ജിദ്ദ - ഗൾഫ്, മധ്യേഷ്യൻ ഉച്ചകോടിയിലും പതിനെട്ടാമത് ഗൾഫ് കൂടിയാലോചനാ യോഗത്തിലും പങ്കെടുക്കാൻ എത്തിയ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമിന്റെ വിമാനത്തിൽ യു.എ.ഇ പതാകക്കൊപ്പം സൗദി പതാകയും ഉയർത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും സുദൃഢവുമായ ചിരകാല ബന്ധത്തിന്റെ നേർസാക്ഷ്യമായി. മക്ക ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി, ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി, മക്ക പ്രവിശ്യ പോലീസ് മേധാവി മേജർ ജനറൽ സ്വാലിഹ് അൽജാബിരി, യു.എ.ഇയിലെ സൗദി അംബാസഡർ തുർക്കി അൽദഖീൽ, റോയൽ പ്രോട്ടോകോൾ അണ്ടർ സെക്രട്ടറി ഫഹദ് അൽസുഹൈൽ എന്നിവർ ചേർന്ന് ശൈഖ് മുഹമ്മദിനെ ജിദ്ദ വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അടക്കമുള്ള ഗൾഫ് ഭരണാധികാരികളും നേതാക്കളും മധ്യേഷ്യൻ രാഷ്ട്ര നേതാക്കളും നേരത്തെ ജിദ്ദയിലെത്തിയിരുന്നു.