ആലപ്പുഴ- കായംകുളത്ത് ഡി വൈ എഫ് ഐ പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിന് പിന്നിൽ ആർ എസ് എസ്, ബി ജെ പി ബന്ധമുള്ള ലഹരി, കഞ്ചാവ് ക്വട്ടേഷൻ സംഘമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊല്ലപ്പെട്ട അമ്പാടിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം സി പി എം കായംകുളം ഏരിയാ കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്റ്റഡിയിലുള്ളവർ ആർ എസ് എസ് ക്രിമിനൽ സംഘങ്ങളാണ്. കരുതിക്കൂട്ടി ഗൂഢാലോചന നടത്തിയാണ് 21 വയസുള്ള അമ്പാടിയെ കൊലപ്പെടുത്തിയത്.
ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതുകൊണ്ടാണ് ആർ എസ് എസ് കൊല നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് കായംകുളം പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ്, ശകുന്തള ദമ്പതികളുടെ മകൻ അമ്പാടി (21) വെട്ടേറ്റു മരിച്ചത്. ഓച്ചിറ കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ അമ്പാടിയുടെ കഴുത്തിനും കൈക്കും വെട്ടേറ്റു. കഴുത്തിനേറ്റ വെട്ടാണു മരണകാരണം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. അതേസമയം ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരെ കായംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട അമ്പാടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.