അസീർ- അബഹയിൽ വാഹനപകടത്തിൽ മരിച്ച കോഴിക്കോട് കൊടിയത്തൂർ ചെറുവാടി വേണായിക്കോട്ട് ആലിക്കുട്ടിയുടെ മകൻ ഹാരിസിന്റെ മയ്യിത്ത് നാട്ടിലെത്തിച്ച് മറവു ചെയ്തു. ബുധനാഴ്ച രാവിലെ 10 മണിക്ക് കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ച മൃതദേഹം വൈകിട്ട് അഞ്ചുമണിയോടെ ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ ഖബറടക്കി.
അബഹയിൽ നിന്നും റിജാൽ അൽമയിലേയ്ക്കുള്ള യാത്രക്കിടയിൽ ഹാരിസും കൂടെ ജോലി ചെയ്യുന്ന മലയാളികളായ മറ്റ് രണ്ട് സുഹൃത്തുക്കളുമാണ് വാഹനാപകടത്തിൽ പെട്ടത്. ഖാലിദിയ്യ ജംഇയ്യത്തുൽ മനാസിലിൽ ജോലി ചെയ്യുന്ന ഹാരിസും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടാണ് അപകടം. ഹാരിസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിന്ന ആക്കോട് സ്വദേശി ഫജർ, മുക്കം സ്വദേശി മുജീബ് എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്ന് പേരും ഒരേ കമ്പനി ജീവനക്കാരാണ്. ഗുരുതര പരിക്ക് പറ്റിയ ഫജറിനെ തുടർ ചികിത്സക്കായി അബഹയിലെ അസീർ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഒൻപത് മണിക്കൂർ നീണ്ടുനിൽക്കുന്ന ഒപ്പറേഷൻ ഇന്നലെ പുർത്തിയായി.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി അസീർ കെ. എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി, അമീർ കോട്ടക്കൽ, നസീർ കണ്ടങ്ങൾ, ആംബുലൻസ് തന്ന് സഹായിച്ച മൈ കെയർ ഹോസ്പിറ്റൽ മാനേജ്‌മെന്റ്, എന്നിവരെ ഹാരിസിന്റെ കുടുംബം നന്ദി അറിയിച്ചു.
മുൻ പ്രവാസിയായിരുന്ന ഹാരിസ് പ്രവാസം അവസാനാപ്പിച്ച് നാട്ടിൽ പോയെങ്കിലും ആറ് മാസം മുൻപ് മറ്റൊരു വിസയിൽ സൗദിയിൽ എത്തുകയായിരുന്നു. സഹോദരങ്ങളായ അമീറുദ്ദീൻ, ശംസുദ്ദീൻ, നിസാർ അഹമ്മദ് എന്നിവർ അസീറിലെ വിവിധ ഇടങ്ങളിൽ ജോലി ചെയ്യുന്നു. മറ്റൊരു സഹോദരൻ ഖാദർ ദമ്മാമിൽ നിന്നും എത്തിയിട്ടുണ്ട്. ഭാര്യ ഫസീഹ, മക്കൾ മുഹമ്മദ് സയ്യാൻ(5) ആയിശ നഹറ(2) മാതാവ് ആയിശുമ്മ.