റിയാദ് - കരാർ, നിർമാണ മേഖലയിലെ കടുത്ത മാന്ദ്യം മൂലം 50 ശതമാനത്തോളം കോൺട്രാക്ടിംഗ് കമ്പനികൾ തൊഴിലാളികൾക്ക് വേതനം നൽകാൻ സാധിക്കാതെ പ്രതിസന്ധിയിലാണെന്ന് കോൺട്രാക്ടിംഗ് മേഖലാ വൃത്തങ്ങൾ പറഞ്ഞു. ഗവൺമെന്റ് സ്വീകരിച്ച ചെലവു ചുരുക്കൽ നടപടികളുടെ ഫലമായി 2016 ലാണ് കരാർ മേഖലയിൽ മാന്ദ്യം ആരംഭിച്ചത്. സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന കോൺട്രാക്ടിംഗ് കമ്പനികൾക്കുള്ള വിഹിതം കൃത്യസമയത്ത് വിതരണം ചെയ്യുന്നത് മുടങ്ങിയതും കരാർ കമ്പനികളെ ബാധിച്ചു.
കോൺട്രാക്ടിംഗ് മേഖലയിൽ 35 ലക്ഷത്തോളം വിദേശികൾ ജോലി ചെയ്യുന്നുണ്ട്. മാസങ്ങളായി വേതനം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി 2016 ൽ വൻകിട കരാർ കമ്പനിയിലെ 31,000 തൊഴിലാളികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. തൊഴിൽ കേസുകളിൽ ലേബർ കോടതികൾ വിധികൾ പ്രസ്താവിച്ചിട്ടും നിയമത്തിലെ വിള്ളലുകൾ മൂലം പതിനൊന്നു മാസമായി തങ്ങൾക്ക് വേതന കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്ന് കോൺട്രാക്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മൂന്നു പേർ പറഞ്ഞു. ഏഴു വർഷം മുമ്പാണ് വൻകിട കോൺട്രാക്ടിംഗ് കമ്പനിയിൽ 1600 റിയാൽ മുതൽ 2000 റിയാൽ വരെ വേതനത്തിന് തങ്ങൾ ജോലിയിൽ പ്രവേശിച്ചത്. താമസവും ഭക്ഷണവും വഹിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. 2016 ആദ്യം വരെ കരാർ പ്രകാരമുള്ള വേതനം കമ്പനിയിൽ നിന്ന് ലഭിച്ചു. ആ വർഷം മധ്യത്തിൽ വേതന വിതരണം മുടങ്ങി. ജിദ്ദയിൽ നിന്ന് 35 കിലോമീറ്റർ ദൂരെ കമ്പനിക്കു കീഴിലെ പദ്ധതി സ്ഥലത്ത് ജോലി ചെയ്തിരുന്ന മുഴുവൻ തൊഴിലാളികൾക്കും വേതന വിതരണം മുടങ്ങി. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ലേബർ കോടതിക്ക് തങ്ങൾ 150 ലേറെ തൊഴിലാളികൾ പരാതി നൽകി. ഒമ്പതു മുതൽ പതിമൂന്നു മാസം വരെയുള്ള വേതന കുടിശ്ശികയും ആനുകൂല്യങ്ങളും ഓവർടൈം ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്ന് ലേബർ കോടതി വിധിച്ചു. എന്നാൽ നിയമത്തിലെ വിള്ളലുകൾ മുതലെടുത്ത് ഈ വിധികൾ കമ്പനി ഇതുവരെ പാലിച്ചിട്ടില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
