തിരുവനന്തപുരം - കേരളത്തില്‍ താമസിക്കാന്‍ സുപ്രീം കോടതിയുടെ അനുവാദം ലഭിച്ചതിനെ തുടര്‍ന്ന് അബ്ദുന്നാസര്‍ മഅ്ദനി തിരുവനന്തപുരത്തെത്തി. ബെംഗളുരുവില്‍ നിന്നുള്ള വിമാനത്തിലാണ് തിരുവനന്തപുരത്തിറങ്ങിയത്. അവിടെ നിന്ന് കാര്‍ മാര്‍ഗം അന്‍വാര്‍ശ്ശേരിക്ക് പോകും. സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം വിചാരണക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണക്കോടതിയുടെ അനുമതിയും ലഭിച്ചതോടെയാണ് ഇന്ന് കേരളചത്തിലെത്താനായത്. ബാപ്പയെ കാണുകയും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുകയെന്നതിനാണ് അദ്യ പരിഗണന. അതിന് ശേഷം മാത്രമേ ചികിത്സയുടെ കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂവെന്നാണ് മഅ്ദനിയുടെ കുടുബം പറയുന്നത്. കഴിഞ്ഞ ദിവസമാണ് മഅ്ദനിക്ക് സ്വന്തം നാടായ കൊല്ലത്തേക്ക് പോകാന്‍ സുപ്രീം കോടതി അനുവാദം നല്‍കിയത്. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് വ്യവസ്ഥ. പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ച ശേഷം ചികിത്സയ്ക്കും മറ്റുമായി കൊല്ലം ജില്ല വിട്ടു പോകാനും അനുവാദമുണ്ട്. വിചാരണക്കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.