തവിധം ജനമഹാസമുദ്രമാണ് പുതുപ്പള്ളിയിൽ ഇപ്പോഴും ആർത്തലയ്ക്കുന്നത്.

Latest News