തൊഴിൽ കേസുകളിൽ അനുരഞ്ജന പരിഹാരത്തിനാണ് ആദ്യം ശ്രമിക്കുകയെന്ന് തൊഴിൽ കേസ് വിദഗ്ധൻ മഹ്മൂദ് അൽരിഫാഇ പറഞ്ഞു. കേസുകൾക്ക് അനുരഞ്ജന പരിഹാരം കാണുന്നതിന് ഒരാഴ്ചയാണ് അനുവദിക്കുക. ഇതിനകം കേസിൽ രമ്യമായ പരിഹാരമുണ്ടായില്ലെങ്കിൽ കേസുകൾ ലേബർ കോടതികൾക്ക് കൈമാറും. കേസുകളുടെ സ്വഭാവമനുസരിച്ച് പ്രാഥമിക വിധികളും അന്തിമ വിധികളും പുറപ്പെടുവിക്കുന്നതിന് ലേബർ കോടതികൾക്ക് അധികാരമുണ്ട്. പ്രാഥമിക വിധികൾക്കെതിരെ പത്തു ദിവസത്തിനകം മേൽകോടതിയിൽ അപ്പീൽ പോകാവുന്നതാണ്. തൊഴിൽ കേസുകളിൽ വിധികൾ വരുന്നതിന് ആറു മാസം മുതൽ ഒരു വർഷം വരെയെടുക്കും. ചില കേസുകളിൽ വിചാരണ പൂർത്തിയാക്കുന്നതിന് ഒരു വർഷത്തിലേറെയും എടുക്കും.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് തൊഴിൽ നിയമം ഊന്നൽ നൽകുന്നുണ്ടെങ്കിലും നിയമങ്ങളിലെ വിള്ളലുകൾ കേസുകൾ നീട്ടിക്കൊണ്ടുപോകുന്നതിന് ചില കമ്പനികളും സ്ഥാപനങ്ങളും മുതലെടുക്കുകയാണ്. കേസുകൾ പുനഃപരിശോധിക്കണമെന്ന് അപേക്ഷിച്ച് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ തൊഴിലുടമകൾ ഹരജികൾ നൽകുന്ന പക്ഷം കേസുകൾ എൻഫോഴ്‌മെന്റ് കോടതികൾ സുപ്രീം ലേബർ കോടതിയിലേക്കു തന്നെ തിരിച്ചയക്കും. നിലവിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ തൊഴിൽ തകർക്ക പരിഹാര സമിതികളാണ് ലേബർ കോടതികളെ പോലെ പ്രവർത്തിക്കുന്നത്. നീതിന്യായ മന്ത്രാലയത്തിൽ ലേബർ കോടതികൾ സ്ഥാപിക്കുന്നത് കേസ് വിചാരണ വേഗത്തിലാക്കുന്നതിന് സഹായിക്കുമെന്നും മഹ്മൂദ് അൽരിഫാഇ പറഞ്ഞു.
കോൺട്രാക്ടിംഗ് മേഖയിൽ 1,40,000 കമ്പനികളും സ്ഥാപനങ്ങളുമാണുള്ളതെന്ന് സാമ്പത്തിക വിദഗ്ധൻ അബ്ദുല്ല അൽമഗ്‌ലൂത്ത് പറഞ്ഞു. ഇതിൽ 90,000 വും ചെറുകിട കമ്പനികളാണ്. 2015 കോൺട്രാക്ടിംഗ് കമ്പനികളുടെ ആകെ നിക്ഷേപം 30,000 കോടി റിയാലായിരുന്നു. 2004 മുതൽ 2010 വരെയുള്ള കാലത്ത് 1,10,000 കോടി റിയാലിന്റെ പദ്ധതികൾ സർക്കാർ നടപ്പാക്കിയിരുന്നു.
ഗവൺമെന്റ് പദ്ധതികൾ കുറഞ്ഞതു മൂലം നിലവിൽ 50 ശതമാനം കരാർ കമ്പനികൾ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് വേതനം നൽകുന്നതിന് സാധിക്കാതെ പ്രതിസന്ധിയിലാണെന്ന് അബ്ദുല്ല അൽമഗ്‌ലൂത്ത് പറഞ്ഞു. നിലവിൽ കരാർ മേഖലയിൽ നിലനിൽക്കുന്ന മാന്ദ്യത്തിനിടെ തൊഴിലാളികളുടെ അവകാശങ്ങൾ പാലിക്കുക കരാർ കമ്പനികളെ സംബന്ധിച്ചേടത്തോളം ദുഷ്‌കരമാണെന്ന് സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റി പ്രസിഡന്റ് ഉസാമ അൽഅഫാലിഖ് പറഞ്ഞു. കരാർ മേഖലയിൽ 40 ലക്ഷത്തോളം തൊഴിലാളികളുണ്ട്. ഇവരിൽ സൗദികൾ 12 ശതമാനമാണെന്നും ഉസാമ അൽഅഫാലിഖ് പറഞ്ഞു.